ജയറാമും വിജയ് സേതുപതിയും ഒന്നിക്കുന്ന മാര്‍ക്കോണി മത്തായി! ടൈറ്റില്‍ പുറത്തുവിട്ട് അണിയറക്കാര്‍
ജയറാമും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാര്‍ക്കോണി മത്തായി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. സനില്‍ കളത്തിലാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാകും ഇരുവരും എത്തുക. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. ഗോവ, ചെന്നൈ,എറണാകുളം,ചങ്ങനാശ്ശേരി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ എക്‌സ് മിലിട്ടറി മാന്‍ ആയ മത്തായി എന്ന കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്.

രജീഷ് മിഥിലയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സാജന്‍ കളത്തില്‍ ഛായാഗ്രഹണവും എം ജയചന്ദ്രന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. മലയാള സിനിമയോടും താരങ്ങളോടുമുളള ഇഷ്ടം മിക്ക വേദികളിലും വിജയ് സേതുപതി പങ്കുവെക്കാറുണ്ട്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ മാര്‍ക്കോണി മത്തായിയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.


Click it and Unblock the Notifications











