പണി വരുന്നുണ്ട് അവറാച്ചാ.. അമ്മയെ ചീത്ത വിളിച്ചവനെതിരെ കേസെടുത്തു: ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറൽ
സിനിമാ സംഗീത മേഖലയിൽ അതിമനോഹര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുഗു, സിനിമകളിലെ പാട്ടുകളും ചെയ്തിട്ടുണ്ട്. ഒരു സംഗീത സംവിധായകൻ ഇത്രയും ആക്രമണം സോഷ്യൽ മീഡിയയിലൂടെ നേരിട്ടു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് ഗോപി സുന്ദർ മാത്രമാണ്. ഏതൊരു പെൺകുട്ടിക്കൊപ്പം ചിത്രങ്ങൾ പങ്കുവെച്ചാലും പോസ്റ്റിനു താഴെ മോശം കമന്റുകളാണ് വരുന്നത്.
അടുത്തിടെ അത്തരത്തിൽ നിരവധി കമന്റുകൾ വരികയും അവക്ക് കൃത്യമായ മറുപടികൾ കമൻ്റ് ബോക്സിൽ തന്നെ ഗോപി സുന്ദർ നൽകിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിനു താഴെ സുധി എസ് നായർ എന്നയാൾ ഗോപി സുന്ദറിന്റെ അമ്മയെ കുറിച്ച് മോശമായി സംസാരിച്ചു. മോശം എന്നല്ല അശ്ലീല ചുവയുള്ള ഭാഷയിലായിരുന്നു ആ കമന്റ് ഉണ്ടായിരുന്നത്. ആ കമന്റ് ബോക്സ് ഗോപി സുന്ദർ സ്ക്രീൻ ഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കമന്റിട്ടയാൾക്കെതിരെ കേസ് കൊടുക്കുന്നു.

"സ്വകാര്യതയിലേക്കുള്ള ഏതൊരു കടന്നുകയറ്റവും സ്വാഗതാർഹമല്ല!" എന്ന തലക്കെട്ടുമായാണ് ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ് എത്തിയത്. ഒന്നുമറിയാത്ത പാവം അമ്മയെ കുറിച്ച് അശ്ലീലമായി സംസാരിച്ചതിനു ഗോപിയുടെ പ്രതിഷേധവും പുതിയ പോസ്റ്റ് വായിക്കുമ്പോൾ മനസിലാക്കാം. ഇന്നലെ പരാതി കൊടുക്കാൻ പോയതിന്റെ ചിത്രവും ഫേസ്ബുക്കിലൂടെ തന്നെ ഗോപി പങ്കു വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
"പ്രിയ സുഹൃത്തുക്കളെ, ആശയവിനിമയത്തിനുള്ള ഫലപ്രദമായ ഉപകരണമായി സോഷ്യൽ മീഡിയ കാലക്രമേണ നമ്മളെ കൂടുതൽ അടുപ്പിച്ചു. എന്നാൽ, ചില സാമൂഹിക വിരുദ്ധർ ഇതിനെ വിഷലിപ്തമാക്കി. എനിക്കെതിരെ മാത്രമല്ല, ഈ പ്ലാറ്റ്‌ഫോം പോലും ഉപയോഗിക്കാത്ത എൻ്റെ നിരപരാധിയായ അമ്മയ്‌ക്കെതിരെ ഒരു വ്യക്തി അടുത്തിടെ നടത്തിയ അശ്ലീല പരാമർശങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കാം. ആത്മനിയന്ത്രണം ഒഴിവാക്കി നടപടിയിലേക്ക് മാറാൻ ഞാൻ നിർബന്ധിതനായി.
ഉചിതമായ നിയമ നടപടികൾക്കൊപ്പം എഫ്ഐആർ ഉം രജിസ്റ്റർ ചെയ്തു. അരോചകവും നിയമവിരുദ്ധവുമായ കണ്ടന്റ്, പോസ്റ്റ് എന്നിവയ്ക്കെതിരെ ഇനിമേൽ ഉചിതമായ നടപടി സ്വീകരിക്കും എന്ന് മേല്പറഞ്ഞപോലുള്ള ആളുകളെയും കണ്ടന്റ് ക്രിയേറ്റഴ്‌സിനേയും ഇതിനാൽ അറിയിക്കുന്നു. നിയമപ്രകാരം ശിക്ഷാർഹമായ ചില കുറ്റകൃത്യങ്ങളുടെ ഒരു ലിസ്റ്റ് താഴെ ചേർത്തിട്ടുണ്ട്. ഭാവിയിൽ ഇത്തരമൊരു സാഹചര്യം നേരിട്ടേക്കാവുന്ന നമ്മുടെ സുഹൃത്തുക്കൾക്കും ഇത് പ്രയോജനപ്പെട്ടേക്കാം."

ഇതുവരെ ഇത്തരത്തിലൊരു ആക്ഷനിലേക്ക് താരം പോയിരുന്നില്ല. ഗോപി സുന്ദറുമായി വ്യക്തിപരമായി ബന്ധമില്ലാത്ത പെൺകുട്ടികളെ പോലും ഗോപിയുടെ വാളിൽ കണ്ടാൽ മോശം കമന്റുകളാണ് വരുന്നത്. സുധി എസ് നായരെ തിരയുകയാണ് സോഷ്യൽ മീഡിയ. അതിനിടയിൽ ഗോപി സുന്ദർ തന്നെ തന്റെ ഫേസ്ബുക്കിൽ ആ വ്യക്തിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഷെയർ ചെയ്തിട്ടുണ്ട്.
"വ്യക്തി ജീവിതത്തിൽ കടന്നു കയറ്റം ചെയ്യുന്ന എല്ലാവർക്കും പണി വരുന്നുണ്ട്. സുധി എസ് നായരുടെ ചിത്രങ്ങൾ അയാളുടെ അനുമതിയില്ലാതെ ഞാൻ എടുക്കുന്നു. പണി വരുന്നുണ്ട് അവറാച്ചാ..." എന്നാണ് പ്രൊഫൈൽ ഷെയർ ചെയ്ത പോസ്റ്റിനു താഴെ ഗോപി സുന്ദർ പറഞ്ഞത്. ഏത് മാനസികാവസ്ഥയിൽ പറഞ്ഞ കാര്യമാണെങ്കിലും ഒരാളുടെ അമ്മയെ ഇത്രയും അശ്ലീലം പറയുന്നത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. എന്തായാലും ഈ ഒരു പോസ്റ്റോടെ സ്ഥിരമായി ഗോപി സുന്ദറിന്റെ ചിത്രങ്ങൾക്ക് വരുന്ന മോശം കമന്റുകളും അവസാനിക്കും.


Click it and Unblock the Notifications











