വെടിവച്ചിട്ടും രക്ഷപ്പെടാനായില്ല; നടന്‍ ഷാന്റോ ഖാനേയും പിതാവിനേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു
ബംഗ്ലാദേശില്‍ നടന്‍ ഷാന്റോ ഖാനേയും പിതാവ് സലിം ഖാനേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആഭ്യന്തര കലാപം രൂക്ഷമായി മാറിയിരിക്കുന്ന ബംഗ്ലാദേശില്‍ പ്രക്ഷോഭകാരികളുടെ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു ഷാന്റോ ഖാനും പിതാവും കൊല്ലപ്പെടുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ രാജ്യത്തു നിന്നും പലായനം ചെയ്യാന്‍ ശ്രമിക്കവെ ചാന്ദ്പൂരില്‍ വച്ചായിരുന്നു ഇരുവരും ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളാകുന്നത്.
ആള്‍ക്കൂട്ടം താരത്തേയും പിതാവിനേയും തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം മര്‍ദ്ദത്തിലേക്ക് വഴി മാറി. ഇതിനിടെ ഷാന്റോയും പിതാവും വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ആള്‍ക്കൂട്ടം ഇരുവരേയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശി മാധ്യമമായ ദി ഡെയ്‌ലി സ്റ്റാര്‍ ആണ് താരത്തിനുണ്ടായ ദാരുണാന്ത്യം സംഭവിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഷാന്റോയുടെ മരണ വാര്‍ത്ത കൊല്‍ക്കത്ത ഫിലിം ഇന്‍ഡസ്ട്രിയേയും ഞെട്ടിച്ചിരിക്കുകയാണ്. ഷാന്റോ ഖാനൊപ്പം അഭിനയിച്ചിട്ടുള്ള കൊല്‍ക്കത്തക്കാരായുള്ള താരങ്ങള്‍ മരണത്തില്‍ ദുഖം അറിയിച്ചിട്ടുണ്ട്. അതേസമയം മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ആരും തന്നെ തയ്യാറായിട്ടില്ല. ബംഗ്ലാദേശില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
2019 ല്‍ പുറത്തിറങ്ങിയ പ്രേം ചോര്‍ എന്ന സിനിമയിലൂടെയായിരുന്നു ഷാന്റോ ഖാന്റെ അരങ്ങേറ്റം. പിന്നീട് പിയാ രേ, ബുബുജാന്‍, അന്തോ നഗര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മോഡലിംഗിലൂടെയാണ് ഷാന്റോ ഖാന്‍ സിനിമയിലെത്തുന്നത്. ഷാന്റോയുടെ പിതാവ് സലിം ഖാന്‍ അറിയപ്പെടുന്ന നിര്‍മ്മാതാവാണ്. തുങ്കി പരാര്‍ മിയ ഭായ്, കമാന്‍ഡോ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്.


Click it and Unblock the Notifications