'നിങ്ങളൊരു മാന്ത്രികനാണ്'; അഹാനയ്ക്കായി തെരുവുകള്‍ നീ വയലിനില്‍ വായിച്ച് ഗോവിന്ദ് വസന്ത
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡയയിലും താരമാണ് അഹാന. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സിനിമയായ സ്റ്റീവ് ലോപ്പസിന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്തയായിരുന്നു. ചിത്രത്തിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
ഇപ്പോഴിതാ താന്‍ അഭിനയിച്ച അതേ ഗാനം അതിന്റെ സംഗീത സംവിധായകനില്‍ നിന്നും വീണ്ടും കേള്‍ക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ. ചെന്നൈയില്‍ വച്ച് ഗോവിന്ദും അഹാനയും കണ്ടപ്പോഴാണ് ഗോവിന്ദ് അഹാനയ്ക്കായി വയലിനില്‍ പാട്ട് വായിച്ചത്. തെരുവുകള്‍ നീ എന്ന ഗാനമാണ് ഗോവിന്ദ് വയലിനില്‍ വായിച്ചത്.

ഗോവിന്ദിന്റെ മുന്നില്‍ പാട്ടില്‍ മുഴുകി ഇരിക്കുന്ന അഹാനയാണ് വീഡിയോയിലുള്ളത്. ഗോവിന്ദിന്റെ വയലില്‍ വായനയെ കുറിച്ചും പാട്ടിനെ കുറിച്ചുമെല്ലാം അഹാന മനസ് തുറക്കുകയാണ്. അഹാനയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സ്റ്റീവ് ലോപ്പസ് ആയിരുന്നു എന്റെ ആദ്യ സിനിമ എന്നത് എന്നും എനിക്ക് അഭിമാനമാണ്. ഗോവിന്ദ് വസന്തയുടെ ഈ മനോഹരമായ ആത്മാവുള്ള പാട്ടും. ഗോവിന്ദ് വസന്ത ഒരുക്കിയ സ്വര്‍ഗീയമായ ഈ പാട്ട് ആദ്യമായി കേള്‍ക്കുന്നത് സൗണ്ട് ക്ലൗഡിലാണ്. പിന്നെയിത് സ്ഥിരമായി. ഈ പാട്ട് എന്നെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും തളര്‍ത്തുകയും പ്രതീക്ഷ നല്‍കുകയും ചെയ്യും.
രണ്ട് ആഴ്ച മുമ്പ് ചെന്നൈയില്‍ ഗോവിന്ദ് വസന്തയെ കണ്ടുമുട്ടിയപ്പോള്‍ ഈ പാട്ട് വായിക്കാന്‍ ചോദിക്കാതിരിക്കാനായില്ല. അദ്ദേഹം വായിച്ചു കഴിഞ്ഞ ശേഷവും ആ പാട്ടിലായിരുന്നു ഞാന്‍. കയ്യടിക്കാനുള്ള ഊര്‍ജം പോലുമുണ്ടായിരുന്നില്ല. എന്റേതെന്നു പറയാന്‍ ഇങ്ങനൊരു പാട്ടുള്ളതില്‍ എനിക്ക് നന്ദിയുണ്ട്. ഗോവിന്ദ് വസന്ത, നിങ്ങളൊരു മാന്ത്രികനാണ്. നിങ്ങള്‍ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ സാധിച്ചത് ഭാഗ്യമാണ്.


Click it and Unblock the Notifications











