'രാമന്റെ സീതയായതിന് നന്ദി'; പിറന്നാൾ ദിനത്തിൽ മൃണാളിന് ദുൽഖറിന്റെ കുറിപ്പ്, കമന്റുമായി രശ്‌മിക
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'സീതാ രാമം'. ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ മൃണാൾ താക്കൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്നത്. തെന്നിന്ത്യയുടെ പ്രിയനായിക രശ്‌മിക മന്ദാനയും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ദുൽഖറും മൃണാലും. കേരളത്തിലുൾപ്പെടെ പ്രധാന തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ താരങ്ങൾ പ്രമോഷന്റെ ഭാഗമായി യാത്ര ചെയ്തിരുന്നു. ഈ തിരക്കുകൾക്കിടയിലാണ് മൃണാൾ താക്കൂർ ഇന്ന് തന്റെ മുപ്പത്തൊന്നാം പിറന്നാൾ ആഘോഷിക്കുന്നത്. പ്രൊമോഷൻ ചടങ്ങിനായുള്ള വിമാന യാത്രക്കിടെ ദുൽഖറുൾപ്പടെ 'സീതാ രാമം' ടീം മുഴുവൻ മൃണാലിന് പിറന്നാൾ ആശംസ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

സിനിമയുടെ നിർമാണ കമ്പനിയായ വൈജയന്തി മൂവീസാണ് വിമാനത്തിലെ ആഘോഷം പങ്കുവച്ചത്. എല്ലാവരും ചേർന്ന് മൃണാലിന് ബർത്ത്ഡേ ഗാനം പാടി ആശംസ നൽകുന്നതായിരുന്നു വീഡിയോ അതിനു പിന്നാലെ തന്റെ പ്രിയ നായികയ്ക്ക് ദുൽഖറും ആശംസകൾ നേർന്നു. വിമാനത്താവളത്തിന്റെ റൺവേയിൽ മൃണാലിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോക്ക് ഒപ്പം മനോഹരമായ ഒരു കുറിപ്പും പങ്കുവച്ചുകൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും വീഡിയോയും ഇതിനോടകം ആരാധകരുടെ ശ്രദ്ധനേടി കഴിഞ്ഞു. നടി രശ്‌മിക മന്ദാന ഉൾപ്പെടെയുള്ളവരാണ് ദുൽഖറിന്റെ ഹൃദയം തൊട്ടുള്ള കുറിപ്പിന് കമന്റ് ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെയാണ്.
"പ്രിയമാന സീതാ മഹാലക്ഷ്മി ഗരികി, സീതാരാമന്റെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോൾ ചിത്രത്തിന്റെ കാസ്റ്റോ ടൈറ്റിലോ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷമായ കഥാപാത്രങ്ങളിലൊന്നാണ് സീത മഹാലക്ഷ്മിയെന്നും ഇതിഹാസങ്ങളിൽ സങ്കൽപ്പിച്ചിട്ടുള്ളത് പോലൊരു മുഖമാണ് അവർക്കെന്നും എനിക്കറിയാമായിരുന്നു. പിന്നീട് നിങ്ങൾ സിനിമയിലേക്കു വന്നു, നിങ്ങൾ
ആ സീതയ്ക്ക് ഒരു മുഖവും ജീവനും നൽകി. നമ്മുടെ ആദ്യ കൂടിക്കാഴ്ചയിൽ "മച്ചാ നീ തയ്യാറാണോ?" എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്കറിയാമായിരുന്നു, ഈ സിനിമ നമുക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കുമെന്നും നമ്മൾ നല്ല സുഹൃത്തുക്കളാക്കുമെന്നും. ഏറ്റവും കഠിനമായ ഷൂട്ടിംഗ് ദിനങ്ങളിലും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും നിങ്ങൾ എങ്ങനെയാണ് സീതയെ അവതരിപ്പിച്ചതെന്ന് ഞാൻ കണ്ടു. സീതയായി നിങ്ങൾ ചെയ്തത് ഈ യുഗങ്ങളിലെ ഒന്നാണ്, പ്രേക്ഷകർക്ക് നിങ്ങൾ സീത മഹാലക്ഷ്മി എന്ന പേരിന്റെ പര്യായമായിരിക്കുമെന്ന് ഞാൻ കരുതുന്നു.
രാമന്റെ സീതയായതിന് നന്ദി. ലോകം 'സീതാരാമം' കാണുകയും സീതാ മഹാലക്ഷ്മിയുമായി പ്രണയത്തിലാവുകയും ചെയ്യുന്ന ഓഗസ്റ്റ് അഞ്ചിനായ് കാത്തിരിക്കുന്നു.
സീത ഗാരുവിന് ജന്മദിനാശംസകൾ നേരുന്നു! ഈ സിനിമ നിങ്ങൾക്കുള്ള ഏറ്റവും മികച്ച ജന്മദിന സമ്മാനമായിരിക്കും,
-എന്ന് നിന്റെ രാമൻ"
നേരത്തെ ദുൽഖറിന്റെ പിറന്നാളിന് മൃണാൾ പങ്കുവച്ച കുറിപ്പും ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. "എന്റെ പ്രിയപ്പെട്ട ദുൽഖർ, സീതയും രാമനും തമ്മിൽ ഒരുപാട് കത്തുകൾ കൈമാറിയിട്ടുണ്ട്, എന്നാൽ ഇന്ന് നിങ്ങളുടെ ജന്മദിനത്തിൽ, മൃണാൾ എന്ന പേരിൽ എന്റെ ചിന്തകൾ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു മികച്ച എഴുത്തുകാരിയല്ല, പക്ഷേ ഇത് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ളതാണെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നമ്മൾ ആദ്യമായി കാശ്മീരിൽ വെച്ചാണ് കണ്ടുമുട്ടിയത്, അപ്പോഴാണ് നീ എന്റെ 'മച്ചാ' ആകുമെന്ന് ഞാൻ അറിഞ്ഞത്! നമ്മുടെ ബന്ധം അപൂർവമാണ്, അത് അതിന്റെ ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്, പക്ഷേ നമ്മൾ അപ്പോഴും ഒരുമിച്ച് ചേർന്നു.
സെറ്റിൽ എന്റെ ഡയലോഗുകളിൽ എന്നെ സഹായിച്ചതിന് നന്ദി, എന്നെ പരിപാലിച്ചതിന് നന്ദി, സീതയെ കണ്ടെത്തിയതിന് നന്ദി. ഈ യാത്രയിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി, അതിൽ നിങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇന്ന് ഞാൻ ഒരു മികച്ച മനുഷ്യനാണ്, അതിന്റെ ക്രെഡിറ്റ് നിങ്ങൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നന്ദിയും ദയയും വിനയവും കാണിച്ചതിന് നന്ദി- നിങ്ങൾ ഒരു അപൂർവ വ്യക്തിയാണ്! ജന്മദിനാശംസകൾ ലിയോ! സ്നേഹം, മൃണാൽ താക്കൂർ." എന്നായിരുന്നു മൃണാലിന്റെ കുറിപ്പ്.
ഹനു രാഘവപുടിയാണ് 'സീതാ രാമം' സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. 'സീത' എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ എത്തുന്നത്. രശ്മിക മന്ദാനയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് ചിത്രം പറയുന്നത്. കശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്നാണ് സൂചന. ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം, ഇത് കഴിഞ്ഞു ഉടനെ ഒന്നും തന്റെ ഒരു പ്രണയ ചിത്രമുണ്ടാവില്ലെന്ന് ദുൽഖർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണയ നായകൻ എന്ന വിളി കേട്ട് മടുത്തതിനാൽ ഇനി പ്രണയ ചിത്രങ്ങൾ വേണ്ടന്ന് തീരുമാനിച്ചപ്പോഴാണ് സീതാരാമം വന്നതെന്നും. കഥ നല്ലതായതിനാൽ ചെയ്യുകയായിരുന്നു എന്നും പറഞ്ഞു കൊണ്ടാണ് ഉടനൊന്നും തന്റെ പ്രണയ ചിത്രം ഉണ്ടാവില്ലെന്ന് ദുൽഖർ പറഞ്ഞത്. അതുകൊണ്ട് തന്റെ 'സീതാരാമ'ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ മുഴുവൻ.


Click it and Unblock the Notifications