നിവിൻ പോളിയുടെ പേര് കേട്ടപ്പോൾ ഞെട്ടലുണ്ടായി; അവർ പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണ്: ധ്യാൻ ശ്രീനിവാസൻ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാവാണ് നിവിൻ പോളി. കുറച്ച് കാലമായി പഴയ നിവിൻ പോളിയെ കാണാനില്ല എന്നായിരുന്നു ആരാധകരുടെ പരാതി. ആ പരാതി അവസാനിച്ചത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. നിവിൻ പോളിയുടെ ഭാഗമെല്ലാം തിയേറ്റർ പൂരപ്പറമ്പാക്കി. നിവിന്റെ സ്ഥിരം ശൈലിയിലുള്ള കോമഡി റോളുകളാണ് പ്രേക്ഷകർക്ക് കാണാൻ കൂടുതൽ ഇഷ്ടം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി നിവിൻ പോളിക്കെതിരെ പീഡനപരാതി വന്നിരുന്നു. പക്ഷേ അത് വെറും ഫെയ്ക്ക് ആരോപണമാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു. തന്നെ അപമാനിക്കാൻ ശ്രമിച്ച പരാതിക്കാരിക്കെതിരെ നിവിൻ പരാതി നൽകിയിട്ടുമുണ്ട്. ഈ വിഷയത്തിൽ സുഹൃത്തും നടനുമായ ധ്യാൻ ശ്രീനിവാസൻ ഫിൽമീബീറ്റ് മലയാളം ചാനലിലൂടെ സംസാരിക്കുന്നു.

"അത്തരം ഫെയ്ക്ക് ആരോപണം നടത്തുന്ന ആൾക്കാർക്കെതിരെ നടപടി എടുക്കണം. അദ്ദേഹം ആ സമയത്ത് അനുഭവിച്ച മാനസിക സമ്മർദ്ദം പിന്നെ വീട്ടുകാരുടെ ബുദ്ധിമുട്ട്, മാത്രമല്ല ഇത്തരമൊരു ആരോപണം കേൾക്കുമ്പോൾ ഒരു ഞെട്ടൽ അനുഭവപ്പെടും. അദ്ദേഹം അത്രയും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ഇത്തരം പ്രശ്നങ്ങൾ പുള്ളിയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന്. പക്ഷേ ഒരു സ്ത്രീ പറയുമ്പോൾ ഒരു നിമിഷമെങ്കിലും അയാളെ സംശയിച്ചു പോകും.
മറ്റു ആരോപണ വിധേയരായവർ ആരും തന്നെ മീഡിയക്ക് മുന്നിൽ വന്ന് വിശദീകരിക്കാൻ തയ്യാറായിരുന്നില്ല. പക്ഷേ നിവിൻ ചേട്ടൻ ആ പ്രശ്നം ഉണ്ടായപ്പോൾ തന്നെ മീഡിയയെ വിളിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം വളരെ ശക്തമായി തന്നെയാണ് ആ സ്ത്രീ ആരോപിച്ച കാര്യങ്ങൾ ഫെയ്ക്കാണെന്ന് വിളിച്ചു പറഞ്ഞത്. മാത്രമല്ല കൃത്യമായി തെളിയിക്കാനും സാധിച്ചു. ഒന്നാമത് ആ ഡെയ്റ്റ് ഒരു വിഷയമായിരുന്നു. അന്ന് നിവിൻ ചേട്ടന് ഷൂട്ട് ഉണ്ടായിരുന്നു.
പിന്നെ ആ സ്ത്രീ പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമായിരുന്നു. അത് കേൾക്കുമ്പോൾ തന്നെ മനസിലാവും. പ്രധാനമായും ഇത്തരം കേസുകൾ വരുന്ന സമയത്ത് പുറത്ത് വെച്ച് സെറ്റിൽമെന്റ് നടക്കാറുണ്ട്. ഇത്തരം ആരോപണങ്ങൾ വന്നു കഴിഞ്ഞാൽ അത് കേസായാൽ ഒരു സെറ്റിൽമെന്റ് നടക്കുകയും അതിലൂടെ ഒരു സാമ്പത്തികം ഉണ്ടാക്കാനും സാധിക്കും. അത്തരം ചിന്തയിൽ നിന്നായിരിക്കാം ഇതുപോലുള്ള തെറ്റായ ആരോപണങ്ങളിലേക്ക് ഇവരെ നയിക്കുന്നത്." ധ്യാൻ പറയുന്നു.
നിവിൻ പോളിക്കെതിരെ ഒരു ആരോപണം വന്നപ്പോൾ ശരിക്കും വല്ലാത്ത ഞെട്ടലായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത പേരായിരുന്നു അത്. തെറ്റായ ആരോപണമാണെന്ന് പലരും അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ പത്ര സമ്മേളനത്തിലൂടെ നിവിൻ പോളിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലുള്ള മാസ് സീനായിരുന്നു അത്.

സിനിമയില്‍ തന്നെയുള്ളവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് നിവിൻ സംശയം ഉന്നയിക്കുന്നു. ഈ വിഷയത്തില്‍ നടപടി തേടി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിവിന്‍ പോളി പരാതി നല്‍കി. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. നേരത്തെ തന്നെ പരാതി വ്യാജമാണെന്ന് പറഞ്ഞ് തെളിവുകളുമായി വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ എന്നിവര്‍ മുന്നോട്ട് വന്നിരുന്നു.
"നിരവധി ആളുകൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതെല്ലാം സത്യമാണോ അതോ തെറ്റാണോ എന്നൊന്നും കൃത്യമായി പറയാൻ സാധിക്കുന്നില്ല. കാരണം പലരും അത്രയും ഉറച്ച നിലപാടുകളിലായിരുന്നു. പക്ഷേ നിവിൻ ചേട്ടന്റെ കാര്യത്തിൽ മാത്രം ചെറുതായൊന്ന് പാളിപ്പോയി. കാരണം അവർ പറഞ്ഞപ്പോൾ തന്നെ എല്ലാം കള്ളമായിരുന്നെന്ന് വ്യക്തമായതാണ്. പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധവുമായിരുന്നു." ധ്യാൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications