മമ്മൂട്ടി മികച്ച നടൻ, നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കരങ്ങൾ പ്രഖ്യാപിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ രേഖ എന്ന ചിത്രത്തിലൂടെ വിൻസി മികച്ച നടിയായി മാറി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനുമായി.

ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുന്നത്. 2009 ലാണ് ഇതിനു മുൻപ് പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിൽ ഉൾപ്പടെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായ മത്സരമാണ് നടന്നത്. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ന്നാ താൻ കേസ് കൊട് ആണ് ജനപ്രിയ ചിത്രം. ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. സൗദി വെള്ളക്കയിലൂടെ ദേവീ വർമ്മ മികച്ച സ്വഭാവ നടിയായപ്പോൾ ന്നാ താൻ കേസ് കൊടിൽ ജഡ്ജിയായി എത്തിയ പിപി കുഞ്ഞിക്കൃഷ്ണൻ മികച്ച സ്വഭാവ നടനായി. ഇലവീഴാപ്പൂഞ്ചിറ ഒരുക്കിയ ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകൻ.
മാസ്റ്റർ ഡാവിഞ്ചി (പല്ലോട്ടി 90സ് കിഡ്സ്), തന്മയ (വഴക്ക്) എന്നിവരാണ് മികച്ച ബാലതാരങ്ങൾ. ന്നാ താൻ കേസ് കൊടിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ മികച്ച തിരക്കഥാകൃത്തായപ്പോൾ പട എന്ന സിനിമയിലൂടെ കമൽ കെ എം മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. ഒരു തെക്കൻ തല്ലുകേസ് എന്ന സിനിമയിലൂടെ രാജേഷ് കുമാർ ആർ മികച്ച തിരക്കഥ (അഡാപ്റ്റേഷൻ)യ്ക്കുള്ള അവാർഡ് നേടി. മനേഷ് മാധവനും ചന്ദ്രു ശെൽവരാജിനുമാണ് മികച്ച ഛായാഗ്രാഹകർക്കുളള പുരസ്‌കാരം.
പത്തൊൻപതാം നൂറ്റാണ്ടിലെ മയിൽപ്പീലി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച മൃദുല വാര്യരാണ് മികച്ച ഗായിക. കപിൽ കപിലൻ മികച്ച ഗായകനായി. എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. ആയിഷ, പത്തൊൻപതാം നൂറ്റാണ്ട് എന്നീ സിനിമകളിലെ ഗാനങ്ങൾക്കാണ് പുരസ്‌കാരം. റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. ഡോൺ വിൻസെന്റിന്റേതാണ് മികച്ച പശ്ചാത്തല സംഗീതം.
തല്ലുമാലയിലൂടെ നിഷാദ് യൂസഫ് മികച്ച ചിത്ര സംയോജകനായി. ജ്യോതിഷ് ശങ്കറാണ് മികച്ച കലാസംവിധായകൻ. മികച്ച മേക്കപ്പിനുള്ള പുരസ്‌കാരം റോണക്സ് സേവ്യറും വസ്ത്രാലങ്കാരത്തിന് മഞ്ജുഷ രാധാകൃഷ്ണന്നും നേടി. ഷോബി തിലകനും പൌളി വല്‍സനുമാണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾ.
പല്ലൊട്ടി: നയന്‍റീസ് കിഡ്സ് ആണ് മികച്ച കുട്ടികളുടെ ചിത്രം. സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ പ്രത്യേക പുരസ്കാരം ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന് ശ്രുതി ശരണ്യം സ്വന്തമാക്കി. സാബു പ്രവദാസിന്റെ പുനഃസ്ഥാപനം എന്ന നവേന്ദ്രജാലമാണ് മികച്ച ചലച്ചിത്ര ലേഖനം. സി എസ് വെങ്കടേശ്വരന്റെ സിനിമയുടെ ഭാവനാദേശങ്ങളാണ് മികച്ച ഗ്രന്ഥം.
സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം - ബിശ്വജിത്ത് എസ് (ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും), മികച്ച സിങ്ക് സൌണ്ട്- വൈശാഖ് പിവി (അറിയിപ്പ്), മികച്ച ശബ്ദ മിശ്രണം- വിപിൻ നായർ (ന്നാ താൻ കേസ് കൊട്), മികച്ച ശബ്ദരൂപകൽപന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ), നൃത്തസംവിധാനം ഷോബി പോള്‍ രാജ് (തല്ലുമാല), വിഎഫ്എക്സ് അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്) എന്നിവരും പുരസ്‌കാരങ്ങൾ നേടി.
ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിർണയിച്ചത്. 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ 49 സിനിമകൾ അവസാന റൗണ്ടിൽ എത്തി. 2021ല്‍ 142ഉം കോവിഡ് ബാധിച്ച 2020ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.

പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് നിരവധി പുരസ്‌കാരങ്ങളാണ് വാരി കൂട്ടിയത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളെ മറികടന്നാണ് മമ്മൂട്ടി മികച്ച നടനായത്. ദർശന രാജേന്ദ്രനും ദിവ്യ പ്രഭയുമായിരുന്നു വിൻസിയുടെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications











