രഹ്നയ്ക്കെതിരെ കേസെടുത്ത നാട്ടില്‍ മുലക്കണ്ണ് കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ എന്തുകൊണ്ട് കേസില്ല?
നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. തന്റെ അവധി ആഘോഷത്തില്‍ നിന്നും പൃഥ്വി പങ്കുവച്ച ഷര്‍ട്ട് ധരിക്കാത്ത ചിത്രമായിരുന്നു വെെറലായത്. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഡ്വ രശ്മിത രാമചന്ദ്രന്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു രശ്മിതയുടെ പ്രതികരണം. എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസെടുക്കാത്തതെന്നാണ് രശ്മിത ചോദിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെ കൊണ്ട് ദേഹത്ത് പെയിന്റ് ചെയ്യിച്ചതിന് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തതും രശ്മിത ഓര്‍മ്മിപ്പിക്കുന്നു.
രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ൻ്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? രശ്മിത ചോദിക്കുന്നു. പൃഥ്വിരാജിന്റെ വെെറലായ ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരൻ എന്ന സുന്ദരനായ നടൻ സ്വന്തം മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം പൊതുവിടത്തിൽ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി. അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിൻ്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ / പുരുഷന്മാരിൽ/ ഭിന്ന ലൈംഗിക താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ടെന്ന് രശ്മിത കുറിക്കുന്നു.
പെയ്ൻറു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ പെയിൻ്റിൻ്റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ്. ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാൾ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണമെന്നും രശ്മിത പറയുന്നു.
Recommended Video
കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്ന ചിത്രത്തിന് കാരണമായവർക്കെതിരെ - രഹ്നാ ഫാത്തിമയുടെ നഗ്നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും - കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യർത്ഥനയോടെയാണ് രശ്മിത തന്റെ കുറിപ്പ് അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളേയും ഇരട്ടത്താപ്പുകളേയും ഒരുപോലെ പരിഹസിക്കുകയാണ് രശ്മിത.


Click it and Unblock the Notifications