ഇനി സിനിമയുടെ വസന്തകാലം; 29-ാമത് ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തുടക്കം
തലസ്ഥാനത്ത് ഇനി സിനിമയുടെ വസന്തം. 29-ാമത്ത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറ് മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. നടി ഷബാന അസ്മിയാണ് ഇത്തവണ വിശിഷ്ടാതിഥിയായി എത്തുന്നത്. സിനിമാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷബാന അസ്മിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും. ഇന്ത്യന്‍ സിനിമ കണ്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഷബാന അസ്മി.
ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള പുരസ്‌കാരവും നല്‍കും. 10 ലക്ഷവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്റെ ഐ ആം സ്റ്റില്‍ ഹിയര്‍ ആയിരിക്കും ഉദ്ഘാടന ചിത്രം. പോര്‍ച്ചുഗീസ് ഭാഷയിലാണ് സിനിമയൊരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 15 തീയേറ്ററുകളാണ് മേളയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. 68 രാജ്യങ്ങളില്‍ നിന്നായി 177 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അതേസമയം കാനില്‍ പുരസ്‌കാരം നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒരുക്കിയ പായല്‍ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമാപന ചടങ്ങില്‍ വച്ച് സമ്മാനിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ നൗ എന്ന വിഭാഗത്തില്‍ ഏഴ് സിനിമകളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം ഫെസ്റ്റിവല്‍ ഫേവറേറ്റ്‌സ് എന്ന വിഭാഗത്തില്‍ രാജ്യാന്തര ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയ സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











