ഹോളിവുഡ് എന്‍ട്രിയ്ക്ക് ഫഹദ് ഫാസില്‍; ഇംതിയാസ് അലിയുടെ പ്രണയകഥയില്‍ നായിക തൃപ്തി ദിമ്രി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഫഹദ് ഫാസില്‍. പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ഫഹദ് ഫാസില്‍ ഇന്ന് ഇന്ത്യന്‍ സിനിമാ ലോകത്ത് മലയാള സിനിമയുടെ മുഖമാണ്. തമിഴിലും തെലുങ്കിലുമെല്ലാം ഇതിനോടകം തന്നെ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഫഹദ് ഫാസില്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം മറ്റ് ഭാഷകളില്‍ ഫഹദ് കയ്യടി നേടിക്കഴിഞ്ഞു.
ഇപ്പോഴിതാ ഫഹദ് ഫാസില്‍ ബോളിവുഡിലേക്കും എത്തുകയാണ്. കാലങ്ങളായി ഫഹദ് ഫാസിലിന്റെ ഹിന്ദി അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വിശാല്‍ ഭരദ്വാജ് അടക്കമുള്ള പ്രമുഖര്‍ ഫഹദിനെ സമീപിച്ചിരുന്നുവെങ്കിലും അന്നെല്ലാം ഫഹദ് ഫാസില്‍ ഓഫറുകള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ ഫഹദ് ഒരാളോട് യെസ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ ഇംതിയാസ് അലിയുടെ സിനിമയിലൂടെയാണ് ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം. പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. റോക്ക് സ്റ്റാര്‍, ജബ് വീ മെറ്റ്, തമാശ, ചംകീല, തുടങ്ങി ബോളിവുഡിലെ ഐക്കോണിക് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഇംതിയാസ് അലി. അദ്ദേഹത്തിന്റെ നായകനായി ഫഹദ് എത്തുന്നുവെന്നത് ആരാധകര്‍ക്ക് വലിയ ആവേശം പകരുന്ന വാര്‍ത്തയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിലെ നായിക തൃപ്തി ദിമ്രിയാണ്. ബുള്‍ബുള്‍, ഖ്വാല തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടിയിട്ടുള്ള നായികയാണ് തൃപ്തി. ഈയ്യടുത്തിറങ്ങിയ ആനിമലിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു. ആനിമലിലൂടെ നാഷണല്‍ ക്രഷ് എന്ന പേരും തൃപ്തിയെ തേടിയെത്തി. ബോളിവുഡിലെ പുത്തന്‍ താരോദയമാണ് തൃപ്തി. ഇരുവരും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ ആവേശം പകരുന്നതാണ്.
സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതൊരു ലവ് സ്റ്റോറിയായിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. തമാശയും, ജബ് വീ മെറ്റും, റോക്ക് സ്റ്റാറുമൊക്കെ ഒരുക്കിയ ഇംതിയാസിന്റെ പ്രണയകഥയില്‍ ഫഹദും തൃപ്തിയും നായകനും നായികയുമായി എത്തുമ്പോള്‍ വലിയ സിനിമ തന്നെയായിരിക്കുമെന്നാണ് ആരാധകര്‍ കണക്കാക്കുന്നത്.
അതേസമയം പുഷ്പ 2 വിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാളെയാണ് ചിത്രം റിലീസ് ചെയ്യുക. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവസാന മണിക്കൂറുകളിലാണ് എത്തുന്നത്. രണ്ടാം ഭാഗത്തില്‍ ഫഹദും അല്ലു അര്‍ജുനും തമ്മിലുള്ള മത്സരമായിരിക്കും എന്നുറപ്പാണ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications