നിവിൻ ചേട്ടൻ ഇരയായതിൽ വിഷമമുണ്ട്; കാസ്റ്റിംഗ് കൗച്ചിന് ശ്രമിച്ചയാളെ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്
മലയാള സിനിമയിൽ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരെ കീഴടക്കിയ താരമാണ് ഗോകുൽ സുരേഷ്. അച്ഛനെ പോലെ പ്രത്യക്ഷത്തിൽ മാസ് അല്ല. പക്ഷേ തനിക്കെതിരെയോ അച്ഛനെതിരെയോ വരുന്ന ആക്രമണങ്ങൾ കൃത്യമായ മറുപടി പറയാൻ ഗോകുലിന് യാതൊരു മടിയുമില്ല. 2016ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സിനിമയിലെത്തുന്നത്. അതിനു ശേഷം മാസ്റ്റർപീസ്, ഇര, സൂത്രക്കാരൻ, പാപ്പൻ, സായന്ന വാർത്തകൾ, കിംഗ് ഓഫ് കൊത്ത എന്നീ സിനിമകളിൽ അഭിനയിച്ചു.
ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന പ്രതിസന്ധി വേദനാജനകമാണ്. നിരപരാധികളായ വ്യക്തികൾക്കു നേരെയും ആക്രമണ മനോഭാവമാണ്. അതിനു ഉദാഹരണമാണ് നിവിൻ പോളിക്കു നേരെ ഉയർന്ന ആരോപണം. നിവിൻ പോളി നേരിട്ട ആരോപണത്തെ കുറിച്ചും മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഫിൽമിബീറ്റ് മലയാളം ചാനലിലൂടെ ഗോകുൽ സുരേഷ് സംസാരിക്കുന്നു.

"കാസ്റ്റിംഗ് കൗച്ചിനെ തടയുന്ന ഒരു മെയിൽ ആക്ടറിന് ആ സിനിമ നഷ്ടപ്പെട്ടേക്കാം. അതിനു സമാനമായ ഒരു അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ഞാൻ തന്നെ നേരിട്ട് കാസ്റ്റിംഗ് കൗച്ചിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്കാ സിനിമ നഷ്ടപ്പെട്ടു. അന്ന് ആ സ്ത്രീ മാത്രമല്ല ഞാനും ബാധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പല രീതിയിൽ വളച്ചൊടിക്കപ്പെടുന്നുണ്ട്.
അതിനാൽ തന്നെ ഈ പ്രശ്നങ്ങളെല്ലാം സിനിമാ ഇന്റസ്ട്രിയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് മാറി മറയാൻ കാരണമാവും. അത്തരമൊരു സാഹചര്യത്തിലാണ് നിവിൻ ചേട്ടനെതിരായിട്ട് ആരോപണം എത്തിയത്. എന്നാൽ അത് വ്യജമാണെന്ന് തെളിയുന്നു. ഇപ്പോൾ ജനങ്ങൾക്കു കുറച്ചു കൂടി വ്യക്തത വന്നേക്കാം. പലപ്പോഴും പുരുഷനും ഇരയാവുന്നുണ്ട് എന്ന് ഈ ആരോപണത്തിലൂടെ വ്യക്തമായി കഴിഞ്ഞു. ഹേമ കമ്മിറ്റി പോലൊരു സ്റ്റേജ് വന്നപ്പോഴാണ് ഇരകളായവർ മുന്നോട്ട് വരുന്നത്. ഇവർ പറയുന്നതെല്ലാം സത്യമാണെങ്കിൽ ഇരയാക്കപ്പെട്ടവർക്ക് തീർച്ചയായും നീതി ലഭിക്കണം.
പക്ഷേ ഇപ്പോൾ നിവിൻ ചേട്ടനെ പോലുള്ള നിരപരാധിയായിട്ടുള്ള ആളുകൾക്കും നീതി ലഭിക്കണം. ഞാൻ കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ എന്റെ ഹീറോ ആയിരുന്നു നിവിൻ ചേട്ടൻ. പുള്ളിക്കാരൻ ഇതിൽ ഒരു ഇരയായെന്ന് അറിഞ്ഞതിൽ എനിക്ക് വിഷമം ഉണ്ട്. ഇവിടെ ഇത്തരത്തിൽ വിശ്വസിക്കാൻ സാധിക്കാത്ത ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ഇതിനെല്ലാം ഉത്തരം തരേണ്ടത് ഉത്തരവാദിത്തപ്പെട്ട അതോറിറ്റിയാണ്." ഗോകുൽ സുരേഷ് പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ രണ്ട് രീതിയിൽ ആളുകളെ എഫക്ട് ചെയ്യുമെന്നാണ് ഗോകുൽ പറയുന്നത്. "അതായത് സിനിമാ മോഹവുമായി നിരവധി സ്ത്രീകളും പുരുഷൻമാരും എത്തുന്നുണ്ട്. അവർക്ക് പല രീതിയിൽ ഈ ഹേമ കമ്മിറ്റി ബാധിക്കാം. ഒന്ന് ഒരു സപ്പോർട്ട് സിസ്റ്റമായി മാറാൻ സാധിക്കും. എന്നാൽ ഫേയ്ക്ക് വിക്ടിം കാർഡ് ഉപയോഗിക്കുന്നവർക്ക് ഇന്റസ്ട്രിയെ തകർക്കാൻ സാധിക്കും. ഇത്രയും കോടികൾ ലാഭം കിട്ടുന്ന ഇത്രയും വലിയ ഇന്റസ്ട്രിയെ അനാവശ്യമായി അടച്ച് ആക്ഷേപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
മലയാളത്തിൽ മാത്രമല്ല ഇങ്ങനെ നടക്കുന്നത്. മറ്റു ഇന്റസ്ട്രികൾ ഇതിന്റെ ഇരട്ടി പ്രശ്നങ്ങൾ നടക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരം അനുഭവങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്." ഗോകുൽ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications