കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍; യുവാവിനെ കൊന്ന് കാനയില്‍ തള്ളി!
കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍. രേണുക സ്വാമി എന്ന യുവാവിനെ കൊന്ന കേസിലാണ് ദര്‍ശനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രദുര്‍ഗ സ്വദേശിയായിരുന്നു രേണുക സ്വാമി. ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനെ തുടര്‍ന്നാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ വച്ചാണ് കഴിഞ്ഞ ദിവസം രേണുക സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സോമനഹള്ളിയിലെ അഴുക്കുചാലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഒമ്പത് പേരെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് കേസില്‍ ദര്‍ശന്റെ സാന്നിധ്യം തെളിയുന്നതും അറസ്റ്റിലേക്ക് എത്തുന്നതും.

ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുന്നത്. ഈയ്യടുത്തായിരുന്നു രേണുക സ്വാമിയുടെ വിവാഹം കഴിഞ്ഞത്. രണ്ട് മാസം മുമ്പ് രേണുക സ്വാമിയെ ദര്‍ശന്റെ മൈസൂരുവിലെ ഫാമിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ച് ഇയാളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനിടെ സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് രേണുക സ്വാമിയെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി മൂന്ന് പേര്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ പോലീസ് അത് പൂര്‍ണമായും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് അന്വേഷണം ദര്‍ശനിലേക്ക് എത്തുന്നത്. കന്നഡ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ദര്‍ശന്റെ അറസ്റ്റ്.
കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് ദര്‍ശന്‍. ഡി ബോസ് എന്ന് ആരാധകര്‍ വിളിക്കുന്ന താരം. കന്നഡ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ദര്‍ശന്‍. അതേസമയം എന്നും വിവാദങ്ങളിലും ദര്‍ശന്‍ നിറഞ്ഞു നിന്നിരുന്നു. താരത്തെ മുമ്പൊരിക്കല്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റ് ചെയ്തിരുന്നു.

വിവാദങ്ങളുടെ പേരില്‍ എന്നും വാർത്തകളില്‍ ഇടം നേടിയ താരമാണ് ദർശന്‍. മുമ്പ് പലപ്പോഴായി താരത്തിന്റെ പേര് വിവാദങ്ങളില്‍ ഉയർന്നു വന്നിരുന്നു. സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിലും താരം വിവാദത്തിലായിട്ടുണ്ട്. താരത്തിനെതിരെ ഒന്നിലധികം തവണ ഭാര്യ മോശം പെരുമാറ്റവും ഗാർഹിക പീഡനവും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളോടൊക്കെ പ്രതികരിക്കാതിരിക്കുക എന്നതായിരുന്നു ദർശന്റെ രീതി.
രേണുക സ്വാമി വധക്കേസ് താരത്തിന് വലിയ കുരുക്കായ മാറുമെന്നാണ് കരുതപ്പെടുന്നത്. വ്യക്തമായ തെളിവുകളും സാക്ഷി മൊഴികളും ദർശനെതിരെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേസമയം സംഭവത്തില്‍ കന്നഡ സിനിമയാകെ ഞെട്ടിയിരിക്കുകയാണ്.


Click it and Unblock the Notifications











