'രണ്ട് മക്കളേയും നഷ്ടമായി, ഞങ്ങള്‍ മാത്രമായി'; ലക്ഷ്മി ഞങ്ങളെ അവഗണിക്കുന്നു: ബാലഭാസ്‌കറിന്റെ അച്ഛന്‍
ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചും തുടര്‍ന്നു നടന്ന വിവാദ പരമ്പരയെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം ലക്ഷ്മി ബാലഭാസ്‌കര്‍ സംസാരിക്കുകയുണ്ടായി. ബാലുവിന്റേയും മകളുടേയും ജീവന്‍ കവര്‍ന്ന അപകടമുണ്ടായി ആറു വര്‍ഷത്തിന് ശേഷമാണ് ലക്ഷ്മി മൗനം വെടിയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്ന് നടന്നതിനെക്കുറിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളെപ്പറ്റിയും ലക്ഷ്മി സംസാരിക്കുന്നത്.
ഇപ്പോഴിതാ ലക്ഷ്മിയുടെ അഭിമുഖത്തെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സികെ ഉണ്ണി. മഴവില്‍ കേരളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. തങ്ങള്‍ എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഞങ്ങള്‍ക്ക് സംശയം തോന്നി. അതിനുള്ള ന്യായീകരണങ്ങളുണ്ട്. പല കാര്യങ്ങളുണ്ടെന്നാണ് അച്ഛന്‍ പറയുന്നത്. സ്വര്‍ണ്ണക്കടത്ത് മാഫിയയിലെ പ്രധാനപ്പെട്ട രണ്ട് പേരാണ് വിഷ്ണുവും തമ്പിയും. അവര്‍ എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു. അവര്‍ അവന്റെ കയ്യില്‍ നിന്നും ഒരുപാട് പണവും വാങ്ങിയിരുന്നു. ബാലുവിന്റെ കയ്യില്‍ നിന്നും 50 ലക്ഷം വാങ്ങിയതായി വിഷ്ണു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എത്രയൊക്കെ വാങ്ങിയിട്ടുണ്ടെന്നൊന്നും അറിയില്ല. ഇന്റര്‍വ്യുവില്‍ വിഷ്ണുവിനേയും തമ്പിയേയും കുറിച്ച് ലക്ഷ്മി പറയുന്നേയില്ല എന്നും ഉണ്ണി പറയുന്നു.
വിഷ്ണുവും തമ്പിയും വീട്ടില്‍ വരുമായിരുന്നു. വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജരും തമ്പി പ്രോഗ്രാം മാനേജരുമായിരുന്നു. രണ്ടു പേരും സ്വര്‍ണ കള്ളക്കടത്തുകാര്‍ തന്നെയായിരുന്നു. രണ്ട് പേരും വിശ്വസിക്കാന്‍ കൊള്ളരുതാത്തവരാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ബാലുവിന്റെ അച്ഛന്‍ പറയുന്നു.
അതേസമയം ലക്ഷ്മി തങ്ങളോട് സംസാരിക്കാറില്ല. ബാലു മരിച്ച ശേഷം ഒന്നോ രണ്ടോ തവണ അവരുടെ അടുത്ത് പോയിരുന്നു. പക്ഷെ അവര്‍ക്ക് ഞങ്ങളോട് സംസാരിക്കാന്‍ യാതൊരു താല്‍പര്യവുമില്ല. അവഗണിക്കുകയാണ്. എന്താണ് കാരണമെന്ന് അറിയില്ല. അവരോട് വൈരാഗ്യത്തോടെ പെരുമാറുകയോ വഴക്കുണ്ടാവുകയോ ചെയ്തിട്ടില്ല. അവരോട് തനിക്ക് ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു.
ലക്ഷ്മി പറഞ്ഞതില്‍ കള്ളമൊന്നും ഉണ്ടാകില്ല. തമ്പിയേയും വിഷ്ണുവിനേയും കുറിച്ച് പറയാത്തതാണ് മനസിലാകാത്തത് എന്നാണ് ബാലുവിന്റെ അച്ഛന്‍ പറയുന്നത്. ബാലുവിന്റേയും ലക്ഷ്മിയുടേയും കല്യാണം നടന്നത് കുറച്ച് പ്രശ്‌നങ്ങളിലൂടെയാണ്. അതിനാല്‍ കുടുംബങ്ങള്‍ തമ്മില്‍ സഹകരണമുണ്ടായിരുന്നില്ല. ബാലു ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ പോകുമായിരുന്നു. അവള്‍ ഇങ്ങ് വരാറുണ്ടായിരുന്നില്ല. അവന്‍ കൊണ്ടു വരില്ലായിരുന്നു എന്നാണ് ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞത്. ഞാന്‍ മിക്കവാറും പോകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ലക്ഷ്മി കലയെ സ്‌നേഹിച്ചിരുന്നില്ല. അവനോട് അവര്‍ക്ക് എത്ര സ്‌നേഹമുണ്ടായിരുന്നു എന്നും അറിയില്ല. പൊതുവെ ലക്ഷ്മിയുടേത് നെഗ്ലിജെന്റ് ആറ്റിട്യൂഡ് ആണെന്നാണ് എനിക്ക് തോന്നിയിരുന്നത്. കല്യാണത്തിന് രണ്ട് മൂന്ന് കൊല്ലം കാത്തിരിക്കാന്‍ താന്‍ പറഞ്ഞതാണ്. എന്നാല്‍ 21-ാം വയസില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബാലുവിനെ കല്യാണം കഴിപ്പിച്ചു. എല്ലാം കുഴഞ്ഞു മറിഞ്ഞായിരുന്നു. ബാലുവിന്റെ ജീവിതം തന്നെ അങ്ങനെയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

ലക്ഷ്മിയ്ക്ക് ആരേയും ഭയമുണ്ടെന്ന് തോന്നുന്നില്ല. താനും ബാലുവും അടുപ്പത്തിലാണെന്നും കല്യാണം കഴിക്കാന്‍ തീരുമാനിച്ചുവെന്നും തന്നോട് പറഞ്ഞത് ലക്ഷ്മി തന്നെയാണെന്നും അച്ഛന്‍ പറയുന്നുണ്ട്. ലക്ഷ്മിയ്ക്കും ബാലുവിനും താമസിക്കാനുള്ള വാടക വീടിന്റെ കരാറില്‍ ഒപ്പിട്ടത് താനായിരുന്നുവെന്നും അച്ഛന്‍ പറയുന്നുണ്ട്.
ഒരു മകനും ഒരു മകളുമാണ് ഞങ്ങള്‍ക്ക്. മകന്‍ മരിച്ചു പോയി. മകള്‍ക്ക് സുഖമില്ലായിരുന്നു. അവളും മരിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു മക്കളേയു നഷ്ടമായി. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ എന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











