'എല്ലാത്തിനും സഹകരിക്കാന്‍ റെഡി ആയിരിക്കണം'; മനസില്‍ വന്ന തെറി പുറത്തെടുത്തില്ല; അനുഭവം പങ്കിട്ട് നടി
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജുവാണി ഭാഗ്യരത്‌നം. അഭിനയത്തിനൊപ്പം തന്നെ ഗായികയും അഭിഭാഷകയുമാണ് മഞ്ജുവാണി. ഇപ്പോഴിതാ സിനിമാ ലോകത്തു നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് മഞ്ജുവാണി. പേരെടുത്ത് പറയാതെയാണ് താരം ആരോപണവുമായി വന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
2013ല്‍ ആണെന്നാണോര്‍മ്മ! എഫ് ബി യില്‍ ഞാന്‍ ഷെയര്‍ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയില്‍. വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്. ലൊക്കേഷന്‍ പറഞ്ഞു തരാന്‍ സിംഹം എന്നെ ഫോണില്‍ വിളിക്കുന്നു. ഒടുവില്‍ ആ ഡയലോഗും - 'ഫ്‌ലാറ്റില്‍ എന്റൊപ്പം എന്റെ ഗേള്‍ഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?'

അന്നേരം മനസ്സ് വിളിച്ചു പറഞ്ഞത് വാട്ട് ദ് ഫക്ക് എന്നാണ്. ഭാര്യയും കുട്ടിയുമുള്ളവന് ഗേള്‍ഫ്രണ്ട് ഉണ്ടോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല, എന്നാല്‍ അതെനിക്ക് കുഴപ്പമാവുമോ എന്ന് ചോദിക്കാന്‍ തോന്നിയ ആ മനസ്സുണ്ടല്ലോ, അതിന്റെ ചെറിയൊരംശം മതിയായിരുന്നു, കെട്ടിക്കൊണ്ടുവന്നു കൊച്ചുങ്ങളെമുണ്ടാക്കി പകുതിക്ക് വച്ചുപേക്ഷിച്ച ഭാര്യയോട് കാണിക്കാന്‍.
പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം! അതുകൊണ്ട്, ചെന്ന് കേറിയപ്പോ കണ്ട ഒരു കൊച്ചു പെണ്ണ് (സോഫയില്‍ കയറിയിരുന്ന് ഉച്ചയൂണിനുള്ള ബീന്‍സ് അരിയുന്നുണ്ടായിരുന്നു) അവള്‍ക്കിതെന്തിന്റെ കേട് എന്ന് തോന്നിയെങ്കിലും, ആരാന്റെ ജീവിതത്തില്‍ എനിക്കെന്ത് കാര്യം എന്നോര്‍ത്ത് ഞാന്‍ പോയ കാര്യം (ഓഡിഷന്‍) നടത്തി ഇങ്ങു പോന്നു.
പിന്നെ ഇടക്കൊക്കെ സിംഹം എന്നെ വിളിക്കുകയും, ടെക്സ്റ്റ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. അത്തരമൊരു കോണ്‍വര്‍സെഷനില്‍ ഒരു ആവശ്യം ഉന്നയിച്ചു. 'ഒരു ഫീമെയില്‍ മാനേജര്‍ വേണം'. ആക്കാലത്ത് ഞാനൊരു ജോലി നോക്കിക്കൊണ്ടിരിക്കുകയാണെന്നും, കോര്‍പ്പറേറ്റ് (നാഷണല്‍ & ഇന്റര്‍നാഷണല്‍) ജോബ് എക്‌സ്പീരിയന്‍സ് ഉണ്ടെന്നും പുള്ളിക്കറിയാമായിരുന്നു.
എനിക്ക് അതുവരെ കിട്ടിക്കൊണ്ടിരുന്ന സാലറി പേ പാക്ക് കൊച്ചിയില്‍ അന്നൊരിടത്തും കിട്ടില്ല എന്ന അവസ്ഥയില്‍ സ്വാഭാവികമായും ഈ ജോബ് പ്രൊഫൈല്‍ എന്താണെന്ന് അറിയാനുള്ള ആകാംഷകൊണ്ട് ചോദിച്ചു സാലറി എത്രയാണ്, ജോബ് പ്രൊഫൈല്‍ എന്തൊക്കെയാണ് എന്ന്.
' സാലറി ഒരു 20000 രൂപ കൊടുക്കാം, പിന്നെ എന്റെ ഒപ്പം ട്രാവല്‍ ചെയ്യണം, കോര്‍ഡിനേഷന്‍ വര്‍ക്കുകള്‍, പിന്നെ എല്ലാത്തിനും സഹകരിക്കാന്‍ റെഡി ആയിരിക്കണം'. ആ അവസാനത്തെ പ്രൊഫൈല്‍ ഡിസ്‌ക്രിപ്ഷന്‍ എനിക്ക് അത്ര ക്ലിയര്‍ ആയില്ല. അല്‍പ്പം പുച്ഛം കലര്‍ത്തിതന്നെ ചോദിച്ചു - എല്ലാത്തിനും റെഡിയാവണം എന്ന് വച്ചാല്‍ എന്താ സംഭവം?
കേള്‍ക്കാനിംബമുള്ള ചിരിയില്‍ പൊതിഞ്ഞു മറുപടിയെത്തി - 'എല്ലാത്തിനും എന്ന് പറഞ്ഞാ അറിയാല്ലോ, എല്ലായിടത്തും എനിക്ക് ഗേള്‍ഫ്രണ്ടിനെ കൊണ്ടുപോകാന്‍ പറ്റില്ല, അപ്പോ എനിക്കൊരു കൂട്ട്...'
മനസ്സില്‍ വന്ന തെറി വായിലൂടെ പുറത്തെടുക്കാതെ ഞാനും പറഞ്ഞു - *എന്റെ പരിചയത്തിലെങ്ങും അത്തരത്തിലൊരാളില്ല, എങ്ങാനും കണ്ടുമുട്ടിയാ ഞാനിക്കാര്യം മനസ്സില്‍ വച്ചോളാം*അതെ ഇത്തരം ഊളത്തരം മനസ്സില്‍ വക്കുകയല്ലാതെ മാമാപണിക്കിറങ്ങാന്‍ വയ്യല്ലോ! എന്തായാലും കണ്ടുമുട്ടിയ ഗേള്‍ഫ്രണ്ടിനെ മനസ്സാ നമിച്ചു, കണ്ടിട്ടില്ലാത്ത ഭാര്യയോട് മനസ്സില്‍ പറഞ്ഞു - നീ നിന്റെ പാട് നോക്കി ജീവിക്ക് പെണ്ണേ. സിംഹത്തോടും പറഞ്ഞു, അളിയാ നീ സിംഹമല്ലടാ പുലിയാ പുലി.
കാലം അത് വീണ്ടും തെളിയിക്കുമ്പോള്‍ ഇതിവിടെ പറയണമെന്ന് തോന്നി.... അപ്പോ ശെരി
NB: അന്ന് ഓഡിഷനില്‍ പാടിയ പാട്ട് ഇവിടെ പാടിയിടാമേ, ഗംഭീരം എന്നാണ് അന്ന് സിംഹപ്പുലി മൊഴിഞ്ഞത്. എന്നു പറഞ്ഞാണ് താരം കുറിപ്പ് നിർത്തുന്നത്.


Click it and Unblock the Notifications