സ്വന്തം മരണവാര്‍ത്ത കണ്ട് ഞെട്ടി സിദ്ധാര്‍ത്ഥ്; പക്ഷെ കിളി പോയത് യൂട്യൂബിന്റെ മറുപടി കണ്ട്!
കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടനെന്നത് പോലെ തന്നെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന നടനാണ് സിദ്ധാര്‍ത്ഥ്. പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ മരണ വാര്‍ത്ത കണ്ട് ഞെട്ടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സിദ്ധാര്‍ത്ഥ്.
ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ രസകരമായ അനുഭവം താരം പങ്കുവച്ചിരിക്കുന്നത്. താന്‍ മരിച്ചതായി പറയുന്നൊരു യുട്യൂബ് വീഡിയോയെക്കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറുപ്രായത്തില്‍ മരിച്ചു പോയ അഭിനേതാക്കളെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ ഒരാളായാണ് സിദ്ധാര്‍ത്ഥിന്റെ പേരുമുള്ളത്. താന്‍ ഇത് യൂട്യൂബിനെ അറിയിച്ചുവെന്നും എന്നാല്‍ അവരുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

ചെറിയ പ്രായത്തില്‍ മരിച്ച പത്ത് തെന്നിന്ത്യന്‍ താരങ്ങളെക്കുറിച്ചായിരുന്നു വീഡിയോ. സൗന്ദര്യ, സിദ്ധാര്‍ത്ഥ്, ആരതി അഗര്‍വാള്‍ എന്നിവരുടെ ചിത്രങ്ങളായിരുന്നു വീഡിയോയുടെ തംബ്‌നെയിലിലുണ്ടായിരുന്നത്. സൗന്ദര്യയും ആരതിയും അന്തരിച്ച താരങ്ങളാണ്. എന്നാല്‍ സിദ്ധാര്‍ത്ഥ് ഇന്നും സജീവമാണ്. മൂന്ന് വര്‍ഷം മുമ്പത്തെ ഒരു വീഡിയോയാണിത്. അപ്പോള്‍ തന്നെ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
ഞാന്‍ ഈ വീഡിയോയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യൂട്യൂബിനെ അറിയിച്ചിരുന്നു. ക്ഷമിക്കണം, ഈ വീഡിയോയില്‍ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. താരത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം തെലുങ്കിലേക്ക് തിരിച്ചുവരവ് നടത്താന്‍ തയ്യാറെടുക്കുകയാണ് സിദ്ധാര്‍ത്ഥ്. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന മഹാ സമുദ്രം ആണ് തിരിച്ചുവരവ് സിനിമ. അനു ഇമ്മാനുവലും അഥിതി റാവു ഹയാദിരിയുമായാണ് മറ്റ് താരങ്ങള്‍. ഇന്ത്യന്‍ 2, നവരസ, ഷെയ്ത്താന്‍ കാ ബച്ച, ടക്കര്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.


Click it and Unblock the Notifications











