സുരേഷ് ഗോപിയുടെ ഡിറ്റക്ടീവിന് രണ്ടാം ഭാഗം, റാം എന്നെത്തും? ജീത്തു ജോസഫ് പറയുന്നു
ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിലൂടെ മലയാള സിനിമയുടെ മുഖം തന്നെ മാറ്റിക്കളഞ്ഞ സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യത്തിന് മറ്റ് ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും വരെ റീമേക്കുകള്‍ പിറന്നത് തന്നെ മതി
ആ വിജയത്തിന്റെ വ്യാപ്തി വ്യക്തമാകാന്‍. എന്തിനേറെ പറയുന്നു ദൃശ്യത്തിന്റെ റീമേക്ക് സാധ്യതകള്‍ അന്വേഷിച്ചു കൊണ്ട് ഹോളിവുഡില്‍ നിന്നുവരെ തന്നെ തേടി വിളികള്‍ വന്നിരുന്നുവെന്നാണ് ജീത്തു പറയുന്നത്.
ദൃശ്യത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനെങ്കില്‍ ജീത്തുവിന്റെ അരങ്ങേറ്റ ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരമായിരുന്നു നായകന്‍. സുരഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ഡിറ്റക്ടീവായിരുന്നു ജീത്തുവിന്റെ ആദ്യ സിനിമ. തീയേറ്ററുകളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ നേടനായില്ലെങ്കിലും നല്ലൊരു ത്രില്ലര്‍ സിനിമയാണെന്ന് പിന്നീട് അഭിപ്രായം നേടാന്‍ ഡിറ്റക്ടീവിന് സാധിച്ചിരുന്നു. ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ പ്രചരിച്ച മറ്റൊരു വാര്‍ത്തയായിരുന്നു ഡിറ്റക്ടീവിന് രണ്ടാം ഭാഗം വരുന്നുവെന്നത്.

ഇപ്പോഴിതാ ഡിറ്റക്ടീവിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു മനസ് തുറന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്ന് ജീത്തു വ്യക്തമാക്കുന്നു. മമ്പൊരിക്കല്‍ ഒരു അഭിമുഖത്തിനിടെ ഡിറ്റക്ടീവ് ചെയ്തപ്പോള്‍ അതിനൊരു രണ്ടാം ഭാഗത്തിനുള്ള കഥ തന്‌റെ പക്കലുണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് ജീത്തു പറഞ്ഞു. ആ കഥ മറ്റൊരു രീതിയില്‍ താന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും പറഞ്ഞിരുന്നുവെന്നും ജീത്തു വെളിപ്പെടുത്തി.

ആ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഡിറ്റക്ടീവിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നതെന്നും ജീത്തു പറഞ്ഞു. എന്നാല്‍ ഡിറ്റക്ടീവിന്റെ രണ്ടാം ഭാഗം വരുന്നില്ലെന്നും അത്തരത്തില്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ജീത്തു വ്യക്തമാക്കി. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ഡിറ്റക്ടീവ് കുറ്റാന്വേഷണ കഥയാണ് പറയുന്നത്. ആരാണ് കൊലയാളി എന്ന കാര്യത്തില്‍ അവസാന നിമിഷം വരെ ആകാംഷ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്. 2007ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

അതേസമയം, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ജീത്തു ജോസഫ് ചിത്രമാണ് റാം. മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് ജീത്തു ദൃശ്യം 2വിലേക്ക് കടക്കുകയായിരുന്നു. റാമിന്റെ ചിത്രീകരണം അവസാനിച്ചിട്ടില്ലെന്നും 40 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്നും ജീത്തു പറയുന്നു. യൂറോപ്പിലാണ് ഈ ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടതെന്നും ജീത്തു പറയുന്നു. നിലവിലെ സാഹചര്യത്തില്‍ അതിന് ബുദ്ധിമുട്ടുള്ളതിനാലായിരുന്നു ചിത്രീകരണം നിര്‍ത്തിവച്ചത്.

അതേസമയം, എപ്പോഴായിരിക്കും റാം റിലീസ് ചെയ്യുക എന്ന് പറയാനാവില്ലെന്നും ജീത്തു അറിയിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷം മാത്രമേ അത് വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നാണ് ജീത്തു പറയുന്നത്. നിലവില്‍ ഇല്ല എന്നാണ് ജീത്തു പറയുന്നത്. ഇതുപോലെയായിരുന്നു രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോഴും താന്‍ പറഞ്ഞിരുന്നതെന്നും ജീത്തു ചൂണ്ടിക്കാണിച്ചു. നല്ല കഥ ലഭിച്ചാല്‍ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ജീത്തു പറയുന്നു.
Recommended Video

മമ്മൂട്ടിയുമൊത്തൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ജീത്തു വെളിപ്പെടുത്തി. നല്ല കഥ ശരിയാകണമെന്നും ജീത്തു പറഞ്ഞു. അതേസമയം ദൃശ്യം 2 റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ആകാംഷ സൃഷ്ടിച്ചിരുന്നു. ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്യുക. ഒന്നാം ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്. മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications











