'ഉറക്കമില്ലാത്ത രാത്രികളും കഠിനാധ്വാനവും....', കുറുപ്പ് 50 കോടി ക്ലബ്ബിൽ!
എവിടെ തിരിഞ്ഞാലും സിനിമാ പ്രേമികൾക്കിടയിൽ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ നായകനായ കുറുപ്പാണ് സംസാര വിഷയം. കൊവിഡിന് ശേഷം ആദ്യം തിയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യകതയോടെയാണ് കുറുപ്പ് ശ്രദ്ധിക്കപ്പെട്ടത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളിൽ വൻ വരവേൽപ്പായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. നവംബർ 12ന് ആണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കോഴിക്കോട്ടുകാരനായ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയായിരുന്നു കുറുപ്പ്.
സെക്കന്റ് ഷോ എന്ന ദുൽഖറിന്റെ ആദ്യ സിനിമ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനായിരുന്നു. ചിത്രം പ്രദർശിപ്പിച്ച തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ ആയി ഇപ്പോഴും ഓടികൊണ്ടിരിക്കുമ്പോൾ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനും സിനിമയുടെ നിർമാതാവുമായ ദുൽഖർ സൽമാൻ. കുറുപ്പ് ബോക്സോഫീസിൽ 50 കോടി ക്ലബ്ബിൽ. ഇടം നേടിയ സന്തോഷമാണ് ദുൽഖർ സൽമാൻ പങ്കുവെച്ചിരിക്കുന്നത്. ദുൽഖർ തന്നെയാണ് ചിത്രം 50 കോടി നേടിയ സന്തോഷം ആരാധകരുമായി സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.
Also Read: 'ഐറ്റം ഡാൻസ്' അവതരിപ്പിക്കാൻ കോടികൾ പ്രതിഫലം ആവശ്യപ്പെട്ട് സാമന്ത

ഉറക്കമില്ലാത്ത രാത്രികളുടെ ഫലപ്രാപ്തിയാണ് ഇപ്പോൾ കാണുന്നത് എന്നാണ് സന്തോഷം പങ്കുവെച്ച് ദുൽഖർ കുറിച്ചത്. 'ഇത് വളരെ വലുതാണ്... എനിക്കത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും സമ്മർദ്ദത്തിന്റേയും എണ്ണമറ്റ നിമിഷങ്ങൾ.... എല്ലാം ഫലം കണ്ടു. സിനിമ ആരംഭിച്ചപ്പോൾ മുതൽ സിനിമയ്ക്ക് ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാനും നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടണമെന്ന് പ്രാർത്ഥിക്കുകയുമാണ് ഞങ്ങൾ ചെയ്തത്. നിങ്ങളോടെല്ലാം എനിക്കുള്ള നന്ദി എങ്ങനെ വാക്കുകളിൽ വിവരിക്കണമെന്ന് അറിയില്ല. ഞങ്ങളെ വിരിഞ്ഞ കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളിൽ തിരിച്ചെത്തിയതിന് നന്ദി. ഞങ്ങൾക്ക് ഇത്രയും സ്നേഹം തന്നതിന് നന്ദി. ഇത് എന്റേതോ.... എന്റെയോ ജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്. ഇനിയും കൂടുതൽ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കാം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു....' ദുൽഖർ കുറിച്ചു.

കുറുപ്പ് ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപയാണ് നേടിയത്. മലയാളംത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും കുറുപ്പ് പ്രേക്ഷകരിലേക്കെത്തി. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങിയ സിനിമ കൂടിയായിരുന്നു കുറുപ്പ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് സിനിമ നിർമിച്ചത്. ജിതിൻ.കെ.ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി.ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 1500ഓളം സ്‌ക്രീനുകളിലാണ് ഒരേസമയം കുറുപ്പ് റിലീസ് ചെയ്തത്.
Recommended Video

നിരവധി യുവതാരങ്ങൾ കുറുപ്പിൽ അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ ചാർളി എന്ന കഥാപാത്രമായി ടൊവിനോ തോമസ് എത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി. സസ്പെൻസ് കാണികൾ നഷ്ടപ്പെടാതിരിക്കനാൻ ഒരു പോസ്റ്ററിൽ പോലും ടൊവിനോയെ അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിരുന്നില്ല. എല്ലാ സിനിമാതിരക്കുകൾക്കിടയിലും ചിത്രത്തിലെ ചാർളിയെന്ന ചെറിയ വേഷം അവതരിപ്പിക്കാൻ ടൊവിനോ എത്തിയതിന് ദുൽഖറും നന്ദി അറിയിച്ചിരുന്നു. 'നമ്മുടെ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് നീ ആയതിനാൽ ഒരു പ്രൊമോയിലോ പോസ്റ്ററിലോ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കുലീനമായ ഒരു മൗനത്തിൽ നീയും ചാർളിയെ ഒളിപ്പിച്ചു. നമ്മൾ കണ്ടുമുട്ടിയത് മുതൽ ഇന്നോളം കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിനും കുറുപ്പിന് നീ തന്ന പിന്തുണയ്ക്കുമെല്ലാം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു' എന്നാണ് ടൊവിനോയുള്ള സ്നേഹം അറിയിച്ച് ദുൽഖർ സൽമാൻ കുറിച്ചത്.


Click it and Unblock the Notifications











