'സര്‍ക്കാർ പിന്തുണച്ചില്ല'; മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പരാതി പിന്‍വലിക്കുന്നുവെന്ന് നടി
നടന്‍ മുകേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നതായി നടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടി മുകേഷമടക്കമുള്ളവര്‍ക്കെതിരെ രംഗത്തെത്തുന്നത്. പിന്നാലെ പരാതി നല്‍കുകയും കേസ് എടുക്കുകയും ചെയ്തു. മലയാള സിനിമയെ മാത്രമല്ല, കേരള രാഷ്ട്രീയത്തേയും പിടിച്ചുലച്ചതായിരുന്നു നടിയുടെ പരാതി. എന്നാല്‍ താന്‍ നല്‍കിയ പരാതികളെല്ലാം പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് നടി ഇപ്പോള്‍.
മുകേഷിന് പുറമെ ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരേയും നടി പരാതി നല്‍കിയിരുന്നു. സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി പരാതിയില്‍ നിന്നും പിന്മാറുന്നത്. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ശേഷം അതിലൂടെയാണ് നടി താന്‍ കേസില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അറിയിച്ചത്. തനിക്കെതിരായ പോക്‌സോ കേസിലും മതിയായ അന്വേഷണം നടന്നിട്ടില്ലെന്ന് നടി ആരോപിക്കുന്നുണ്ട്.

സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് താന്‍ പരാതിയുമായി മുന്നോട്ട് വന്നത്. ഇനി ഒരു പെണ്‍കുട്ടിയോടും ആരും അഡ്ജസ്റ്റ്‌മെന്റ് ചോദിക്കരുത് എന്നായിരുന്നു തന്റെ ലക്ഷ്യമെന്നും നടി പറയുന്നു. എന്നാല്‍ തന്റെ പേരില്‍ കള്ള പോക്‌സോ കേസ് നല്‍കിയെന്നും അത് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നുവെന്നും നടി പറയുന്നുണ്ട്.
മാധ്യമങ്ങളും പിന്തുണച്ചില്ലെന്നും നടി പറയുന്നു. താന്‍ പരാതിക്കാരിയായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ പോവുകയാണെന്നാണ് നടി പറയുന്നത്. 2009 ല്‍ നാടകമേ ഉലകം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് മുകേഷ് അതിക്രമം നടത്തിയതെന്നായിരുന്നു നടിയുടെ ആരോപണം. താര സംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ച് മോശമായി പെരുമാറി എന്നതായിരുന്നു ഇടവേള ബാബുവിനെതിരായ പരാതി.
നടന്‍ ജയസൂര്യ ചിത്രീകരണത്തിനിടെ ഇടനാഴിയില്‍ വച്ച് കയറിപ്പിടിച്ചുവെന്നും നടി ആരോപിച്ചിരുന്നു. വലിയ വിവാദമായി മാറിയിരുന്നു നടിയുടെ ആരോപണങ്ങള്‍.


Click it and Unblock the Notifications