ഉപദ്രവിച്ച നടന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നു; ഒരു ഷോട്ടിന് 17 റീ ടേക്കുകള്‍; വെളിപ്പെടുത്തി നടി
മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യങ്ങള്‍ വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് നടിമാര്‍ വിധേയരാകുന്നുണ്ടെന്നാണ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രമുഖ താരങ്ങള്‍ അടക്കം ലൈംഗിക ചൂഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവസരങ്ങള്‍ക്ക് പകരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതായും നിരസിക്കുന്നവരെ പ്രശ്‌നക്കാരായി മുദ്രകുത്തി വേട്ടയാടുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മോശം അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപ്രദവിച്ച ആളിന്റെ ഭാര്യയായി തന്നെ അഭിനയിക്കേണ്ടി വന്നുവെന്നും ഒരു നടി ഹേമ കമ്മറ്റിയ്ക്ക് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. തലേദിവസത്തെ സംഭവം തന്നെ മാനസികമായി തകര്‍ക്കുന്നതായിരുന്നു. ഇതിനാല്‍ ഒരു ഷോട്ടിന് പകരം 17 ടേക്കുകള്‍ എടുക്കേണ്ടി വന്നുവെന്നും നടി മൊഴിയില്‍ പറയുന്നുണ്ട്.

ഷോട്ട് നീണ്ടു പോയതോടെ സംവിധായകന്‍ തന്നെ രൂഷമായ ഭാഷയില്‍ വിമര്‍ശിച്ചുവെന്നാണ് നടി പറയുന്നത്. കരാറില്‍ ഇല്ലാത്ത ശരീര പ്രദര്‍ശനവും ലിപ് ലോക്ക് സീനുകളും ചെയ്യിപ്പിച്ചതായും നടി മൊഴിയില്‍ പറയുന്നുണ്ട്. മറ്റുള്ളവരെ പോലെ തന്നെ നടിമാര്‍ ഈ മേഖയിലേക്ക് വരുന്നത് കലയോടുള്ള പാഷന്‍ മൂലമാണെന്നത് അംഗീകരിക്കാന്‍ മേഖയിലെ പുരുഷന്മാര്‍ തയ്യാറാകുന്നില്ലെന്നാണ് മൊഴിയില്‍ നടി പറയുന്നത്.
നടിമാര്‍ വരുന്നത് പേരിനും പ്രശസ്തിയ്ക്കും വേണ്ടിയാണെന്നാണ് പുരുഷന്മാരുടെ ധാരണം. അവസരത്തിനായി പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ അതിനാല്‍ അവര്‍ തയ്യാറാകുമെന്നാണ് പലരുടേയും ചിന്തയെന്നാണ് മൊഴിയില്‍ പറയുന്നത്. ചൂഷണത്തെ എതിര്‍ക്കുകയാണെങ്കില്‍ സിനിമയിലേക്ക് വിളിക്കില്ല. ഇതോടെ പലരും ചൂഷണത്തെ നിശബ്ദമായി സഹിക്കുകയാണ്.
ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്ന് ഒരു നടിയോട് ചോദിച്ചപ്പോള്‍ ചിലപ്പോള്‍ ഉണ്ടാകാമെന്നും പക്ഷെ പരസ്യമായി പറയാന്‍ ഭയമാണെന്നുമായിരുന്നു മറുപടി. നടിമാര്‍ക്ക് കൃത്യമായ വേതനം നല്‍കാതെ പറ്റിക്കുന്നുവെന്നും മൊഴിയില്‍ പറയുന്നു. കരാറില്‍ പറയുന്ന തുകയില്‍ നിന്നും വലിയ അന്തരമുണ്ട് ലഭിക്കുന്ന തുകയ്‌ക്കെന്നും മൊഴിയില്‍ പറയുന്നുണ്ട്.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്കെല്ലാം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാംസ്‌കാരിക വകുപ്പ് നല്‍കിയിട്ടുണ്ട്. 233 പേജുകളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. റിപ്പോര്‍ട്ടിന്റെ 49ാം പേജിലെ 96ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

ആകാശം ഏറെ നിഗൂഢമായ സ്ഥലമാണ്. അവിടെ തിളങ്ങുന്ന നക്ഷത്രങ്ങളും സൗന്ദര്യത്തിന്റെ പ്രതീകമായ ചന്ദ്രനേയും കാണാം. പക്ഷേ ശാസ്ത്രീയമായി പറഞ്ഞാല്‍ നക്ഷത്രങ്ങള്‍ തിളങ്ങാറില്ല. മാത്രമല്ല ദൂരത്ത് നിന്ന് കാണുന്ന പോലെ ചന്ദ്രന്‍ അത്ര മനോഹരമല്ല. കാണുന്നത് ഒന്നും പൂര്‍ണമായും വിശ്വസിക്കരുത്. ചിലപ്പോള്‍ ഉപ്പ് കാണുമ്പോള്‍ പഞ്ചസാരയാണെന്ന് കരുതും എന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
മലയാള സിനിമയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത് 2017 ജൂലൈയിലായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. കെ ഹേമയ്ക്ക് പുറമെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.


Click it and Unblock the Notifications











