twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജും തിലകന്‍ ചേട്ടനും മാത്രം മാപ്പ് പറഞ്ഞില്ല, നിലപാടില്‍ നിന്നും പിറന്ന സത്യം; വെളിപ്പെടുത്തി വിനയന്‍

    |

    പൃഥ്വിരാജിനെ നായനാക്കി സംവിധാനം ചെയ്ത ചിത്രമായ സത്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് വിനയന്‍. ചിത്രീകരണത്തിനിടെയുണ്ടായ വെല്ലുവിളികളെ കുറിച്ചും താന്‍ നേരിട്ട വിലക്കിനെ കുറിച്ചുമെല്ലാമാണ് വിനയന്‍ തുറന്നെഴുതിയിരിക്കുന്നത്. എന്നാല്‍ താന്‍ നിലപാടില്‍ വെള്ളം ചേര്‍ത്തില്ലെന്നും അദ്ദേഹം പറയുന്നു. ആ കുറിപ്പിലേക്ക്.

    സെക്‌സി ലുക്കിനൊരു പര്യായമായി ശ്രീ റെഡ്ഡി; ഹോട്ട് ചിത്രങ്ങള്‍

    2004-ല്‍ ഇതുപോലൊരു മെയ് മാസമാണ് 'സത്യം' എന്ന സിനിമയുടെ ഷൂട്ടിംഗ് ഞാന്‍ ആരംഭിച്ചത്. 17 വര്‍ഷം മുന്‍പ് പ്യഥ്വിരാജിന് ഇരുപത്തി ഒന്നോ? ഇരുപത്തിരണ്ടോ മാത്രം പ്രായമുള്ളപ്പോള്‍ ചെയ്ത ഒരു മുഴുനീള ആക്ഷന്‍ ത്രില്ലര്‍. ഫിലിം ചേമ്പറും നിര്‍മ്മാതാക്കളും നിര്‍ബന്ധിച്ചതു കൊണ്ടു തന്നെ തിരക്കഥ തീരാതെ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം. ഫിലിം ഇന്‍ഡസ്ട്രിക്കൂ ഗുണം ചെയ്യുന്ന ഒരു നിലപാടിന്റെ പേരില്‍ ചെയ്യേണ്ടി വന്ന സിനിമ. എന്നാണ് അദ്ദേഹം പറഞ്ഞ് തുടങ്ങുന്നത്. തുടര്‍ന്ന് വായിക്കാം.

     'അമ്മ' അതിനെ എതിര്‍ത്തു

    അതുകൊണ്ടു തന്നെ എന്റെ വ്യക്തി ജീവിതത്തില്‍ ഏറെ നഷ്ടമുണ്ടാക്കിയ ചലച്ചിത്ര സംരംഭം. ആ ഫ്‌ലാഷ് ബാക്ക് ആലോചിക്കുമ്പോള്‍ ഇന്നും ത്രില്ലിംഗ് ആണ്. പലര്‍ക്കും അതു പുതിയ അറിവും ആയിരിക്കും..പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക്. അന്ന് വന്‍ തുകകള്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങള്‍ പോലും ആ തുക നല്‍കുന്ന നിര്‍മ്മാതാവുമായി ഒരു എഗ്രിമെന്റും വച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നിര്‍മ്മാതാക്കള്‍ക്കു വലിയ പ്രശ്‌നങ്ങളുണ്ടാകുന്നെന്നും, സമയത്ത് സിനിമാ തുടങ്ങാന്‍ കഴിയുന്നില്ലന്നും, ആയതിനാല്‍ എഗ്രിമെന്റ് വേണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കളും, ഫിലിം ചേമ്പറും മുന്നോട്ടു വന്നു. പക്ഷൈ താരസംഘടനയായ 'അമ്മ' അതിനെ എതിര്‍ത്തു.

    പ്രമുഖ താരങ്ങളൊന്നും ഇല്ലങ്കിലും കുഴപ്പമില്ല

    അതിന്റെ ഒന്നും ആവശ്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. നിര്‍മ്മാതാക്കളും താരങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് പ്രശ്‌നങ്ങള്‍ മാറി. നിലനില്‍പ്പിനെ പേടിച്ചിട്ട് ആയിരിക്കും അന്നു മലയാള സിനിമയിലെ സംവിധായകരില്‍ പ്രമുഖര്‍ ഉള്‍പ്പടെ 99%വും 'അമ്മ'യുടെ നിലപാടിനൊപ്പം നിന്നു.. പക്ഷേ ഇത്രയും വലിയ സാമ്പത്തിക ഇടപാടു നടക്കുമ്പോള്‍ അതിനു സുതാര്യമായ ഒരു എഗ്രിമെന്റ് ഉണ്ടാകുന്നത് രണ്ടു കൂട്ടര്‍ക്കും നല്ലതല്ലേ എന്ന അഭിപ്രായമായിരുന്നു എനിക്ക്. എന്നാല്‍ ഇതു തങ്ങളെ കൂച്ചുവിലങ്ങിടാന്‍ കൊണ്ടുവന്ന പദ്ധതിയായിട്ടാണ് പ്രമുഖ താരങ്ങളില്‍ പലരും കണ്ടത്.

    അതുകൊണ്ടു തന്നെ എഗ്രിമെന്റ് പ്രശ്‌നം കൂടുതല്‍ വഷളായി തീരുകയാണ് പിന്നീടുണ്ടായത്. ഷൂട്ടിംഗ് ബഹിഷ്‌കരിക്കാന്‍ താരങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ തീരുമാനിച്ചു. എന്റെ നിലപാട് എഗ്രിമെന്റ് വേണമെന്നാണങ്കിലും ഞാന്‍ ആ അഭിപ്രായം പരസ്യമായി പറഞ്ഞിരുന്നില്ല. പക്ഷേ അന്ന് ഒരു ദിവസം പ്രമുഖ നിര്‍മ്മാതാക്കളായ ശ്രീ സിയാദ് കോക്കറും, സാഗാ അപ്പച്ചനും, സാജന്‍ വര്‍ഗ്ഗീസും കൂടി എന്റെ വീട്ടില്‍ വന്ന്,ഫിലിം ഇന്‍ഡസ്ട്രിയുടെ നന്‍മയ്കു വേണ്ടി വിനയന്‍ പ്രത്യക്ഷമായി തന്നെ ഞങ്ങളുടെ കൂടെ നില്‍ക്കണമെന്നും അതുമാത്രമല്ല പ്രമുഖ താരങ്ങളൊന്നും ഇല്ലങ്കിലും കുഴപ്പമില്ല രണ്ടാം നിരക്കാരെ വച്ച് ഉടനെ ഒരു ചിത്രത്തിന്റെ ഷുട്ടിംഗ് തുടങ്ങണമെന്നും പറഞ്ഞു.

    ഞാന്‍ കണ്ണു തള്ളി നിന്നുപോയി

    ഉടനെ എന്നു പറഞ്ഞാല്‍, താരങ്ങള്‍ പ്രതിഷേധിച്ച് ഷൂട്ടിംഗ് നിര്‍ത്തി ഷോ നടത്താന്‍ മൂന്നാഴ്ചക്കകം വിദേശത്തേക്കു പോകുകയാണ്. അതിനു മുന്‍പ് ഈ സിനിമ തുടങ്ങണം. ഞാന്‍ കണ്ണു തള്ളി നിന്നുപോയി. പ്യഥ്വിരാജിനെ വച്ച് 'വെള്ളിനക്ഷത്രം' എന്ന സിനിമ റിലിസു ചെയ്ത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു. പുതിയൊരു സിനിമ ചെയ്യാനുള്ള തിരക്കഥയോ? കഥയോ? ഒന്നും കൈയ്യിലില്ല എന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. പക്ഷേ എങ്ങനെയും ഇതു നടത്തിയെ പറ്റുള്ളു എന്നും. സംവിധായകന്‍ വിനയനേ ഇന്നിതു ചെയ്യാനുള്ള തന്‍റേടം ഉള്ളു എന്നുമൊക്കെ പറഞ്ഞപ്പോള്‍ ഞാനൊന്നു പൊങ്ങിപ്പോയോ എന്നൊരു സംശയം. സത്യത്തില്‍ നിര്‍മ്മാതാക്കള്‍ അവരുടെ കാര്യം കാണാന്‍ വേണ്ടി എന്നെ ബലിയിടാക്കുക ആയിരുന്നോ എന്നു പിന്നീടു ഞാന്‍ ചിന്തിച്ചു.

    വളയമില്ലാത്ത ചാട്ടം

    ഏതായാലും നിര്‍മ്മാതാക്കളും ഫിലിം ചേമ്പറും പറഞ്ഞതുകൊണ്ടു മാത്രമല്ല. ഒരു എഗ്രിമെന്റുണ്ടാകുന്നതു നല്ലതാണന്ന എന്റെ നിലപാടു കൊണ്ടു കൂടിയാണ് താരങ്ങളുടെ സമരത്തിനെതിരെ സത്യം എന്ന സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറായത്. അതൊരു സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെയാണ് ഞാന്‍ കണ്ടത്. അന്ന് ആ ചിത്രത്തിന്റെ നിര്‍മ്മാതാവായി വന്നത് വൈശാഖ രാജനായിരുന്നു.ആന്റോ ജോസഫിനെ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിച്ഛയിച്ചത്. അതിനു തൊട്ടു മുന്‍പ് ഞാന്‍ ചെയ്ത വെള്ളിനക്ഷത്രത്തിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആന്‍റോ തന്നെ ആയിരുന്നു..

    ആന്‍റോയുടെ മിടുക്കും കഴിവും തന്നെ ആയിരുന്നു സത്യം എന്ന സിനിമ അത്ര മിന്നല്‍ വേഗത്തില്‍ സംഭവിക്കാനുള്ള പ്രധാന കാരണം. പ്യഥ്വിരാജിന്റെ അഭിപ്രായവും ഒരു എഗ്രിമെന്റു വരുന്നതില്‍ തെറ്റില്ല എന്നാണന്ന് അന്നെന്നേ വന്നു കണ്ടവര്‍ പറഞ്ഞു. അതിന്‍ പ്രകാരം ഞാന്‍ രാജുവിനെ(പൃഥ്വിരാജ്) വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുന്നു. കഥ ഒന്നും ആയില്ലെങ്കില്‍ കൂടി സിനിമ ഉടനേ തുടങ്ങണമെന്നും ഇതു വളയമില്ലാത്ത ചാട്ടമാണന്നും ഞാന്‍ രാജുവിനോട് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.

    ഇന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു

    എന്നോടുള്ള വിശ്വാസം കൊണ്ടായിരിക്കാം സാറെപ്പോള്‍ വിളിച്ചാലും എത്തിക്കോളാം എന്നാണ് രാജു മറുപടി പറഞ്ഞത്. ആരെയും ഭയക്കാതെ തന്റെ നിലപാടുകളും വ്യക്തിത്വവും പലപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്ന ചെറുപ്പക്കാരനാണ് പൃഥ്വിരാജ് എന്നു ഞാന്‍ നേരത്തെപറഞ്ഞിട്ടുള്ളതാണ്.
    താരങ്ങള്‍ പങ്കെടുത്ത എല്ലാ സിനിമകളും നിര്‍ത്തി വച്ചപോഴാണ് പ്യഥ്വിരാജിനെയും തിലകന്‍ ചേട്ടനെയും ക്യാപ്റ്റന്‍ രാജുവിനേയും ലാലു അലക്‌സിനേയും, ബാബുരാജിനെയും ഒക്കെ ഉള്‍പ്പെടുത്തി സത്യം എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചത്. നായികയായി പുതുമുഖം പ്രിയാമണിയേയും കാസ്റ്റ് ചെയ്തു. ബാക്കി അഭിനേതാക്കളെ തമിഴില്‍ നിന്നാണു കണ്ടെത്തിയത്.

    ഒരു കഥയുടെ ത്രെഡ് മനസ്സിലുണ്ടായിരുന്നു എന്നതു ശരിയാണ്,പക്ഷേ തിരക്കഥയോ ക്ലൈമാക്‌സോ ഒന്നും ആയിട്ടില്ല. ലോംഗ് ഷോട്ടെടുക്കുമ്പോള്‍ അടുത്ത സജഷന്‍ ഷോട്ടിന്റെ ഡയലോഗ് എഴുതേണ്ടിവന്ന ആ സാഹചര്യം ഇന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. സത്യം എന്ന സിനിമ നടന്നതോടെ താരങ്ങള്‍ ബഹിഷ്‌കരണ സമരം നിര്‍ത്തുകയും എഗ്രിമെന്റ് ഇടാമെന്ന അഭിപ്രായത്തിലോട്ടു വരികയും ചെയ്തു. അങ്ങനെയാണ് ഇന്നെല്ലാ താരങ്ങളും ടെക്‌നീഷ്യന്‍മാരും സിനിമ തുടങ്ങുന്നതിനു മുന്‍പ് ഒപ്പിടുന്ന എഗ്രിമെന്റ് ഉണ്ടായതെന്ന കാര്യം പുതിയ തലമുറയിലെ സിനിമാക്കാരില്‍ എത്രപേര്‍ക്കറിയാം?

    ആരോടും പിണക്കം ഇല്ല

    ഏതായാലും 'സത്യം' പൃഥ്വിരാജിന്റെ കരിയറില്‍ ദോഷമൊന്നും ഉണ്ടാക്കിയില്ലന്നു മാത്രമല്ല ഗുണമേ ചെയ്തുള്ളു. അതിനു മുന്‍പ് ചെയ്ത 'മീരയുടെ ദുഖത്തില്‍.' രാജുവിന് ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയിരുന്നു എന്നാണെന്റെ ഓര്‍മ്മ. എഗ്രിമെന്റ് വിഷയത്തില്‍ പിന്നോക്കം പോയെങ്കിലും അതിനു വഴിവച്ച സത്യത്തില്‍ അഭിനയിച്ചവര്‍ക്കെതിരെ അമ്മ അന്നു വിലക്കേര്‍പ്പെടുത്തി.. പൃഥ്വിരാജും തിലകന്‍ ചേട്ടനുമൊഴികെ മറ്റെല്ലാവരും മാപ്പു പറഞ്ഞ് വിലക്കില്‍ നിന്നും ഒഴിവായി. അതിനു ശേഷം ഞാന്‍ ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ തന്നെയാണ് പ്യഥ്വിരാജിന്റെ അന്നത്തെ വിലക്കു പൊട്ടിച്ചെറിഞ്ഞതെന്ന കാര്യമൊക്കെ അദ്ദേഹത്തിന്റെ മാതാവ് മല്ലികച്ചേച്ചി തന്നെ പൊതു വേദിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല.


    2004 ലെ ഈ പ്രശ്‌നങ്ങളുടെ ഒക്കെ ബാക്കിപത്രവും വൈരാഗ്യവും ആയിരുന്നു. 2008ല്‍ ഞാന്‍ സംഘടനാ നേതൃത്വത്തില്‍ ഇരുന്നുകൊണ്ട് ഒരു നടന്റെ തെറ്റായ നടപടിക്കെതിരെ നിങ്ങിയതിന്റെ പേരില്‍ എനിക്കെതിരെ ഉണ്ടായ അമ്മയുടെയും,ഫെഫ്കയുടെയും സംയുക്ത വിലക്ക് എന്നോര്‍ക്കണം. പക്ഷേ 2004ല്‍ എന്റെ വീട്ടില്‍ വന്ന് സഹായം അഭ്യര്‍ത്ഥിച്ച് അതു വാങ്ങി എടുത്ത നിര്‍മ്മാതാക്കളോ കുടെ നിന്നവരോ ആരും ആ വിലക്കു കാലത്ത് ഒരു വാക്കു കൊണ്ടു പോലുംഎന്നെ സഹായിച്ചില്ലന്നു മാത്രമല്ല. എന്നേ ദ്രോഹിക്കാന്‍ എല്ലാവിധ സഹായം കൊടുത്തതും അവരില്‍ ചിലരാണ്. എനിക്കതില്‍ ആരോടും പിണക്കം ഒന്നും ഇല്ല. കാരണം ഓരോരുത്തരും അവരുടെ നിലനില്‍പ്പിനു വേണ്ടി ആയിരിക്കും അങ്ങനെ കളം മാറി ചവുട്ടിയത്.

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
    ദ്രോഹിച്ചവരോടു പോലും വിദ്വേഷമില്ല

    ഞാനെന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നിയതിന്റെ കൂടെയാണ് അന്നും നിന്നത്. എന്തെങ്കിലും താല്‍ക്കാലിക ലാഭത്തിനു വേണ്ടി ഞാന്‍ നിലപാടു മാറ്റാറുമില്ല.. അതു കൊണ്ടായിരിക്കാം പത്തു വര്‍ഷത്തെ വിലക്കുകള്‍ക്കു ശേഷവും ഇന്ന് മലയാളത്തില്‍ നിര്‍മ്മാണം നടക്കുന്ന ഏറ്റവും വലിയ സിനിമയായ 'പത്തൊന്‍പതാം നൂറ്റാണ്ട്' അറുപതോളം താരങ്ങളെ അണിനിരത്തി മുന്നോട്ടു കൊണ്ടു പോകാന്‍ എനിക്ക് അവസരം കിട്ടിയത്. അതുകൊണ്ടു തന്നെ ആയിരിക്കാം, എനിക്കു ചേര്‍ന്ന ഒരു നല്ല കഥ ഉണ്ടാക്കിക്കോളൂ. നമുക്കൊരു സിനിമ ചെയ്യാം എന്ന് അമ്മയുടെ പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ എന്നോട് ഇന്നു പറയുന്നത്.

    എല്ലാരോടും സ്‌നേഹം മാത്രമേ ഇന്നു മനസ്സിലുള്ളു. ദ്രോഹിച്ചവരോടു പോലും വിദ്വേഷമില്ല. ജീവിതം എന്ന മഹാ സാഗരത്തിലെ നീര്‍ക്കുമിളകള്‍ മാത്രമാണു നമ്മള്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകാം. അതു വരേയ്കും വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നു മാത്രം. എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: vinayan prithviraj
    English summary
    Director Vinayan Reveals How Prithviraj Starrer Sathyam Got Created And Helped Malayalam Cinema, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X