പ്രശസ്തിക്ക് വേണ്ടി ആഗ്രഹിച്ചു, പക്ഷെ അത് കിട്ടിയപ്പോൾ..: അജിത് കുമാർ പറയുന്നു
ചെറിയ നിലയിൽ തുടങ്ങി ഇന്ന് തമിഴിന്റെ താര പദവി വരെയെത്തി നിൽക്കുന്ന, ഏറെ പ്രചോദനം തരുന്ന കഥയാണ് അജിത് കുമാറിന്റേത്. മറ്റ് സൂപ്പർസ്റ്റാറുകളിൽ നിന്ന് വ്യത്യസ്തമായി, അധികം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത, സിനിമ ഇല്ലാത്തപ്പോൾ കുടുംബത്തോടൊപ്പം തികച്ചും സ്വകാര്യമായ ജീവിതം നയിക്കാൻ ഇഷ്ടമുള്ള, വാഹനങ്ങളോടും റേസിങ്ങിനോടും ഉള്ള പാഷന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് 'മങ്കാത്ത' താരം. അടുത്തിടെ, പ്രശസ്തി തന്റെ ജീവിതത്തെ എങ്ങനെയൊക്കെയാണ് മാറ്റി മറിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കവെ, തന്റെ വിജയത്തിൽ കുടുംബത്തിനുള്ള പങ്ക് അജിത് വെളിപ്പെടുത്തി. തന്റെ ഭാര്യ ശാലിനിയുടെ നിഷേധിക്കാനാവാത്ത പിന്തുണയെ വാലി താരം ഏറെ പ്രശംസിച്ചു. ഇന്ന് കാണുന്ന പ്രശസ്തിയും, പണവും, ലോകമെമ്പാടുമുള്ള ആരാധകരുടെ സ്നേഹവും ഏറെ ആഗ്രഹിച്ചു കിട്ടിയതാണെന്ന് തുറന്നു പറഞ്ഞ അജിത്, ഇതൊക്കെ കൈയ്യിൽ വരുമ്പോൾ ഒപ്പം നഷ്ടപ്പെടുന്ന മറ്റ് ചിലതും കൂടിയുണ്ടെന്ന് ഓർമിപ്പിച്ചു.

മുണ്ടുടുത്ത് തനി പാലക്കാട്ടുകാരനായി അജിത്, ഒപ്പം ശാലിനിയും മകനും: വൈറലായി ചിത്രങ്ങൾ
"ഒരുമിച്ച് ജീവിക്കാൻ എളുപ്പമുള്ള ആളല്ല ഞാൻ. ഒരുപാട് പ്രയാസകരമായ സമയങ്ങളിലൂടെ ഞാൻ അവളെ കൊണ്ട് പോയിട്ടുണ്ട്. പക്ഷേ എന്നെ അവൾ വളരെ പിന്തുണച്ചു. കുട്ടികൾ വരുന്നത് വരെ, എന്റെ റേസിംഗ് പരിപാടികളുടെ സമയത്ത് അവൾ എന്നോടൊപ്പം യാത്ര ചെയ്യുമായിരുന്നു. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല," അജിത് വെളിപ്പെടുത്തി. ഇന്ന്, മക്കൾ കുറച്ചു വലുതായതിന് ശേഷം, വലിമൈ താരത്തിന്റെ റേസിംഗ് പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഭാര്യ ശാലിനി. ഇരുവരുടെയും പല വിഡിയോകളും അടുത്തിടെ വൈറലായിരുന്നു.

"ഞാൻ മിക്കപ്പോഴും എന്റെ വീട്ടിൽ ഒതുങ്ങി നിൽക്കുന്ന ആളാണ്. എന്റെ ആരാധകർ നൽകുന്ന എല്ലാ സ്നേഹത്തിനും ഞാൻ അവരോട് നന്ദിയുള്ളവനാണ്, എന്നാൽ അതേ സ്നേഹം കാരണം, എനിക്ക് എന്റെ കുടുംബത്തോടൊപ്പം പുറത്തുപോകാൻ വളരെ അപൂർവമായി മാത്രമേ കഴിയൂ. എന്റെ മകന്റെ സ്കൂളിൽ അവനെ വിടാൻ എനിക്ക് പോകാൻ കഴിയില്ല. അങ്ങനെ പോയപ്പോഴൊക്കെ, വളരെ മാന്യമായി അവർ എന്നോട് അവിടെ നിന്നും പോകാൻ ആവശ്യപ്പെട്ട സമയങ്ങളുണ്ട്. നല്ല ജീവിതശൈലിയുടെ കാര്യത്തിൽ, പ്രശസ്തി നിങ്ങൾക്ക് ധാരാളം നൽകുന്നു, പക്ഷേ നിങ്ങൾക്ക് ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങൾ - അത് നിങ്ങളിൽ നിന്ന് അതെല്ലാം എടുത്തുകളയുന്നു," നടൻ പറഞ്ഞു.
അടുത്തിടെ, പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയിരുന്നു. റിപോർട്ടുകൾ അനുസരിച്ച്, നടന്റെ അന്തരിച്ച അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. എന്നതേയും പോലെ, യാതൊരു ബഹളങ്ങളുമില്ലാതെ അങ്ങേയറ്റം സിമ്പിളായാണ് അജിത് ഭാര്യ ശാലിനിയ്ക്കും മകൻ ആദ്‌വികിനും ഒപ്പം അമ്പലത്തിലെത്തിയത്. നടന്റെ ലൂക്കും, അദ്ദേഹത്തിന്റെ ടാറ്റൂവും സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറെ ചർച്ച ചെയ്തിരുന്നു.
കരിയറിലേക്ക് വന്നാൽ, സിനിമകളുടെ എണ്ണം കുറച്ച്, റേസിംഗ് പരിപാടികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് അജിത് ഇപ്പോൾ. മുൻപ് കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ ആദ്യ തമിഴ് ചിത്രത്തിൽ അദ്ദേഹം നായകനാവുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഇത് വരെ അതെ കുറിച്ച് പ്രഖ്യാപനമൊന്നും നടന്നിട്ടില്ല. പക്ഷെ, ഗുഡ് ബാഡ് അഗ്ലി സംവിധായകൻ ആദ്‌വിക് രവിചന്ദ്രന്റെ അടുത്ത ചിത്രത്തിൽ അജിത് തന്നെയാവും നായകൻ എന്ന് ഉറപ്പായി കഴിഞ്ഞു.


Click it and Unblock the Notifications











