'എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം എന്നും ഹൃദയത്തിലുണ്ടാകും'; പുനീതിന്റെ വേർപാടിൽ ഭാവന
കന്നട സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് അന്തരിച്ച പുനീത് രാജ്കുമാർ. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അത്രയോറെ ആരോഗ്യവാനായിരുന്നു പുനീത്. ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകിയിരുന്ന പുനീത് ഇന്ന് രാവിലെ ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ശാരീര അസ്വസ്ഥതകൾ മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അദ്ദേഹത്തിന് ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതിനെ അവഗണിച്ച് അദ്ദേഹം രാവിലെ വ്യായാമത്തിനായി പോവുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
Also Read: കന്നട നടൻ പുനീത് രാജ്കുമാർ അന്തരിച്ചു, കണ്ണീരോടെ സിനിമാലോകം
ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാൽപത്തിയാറാം വയസിലാണ് കന്നട സിനിമയ്ക്ക് വിലമതിക്കാനാവത്ത സംഭാവനകൾ നൽകിയിട്ടുള്ള പ്രതിഭയുടെ വിടവാങ്ങൽ. അപ്രതീക്ഷിതമായിരുന്നു ആ മരണം എന്നത് കൊണ്ടുതന്നെ ആരാധകർ പോലും വാർത്ത വിശ്വസിക്കാനാവാതെ സത്യാവസ്ഥ അറിയാൻ പുനീത് ചികിത്സയിലായിരുന്ന ബെംഗളൂരുവിലെ വിക്രമ ആശുപത്രിയിലേക്ക് ഒഴുകി എത്തുകയാണ്.
Also Read: 'പണം നൽകി വീട് തിരികെ വാങ്ങാൻ ശങ്കരൻ', തമ്പി യഥാർഥ സ്വഭാവം പുറത്തെടുക്കുമോ എന്നറിയാതെ ശിവൻ

പുനീതിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ പ്രാർഥനകളുമായാണ് സിനിമാ ലോകവും ആരാധകരും കഴിഞ്ഞിരുന്നത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും ആശുപത്രിയിലേക്ക് എത്തിയിച്ചുണ്ട്. അദ്ദേഹം രോഗം ബേധമായി തിരികെ വരുമെന്ന് കരുതി പ്രാർഥനകളോടെ കഴിഞ്ഞിരുന്നവർക്കിടയിലേക്കാണ് അദ്ദേഹത്തിന്റെ മരണവാർത്ത എത്തിയത്. താരത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും മരണവാർത്ത കേട്ടതിന്റെ ആഘാതത്തിലാണ്.

ഇപ്പോൾ നടി ഭാവന പുനീതിന്റെ വേർപാടിലുള്ള വേദനയറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്. 'നിങ്ങളോടൊപ്പമുണ്ടായിരുന്ന എല്ലാ നല്ല നിമിഷങ്ങളും നിങ്ങളുടെ ആ ചിരിയും എന്നും ഹൃദയത്തിൽ സൂക്ഷിക്കുമെന്നാണ്' ഭാവന കുറിച്ചത്. ഇത്രനേരത്തെ ഒരു വേർപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഭാവന എഴുതി. 'അപ്പു….. ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്.... കന്നട സിനിമയിലെ എന്റെ ആദ്യ നായകൻ... എന്റെ ഏറ്റവും പ്രിയപ്പെട്ട നായകനടന്മാരിൽ ഒരാൾ. മൂന്ന് സിനിമകൾ ഒരുമിച്ച് ചെയ്യാൻ സാധിച്ചു. നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല നിമിഷങ്ങളും നിങ്ങളുടെ ചിരിയും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും.... നിങ്ങളെ ഒരുപാട് മിസ് ചെയ്യും. ഇത് ഒരുപാട് നേരത്തെയായി പോയി...' പുനീതിനൊപ്പമുള്ള പഴയൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന കുറിച്ചു.

കന്നട സിനിമാ ലോകത്തും ആരാധകർക്കിടയിൽ പുനീത് അപ്പുവെന്നാണ് അറിയപ്പെടുന്നത്. ഭാവനയുടെ കന്നടയിലെ ആദ്യ സിനിമ ജാക്കിയിൽ പുനീതായിരുന്നു നായകൻ. 2010ൽ റിലീസ് ചെയ്ത സിനിമ സൂപ്പർ ഹിറ്റായിരുന്നു. ടൈറ്റിൽ റോളിലാണ് പുനീത് സിനിമയിലെത്തിയത്. പ്രണയവും, ആക്ഷനും, പാട്ടുകളും എല്ലാംകൊണ്ടും സമ്പന്നമായിരുന്നു ജാക്കി എന്ന സിനിമ. പിന്നീട് 2012ൽ ആണ് പുനീതും ഭാവനയും ഒരുമിച്ച രണ്ടാമത്തെ സിനിമ റിലീസ് ചെയ്തത്. യാരെ കൂഗതളി എന്ന സിനിമയായിരുന്നു അത്. ചിത്രത്തിൽ കുമാര എന്ന കഥാപാത്രമായി പുനീത് രാജ്കുമാറും ഭാരതിയായി ഭാവനയും അഭിനയിച്ചു. തമിഴ് നടനും സംവിധായകനുമെല്ലാമായ സമുദ്രകനിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. 2015ൽ പുറത്തിറങ്ങിയ മൈത്രിയായിരുന്നു മൂന്നാമത്തെ ചിത്രം. നടൻ മോഹൻലാലും പുനീതുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കാമിയോ റോൾ ആയിരുന്നു ചിത്രത്തിൽ ഭാവനയ്ക്ക്.
Recommended Video

ഭാവനയുടെ ഏറ്റവും പുതിയ സിനിമ ഭജരംഗി 2വിന്റെ പ്രമോഷൻ ചടങ്ങിൽ മറ്റ് താരങ്ങൾക്കൊപ്പം പുനീതും അതിഥിയായി എത്തിയിരുന്നു. മരിയ്ക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പുനീത്. ചേട്ടന്‍ ശിവരാജ് കുമാറും ഭാവനയും ഒന്നിച്ച് അഭിനയിക്കുന്ന ഭജരംഗി 2 എന്ന ചിത്രത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റും പുനീത് പങ്കുവെച്ചിരുന്നു. സിനിമ കാണാൻ പക്ഷെ പുനീതിനായില്ല. ശിവരാജ് കുമാറിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ ഹര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ഭജരംഗി 2. സിനിമ ഇന്നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഭാവനയ്ക്ക് പുറമെ പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങി ഒട്ടേറ മലയാള സിനിമാ താരങ്ങൾ പുനീതിന് ആദരാഞ്ജലികൾ നേർന്നു.


Click it and Unblock the Notifications











