'ദൃശ്യം 2 പരാജയപ്പെട്ടാല്‍ നിന്നെ കൂത്താട്ടുകുളത്ത് വന്ന് തല്ലും'; ജീത്തു പറഞ്ഞത് പങ്കുവച്ച് അജിത്ത്
ദൃശ്യം 2വിന്റെ വിജയത്തിന്റെ ആവേശത്തിലാണ് മലയാള സിനിമ ലോകം. തീയേറ്ററിന് പകരം ആമസേണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. എങ്കിലും ആരാധകരും അണിയറ പ്രവര്‍ത്തകരും ഹാപ്പിയാണ്. ദൃശ്യം എന്ന മെഗാഹിറ്റിനൊരു രണ്ടാം ഭാഗം ഒരുക്കുക അത്ര എളുപ്പമുള്ള പണിയല്ല. ആ ജോലി അതിഗംഭീരമായി ചെയ്ത് തീര്‍ത്തിരിക്കുകയാണ് ജീത്തു. രണ്ടാം വരവില്‍ ചില പുതിയ താരങ്ങളേയും സൃഷ്ടിച്ചിട്ടുണ്ട് ജീത്തു.
എന്തൊരു ഭാഗി, എന്തൊരഴക്; സ്‌റ്റൈലിഷ് ലുക്കില്‍ ശില്‍പ്പ ഷെട്ടി
ആദ്യ ഭാഗത്തില്‍ കാണാത്ത ചില പുതിയ താരങ്ങളെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് ജീത്തു ഇത്തവണ കഥാഗതി മാറ്റിയെഴുതിയിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ജോസ്. കൊലക്കേസിലെ പ്രതിയായ ജോസിനെ അവതരിപ്പിച്ചത് മലയാളികള്‍ക്ക് ഏറെ പരിചിതനായ അജിത്ത് കൂത്താട്ടുകുളം ആയിരുന്നു. വര്‍ഷങ്ങളായി ടെലിവിഷന്‍ പരിപാടികളിലൂടെ അജിത്തിനെ മലയാളിയ്ക്ക് അടുത്തറിയാം.

ജീവിതത്തിന്റെ അപ്രതീക്ഷിതമായ ഉലച്ചില്‍ പെട്ട് പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ് ജോസിന്റേത്. ചിത്രത്തിന്റെ ഗതിയെ തന്നെ നിയന്ത്രിക്കുന്ന പ്രധാന വേഷം ഭംഗിയായി തന്നെ അജിത്ത് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും വിലയിരുത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി പറയുകയാണ് അജിത്ത്. മനു അടിമാലി പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അജിത്ത് മനസ് തുറന്നത്.

എല്ലാവരേയും പോലെ ദൃശ്യത്തിന്റെ ആദ്യഭാഗം കണ്ട് കൈയ്യടിച്ച് തീയേറ്ററില്‍ നിന്നും ഇറങ്ങിയ ആളാണ് താനെന്ന് അജിത്ത് പറയുന്നു. രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് അജിത്ത് പറയുന്നത്. സിനിമ റിലീസ് ആകുന്നത് വരെ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും പിന്നീട് ജനങ്ങള്‍ സിനിമ സ്വീകരിച്ചതോടെയാണ് ആശ്വാസമായതെന്നും അജിത്ത് പറയുന്നു.

അജിത്തിന്റെ ടെന്‍ഷന് ഒരു കാരണമുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവമാണ് അത്. ആ കഥയും അജിത്ത് പങ്കുവെക്കുന്നുണ്ട്. ''പൂജ കഴിഞ്ഞ് ക്യാമറ ആദ്യം വെക്കുന്നത് എന്റെ മുഖത്തു നിന്നാണ്. അതുപോലെ തന്നെ പാക്ക് അപ്പ് ആയപ്പോഴും അവസാന ഷോട്ട് എന്റെ ആയിരുന്നു. അന്ന് സര്‍ എന്നോട് പറഞ്ഞു, ഈ സിനിമ എങ്ങാനും പൊളിഞ്ഞു പോയാല്‍ നിന്നെ കൂത്താട്ടുകുളത്ത് വന്ന് തല്ലുമെന്ന്'' അജിത്ത് പറയുന്നു.

ദൃശ്യം 2വിലേക്ക് എത്തിയതിനെ കുറിച്ച് അജിത്ത് ഏ്ഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. 'ഞാന്‍ ജീത്തു ജോസഫാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ദൃശ്യം 2ല് എനിക്കൊരു വേഷമുണ്ട്, അദ്ദേഹത്തെ ഒന്ന് തിരിച്ച് വിളിക്കാന്‍ പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് കൊച്ചിയിലെത്തി കൊവിഡ് ടെസ്റ്റ് ചെയ്തു. പിന്നെ ഞങ്ങളെ പുറത്ത് വിട്ടിട്ടില്ല. ആമസോണ്‍ പ്രൈം എന്നൊക്കെ പറഞ്ഞിട്ടുള്ള കേസൊന്നും നമുക്ക് അറിയത്തില്ല. എന്റെ കുറേ സുഹൃത്തുക്കളും വിളിച്ചിരുന്നു എങ്ങിനെയാണ് സിനിമ കാണുക എന്ന് ചോദിച്ച്.' അജിത്ത് പറയുന്നു.
ഇതിനിടെ രസകരമായ മറ്റൊരു വസ്തുതയും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാനല്‍ ഷോയില്‍ ദൃശ്യത്തിന്റെ സ്പൂഫ് അവതരിപ്പിച്ച താരങ്ങളാണ് അജിത്ത് കൂത്താട്ടുകുളവും സുമേഷ് ചന്ദ്രനും. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ രണ്ട് പ്രധാന വേഷങ്ങളില്‍ ഇവരെത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.


Click it and Unblock the Notifications