'വലിയ താരമൊന്നുമല്ലല്ലോ... സിനിമ തെരഞ്ഞെടുക്കാൻ...! അങ്ങനെ ചെയ്താൽ വീട്ടിലിരിക്കും'; അനൂപ് മേനോൻ
ആദ്യം അവതാരകൻ പിന്നീട് സീരിയലുകളിൽ നായകൻ കൂടാതെ സിനിമാ അഭിനയവും എഴുത്തും സംവിധാനവും. അനൂപ് മേനോൻ എന്ന പേര് ഇരുപത് വർഷമായി മലയാളികൾ കേൾക്കുന്നതാണ്. അവതാരകനായി ചാനലുകളിൽ കരിയർ തുടങ്ങിയ ശേഷമാണ് സീരിലുകളിൽ അനൂപ് അഭിനയിച്ച് തുടങ്ങിയത്. സ്വപ്നം, മേഘം, ശമനതാളം എന്നീ പരമ്പരകളിലാണ് അനൂപ് മേനോൻ ആദ്യം അഭിനയിച്ചത്. പിന്നീട് കാട്ടുചെമ്പകം എന്ന സിനിമയിൽ നായകനായി. ജയസൂര്യയായിരുന്നു അനൂപ് മേനോന് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ വലിയ പരാജയമായിരുന്നു. ശേഷം രഞ്ജിത്തിന്റെ കൈയ്യൊപ്പിൽ അഭിനയിച്ചു. രഞ്ജിത്തിന്റെ തിരക്കഥയാണ് അനൂപിന്റെ ജീവിതത്തിലെ വഴിത്തിരിവായ മറ്റൊരു സിനിമ.
Also Read: 'ഈശ്വരന്റെ ഒരു കുസൃതിയാണ്, സ്ട്രോക്കാണോയെന്ന് ഭയന്നു', മുഖം വികൃതമായതിനെ കുറിച്ച് നടൻ മനോജ് കുമാർ
രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടാനും അനൂപ് മേനോന് സാധിച്ചു. ഇരുപത് വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന അനൂപ് മേനോൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ആ യാത്രയിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. സീരിയലിൽ നിന്ന് സിനിമയിലേക്ക് എത്തിയ നടൻ എന്നതിവനാൽ പലരും തന്നെ അഭിനയിപ്പിക്കാൻ മടി കാണിച്ചിട്ടുണ്ടെന്നാണ് അനൂപ് മേനോൻ പറയുന്നത്. സീരിയൽ നടൻ നായകനാകുമ്പോൾ ആ സിനിമ വിജയം നേടുക എന്നത് പ്രാവർത്തികമായ ഒരു കാര്യമായി സിനിമാ മേഖലയിലെ ആരും വിശ്വസിക്കുന്നില്ലെന്നാണ് അനൂപ് മേനോൻ പറയുന്നത്.
Also Read: സേതുരാമയ്യരുടെ വലംകൈയ്യായി അഞ്ചാം വരവിലും 'വിക്രം' ഒപ്പമുണ്ടാകും

തിരക്കഥ എന്ന സിനിമയിലേക്ക് തന്നെ നായകനാക്കാൻ തീരുമാനിക്കുമ്പോഴും അങ്ങനെ ഒരു ചർച്ച നടന്നിരുന്നുവെന്നും അനൂപ് മേനോൻ പറയുന്നു. 'സീരിയൽ നടൻ സിനിമയിലേക്ക് എത്തി നായകനാകുക എന്നത് വലിയ പ്രായസമുള്ള ഒന്നാണ്. ഞാൻ വളരെ വർഷങ്ങൾ എടുത്താണ് സീരിയൽ നടൻ എന്നതിൽ നിന്നും മാറിയത്. തിരക്കഥ സിനിമയുടെ വർക്കുകൾ പുരോഗമിക്കുമ്പോൾ ആദ്യം നായകനാക്കാൻ എല്ലാവരും തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. പിന്നീട് അത് കറങ്ങി തിരിഞ്ഞ് എന്നിലെത്തിയതാണ്. ഞാൻ അന്ന് സീരിയൽ നടൻ നായകനായാൽ ശരിയാകുമോ എന്ന ആശങ്ക രഞ്ജിത്തേട്ടൻ അടക്കമുള്ള അണിയറപ്രവർത്തകരോട് പങ്കുവെച്ചിരുന്നു. അന്ന് അണിയറപ്രവർത്തകർ നൽകിയ ധൈര്യത്തിന്റെ പുറത്താണ് നായകനായത്' അനൂപ് മേനോൻ പറയുന്നു. സിനിമാ-സീരിയൽ മേഖലയിൽ ഇരുപത് വർഷമായെങ്കിലും നമ്മുടെ മലയാളത്തിലെ പ്രമുഖർക്കൊപ്പമൊന്നും തനിക്ക് പ്രവർത്തിക്കാൻ സാധിച്ചിട്ടില്ലെന്നും അനൂപ് മേനോൻ പറയുന്നു.

പുതിയ ആളുകൾക്കൊപ്പം സിനിമ ചെയ്യുന്നത് അവർ കഥ പറയാൻ വരുമ്പോൾ കാണിക്കുന്ന ധൈര്യവും അവരുടെ വർക്കിനോടുള്ള താൽപര്യവും കഥയും കണ്ടിട്ടാണെന്നും തനിക്ക് പലരും അവസരം നൽകിയിട്ടില്ലെന്നും എന്നാൽ തന്റെടുത്ത് അവസരം ചോദിച്ച് വരുന്നവരെ തിരികെ പറഞ്ഞയക്കാൻ തോന്നാറില്ലെന്നും അവരെ സഹായിക്കണമെന്നേ ചിന്തിക്കാറുള്ളൂവെന്നും അനൂപ് മേനോൻ പറയുന്നു. സിനിമയിൽ എത്തിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമ തെരഞ്ഞെടുത്ത് ചെയ്യാൻ സാധിക്കാറില്ലെന്നും അനൂപ് മേനോൻ പറയുന്നു. സൂപ്പർസ്റ്റാറൊന്നും അല്ലാത്ത നടന് സിനിമകൾ തെരഞ്ഞെടുത്ത് ചെയ്യുക എന്നത് വളരെ പ്രയാസകരമായ ഒന്നാണെന്നും അങ്ങനെ ചെയ്താൽ പണിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും അനൂപ് മേനോൻ പറയുന്നു. കിട്ടുന്നതിൽ നല്ലത് എന്ന് മാത്രമെ ചിന്തിക്കാറുള്ളൂവെന്നും അനൂപ് പറയുന്നു.
Recommended Video

സിനിമ കാണുന്നതിനേക്കാൾ ഒരു സിനിമ എടുക്കുന്നതിലാണ് താൻ സംതൃപ്തി കണ്ടെത്തുന്നതെന്നും അനൂപ് മേനോൻ പറയുന്നു. ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ആളാണ് താനെന്നും പലപ്പോഴും മടിച്ചാണ് ഇത്തരം രംഗങ്ങൾ ചെയ്യാൻ പോകുന്നതെന്നും അനൂപ് മേനോൻ പറയുന്നു. സിനിമയുടെ വിജയമെന്നത് ജനങ്ങളുടെ കൈയ്യിലിരിക്കുന്ന കാര്യമാണെന്നും എന്നാൽ അതിനെ നന്നായി ചെയ്ത് എടുക്കുക എന്നതാണ് താൻ ആസ്വദിക്കുന്നതെന്നും അനൂപ് മേനോൻ പറയുന്നു. സിനിമയിലേക്ക് വരുന്നതിന് അച്ഛനും അമ്മയ്ക്കും എതിർപ്പില്ലായിരുന്നുവെങ്കിലും ബന്ധുക്കളുടെ ശല്യപ്പടുത്തലുകൾ അവരെ ആശങ്കയിലാക്കിയിരുന്നുവെന്നും എന്നാൽ ഇന്ന് താൻ എത്തി നിൽക്കുന്ന സ്ഥലം അവരെ സന്തോഷപ്പെടുത്തുന്നുണ്ടെന്നും അനൂപ് മേനോൻ പറയുന്നു. വിധി, വരാൽ, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളാണ് ഇനി അനൂപ് മേനോന്റെതായി റിലീസിനെത്താനുള്ള സിനിമകൾ.


Click it and Unblock the Notifications