അലൻസിയർക്കെതിരെ പരാതി നൽകിയിട്ട് വർഷങ്ങളായി; പിന്നീട് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് നടി ദിവ്യ
മലയാള സിനിമയിൽ നിരവധി വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പഴയ ഒരു പരാതിയെ കുറിച്ച് വീണ്ടും ഓർമിപ്പിച്ചു കൊണ്ട് നടി രംഗത്ത്. 2018ൽ നടൻ അലൻസിയർക്കെതിരായി നടി ദിവ്യ ഗോപിനാഥ് ഒരു പരാതി നൽകിയിരുന്നു. എന്നാൽ തന്റെ പരാതിയിൽ താരസംഘടനയായ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ഗോപിനാഥ് പറയുന്നു. 6 വർഷമായിട്ടും ഇതുവരെ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.
ഒരുപക്ഷേ ദിവ്യ ഗോപിനാഥ് എന്ന പേര് അത്രക്കും സുപരിചിതമാവില്ല, പക്ഷേ അവർ അഭിനയിച്ച സിനിമകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ ദിവ്യയോട് മോശമായി പെരുമാറിയത്. തുടർന്ന് 2018 ൽ പരാതി നൽകി. നടപടി ഉണ്ടായില്ല. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പരാതി നൽകിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും ദിവ്യ വെളിപ്പെടുത്തി.

ദിവ്യയുടെ ഫിലിമോഗ്രാഫി എടുത്തു നോക്കിയാൽ തന്നെ ഈ പ്രശ്നം മനസിലാക്കാൻ സാധിക്കും. 2018 നു ശേഷം ശ്രദ്ധേയമായ വേഷം ലഭിച്ചത് അഞ്ചാം പാതിര, സ്റ്റാന്റ് അപ്പ് എന്നീ രണ്ട് സിനിമകളിൽ മാത്രമാണ്. പരാതി നൽകിയതിനു ശേഷം കൂടുതലും ഡബ്ലൂ.സി.സി അംഗങ്ങൾ അഭിനയിക്കുന്ന സിനിമകളിലേക്കായിരുന്നു അവസരം വന്നത്. ഏകദേശം 14 സിനിമകൾ അഭിനയിച്ചു. സിനിമയിൽ നല്ല അവസരങ്ങൾക്കായി നിരവധി ഓഡിഷനുകൾക്ക് വേണ്ടി അയച്ചിരുന്നു. എന്നാൽ ഒരാൾ പോലും അതിനൊന്നിനും മറുപടികൾ നൽകിയിരുന്നില്ല. ദിവ്യ പറഞ്ഞു.
തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയ്യാറാകണം. തെറ്റു ചെയ്ത അലൻസിയർക്ക് നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ തനിക്ക് പിന്നീട് അവസരങ്ങൾ നഷ്ടമായി. ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാർഡ് വേദിയിൽ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാൻ അലൻസിയർക്ക് ധൈര്യം ഉണ്ടായതെന്നും ദിവ്യ കൂട്ടിച്ചേർത്തു.
കമ്മട്ടിപ്പാടം, വൈറസ്, അഞ്ചാം പാതിര, സ്റ്റാന്റ് അപ്പ് തുടങ്ങിയ സിനിമകളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതിൽ കൂടുതൽ താരത്തിന് അവസരങ്ങൾ ലഭിച്ചില്ല. അമ്മ സംഘടനയിൽ പരാതിപ്പെട്ടിട്ടു പോലും അലൻസിയർക്കെതിരെ നടപടി എടുത്തിട്ടില്ല എന്നു മാത്രമല്ല, അദ്ദേഹം മാപ്പു പറഞ്ഞല്ലോ എന്ന രീതിയിൽ ആ പ്രശ്നത്തെ നിസാരമാക്കി മാറ്റി. പൊതുവേ ആളുകൾ പറയുന്നത് പോപ്പുലർ ആവാൻ വേണ്ടിയാണ് ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് എന്നാണ്.

പോപ്പുലർ ആവാൻ വേണ്ടി ആർക്കും ഈ വിഷയങ്ങളെ കുറിച്ച് പൊതു സമൂഹത്തിനു മുന്നിൽ സംസാരിക്കേണ്ട ആവശ്യമില്ല. പിന്നെ തെളിവുണ്ടോ എന്ന് ചോദിക്കുന്നതിലും കാര്യമില്ല. ചില കാര്യങ്ങളിൽ തെളിവുണ്ടാവില്ല. അടുത്തത് എന്ത് സംഭവിക്കുമെന്ന് ഓർത്ത് ആരും തന്നെ ക്യാമറ ഓൺ ആക്കി വെച്ചിട്ടല്ല ആളുകളോട് ഇടപഴകുന്നത്.
ഈ വിഷയത്തിൽ ധൈര്യത്തോടെ മുന്നോട്ട് വന്നത് മലയാള സിനിമയിലെ അതിജീവിതയായ ആ നടിയാണ്. ആ വ്യക്തി മറ്റുള്ളവർക്ക് പകർന്ന് നൽകിയ ഒരു ധൈര്യമാണ് ഞങ്ങളെ പോലെ ബാധിക്കപ്പെടുന്ന സ്ത്രീകൾക്കുള്ള ശക്തി. എന്നെ പോലുള്ള ഓരോ സ്ത്രീകൾക്കും അവർ ഒരു പ്രതീകമാണ്. ദിവ്യ പറയുന്നു.


Click it and Unblock the Notifications