'കോപ്പറേറ്റിംഗ് ആര്‍ടിസ്റ്റുകള്‍' എന്ന കോഡ് ഭാഷ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്
വർഷങ്ങളായി കാത്തിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു. മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോർട്ട് ചർച്ച ചെയ്യുന്നത്. മുഴുവൻ സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ട് പ്രകാരം പറയുന്നത്. ഏറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ഒറിജിനൽ പകർപ്പിലുള്ള ചില ഭാഗങ്ങൾ ഇതുവരെ സർക്കാർ പുറത്ത് വിട്ടിട്ടില്ല.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കെല്ലാം റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയിട്ടുണ്ട്. 233 പേജുകളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറിയിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി. 49ാം പേജിലെ 96ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്. ഇതെല്ലാം കൃത്യമായ രേഖകളോടെ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഹൈലി കോൺഫിഡൻഷ്യലായ പേരുകളാണ് ഇരകൾ പറഞ്ഞതെന്ന് ഇതിലൂടെ വ്യക്തമാണ്.

റിപ്പോർട്ട് തുടങ്ങുമ്പോൾ പറയുന്നത് "ആകാശം ഏറെ നിഗൂഢമായ സ്ഥലമാണ്. അവിടെ തിളങ്ങുന്ന നക്ഷത്രങ്ങളും സൗന്ദര്യത്തിന്റെ പ്രതീകമായ ചന്ദ്രനേയും കാണാം. പക്ഷേ ശാസ്ത്രീയമായി പറഞ്ഞാൽ നക്ഷത്രങ്ങൾ തിളങ്ങാറില്ല. മാത്രമല്ല ദൂരത്ത് നിന്ന് കാണുന്ന പോലെ ചന്ദ്രൻ അത്ര മനോഹരമല്ല. കാണുന്നത് ഒന്നും പൂർണമായും വിശ്വസിക്കരുത്. ചിലപ്പോൾ ഉപ്പ് കാണുമ്പോൾ പഞ്ചസാരയാണെന്ന് കരുതും." ഇതിൽ നിന്നും വളരെ വ്യക്തമാണ് മലയാള സിനിമയിലെ പ്രമുഖരായ പല താരങ്ങളും റിപ്പോർട്ട് പ്രകാരം ഉൾപ്പെട്ടിട്ടുണ്ട്.
സിനിമ രംഗത്ത് ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നത് അവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നായി മാറുന്നു. അത്തരത്തിൽ ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുന്നവർക്ക് അവസരങ്ങൾ നൽകില്ലെന്നും, മറ്റു രീതിയിൽ ഉപദ്രവിക്കുമെന്നും എന്നാണ് പലരും മൊഴി നല്‍കിയത്. മാത്രമല്ല ചൂഷണ വിവരം പുറത്തു പറഞ്ഞാലും അവസരം നഷ്ടപ്പെടുത്തുമെന്നാണ് പറയുന്നത്. പല സിനിമാ സെറ്റിലും ഇടനിലക്കാരുണ്ട്. ഇവർ വിട്ടുവീഴ്ചകള്‍ ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നവരെ 'കോപ്പറേറ്റിംഗ് ആര്‍ടിസ്റ്റുകള്‍' എന്ന കോഡ് ഭാഷയിലാണ് സിനിമ രംഗത്ത് അറിയപ്പെടുന്നത് എന്നാണ് ഒരാൾ മൊഴി നൽകിയത്.

മലയാള സിനിമയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത് 2017 ജൂലൈയിലായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചത്. നിരവധി ആളുകളുടെ ആവശ്യപ്രകാരമാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിക്കുന്നത്. കെ ഹേമയ്ക്ക് പുറമെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.
നടി ആക്രമിച്ച കേസ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എന്നാൽ നടി ആക്രമിച്ച കേസ് ആണ് ആദ്യമായി പുറത്തു വന്നത് എന്നു മാത്രമാണ്. അതിനാൽ അതിനു മുന്നേയും അതിനു ശേഷവും നിരവധി ആക്രമണങ്ങൾ സ്ത്രീകൾക്കെതിരെ മലയാള സിനിമയിൽ സംഭവിക്കുന്നുണ്ട് എന്നാണ് കമ്മിറ്റി വ്യക്തമാക്കുന്നത്.


Click it and Unblock the Notifications