കാതല്‍ മികച്ച സിനിമ; മികച്ച നടന്‍ പൃഥ്വിരാജ്; മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ട് ഉർവശിയും ബീന ആർ ചന്ദ്രനും
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി ഒരുക്കിയ കാതലിന്. ആടു ജീവിതത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി പൃഥ്വിരാജ്. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉര്‍വ്വശിയും തടവ് എന്ന സിനിമയിലൂടെ ബീന ആര്‍ ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും. ആടുജീവിതമാണ് ജനപ്രീയ സിനിമ. നിരവധി പുരസ്‌കാരങ്ങളാണ് ആടുജീവിതം വാരിക്കൂട്ടിയിരിക്കുന്നത്.
മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം വിജയരാഘവന്‍ നേടി. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പൊമ്പുളൈ ഒരുമൈ എന്ന സിനിമയിലൂടെ ശ്രീഷ്മ ചന്ദ്രന്‍ മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരവും നേടി. ആടുജീവിതത്തിലെ പ്രകടനത്തിന് കെആര്‍ ഗോകുലിനെ തേടി ജൂറിയുടെ പ്രത്യേക പരാമര്‍ശവുമെത്തി. ആടുജീവിതത്തിലൂടെ സുനില്‍ കെഎസ് മികച്ച ഛായാഗ്രാഹകനുമായി. ഇരട്ടയാണ് മികച്ച രണ്ടാമത്തെ സിനിമ.

മികച്ച നടനായുള്ള മത്സരത്തില്‍ മുന്നിലുണ്ടായിരുന്നത് മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു. പോയ വര്‍ഷം നന്‍പകല്‍ നേരത്തിലൂടെ മികച്ച നടനായിരുന്നു മമ്മൂട്ടി. ഇത്തവണ കാതല്‍ ദ കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമകളുമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ആടുജീവിതത്തിലെ പ്രകടനത്തിലൂടെയാണ് പൃഥ്വിരാജ് മത്സരത്തിനെത്തിയിരുന്നത്. ഒടുവില്‍ പൃഥ്വിയെ തേടി പുരസ്കാരമെത്തുകയായിരുന്നു. പൃഥ്വിയുടെ മൂന്നാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്.
പ്രമുഖ സംവിധായകന്‍ സുധീര്‍ മിശ്ര ചെയര്‍മാന്‍ ആയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വ്യക്തിഗത പ്രകടനം, സാങ്കേതിക, പ്രമേയ വൈവിധ്യം എന്നിവയില്‍ ഊന്നിയാണ് ജൂറിയുടെ അവസാന ഘട്ട ചര്‍ച്ചകള്‍ നടന്നത്. മികച്ച സിനിമകളുടെ പട്ടികയിലുണ്ടായിരുന്നത് ബ്ലെസ്സിയുടെ ആട് ജീവിതവും, ജിയോ ബേബിയുടെ കാതലു, ജൂഡ് ആന്റണി ജോസഫിന്റെ 2018ഉം, ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കുമൊക്കെയായിരുന്നു. ഒടുവില്‍ പുരസ്കാരം കാതലിലേക്ക് എത്തി.
മികച്ച നടിക്കായുള്ള മത്സരം എല്ലാവരും ഉറ്റു നോക്കുന്നതായിരുന്നു. ഒരേ സിനിമയിലെ പ്രകടനത്തിന് ഉര്‍വ്വശി, പാര്‍വ്വതി എന്നിവര്‍ തമ്മിലാണ് മത്സരം നടന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ ശക്തമായ പ്രകടനമാണ് ഉര്‍വ്വശിയേയും പാര്‍വ്വതിയേയും അവസാനഘട്ടത്തിലേക്ക് എത്തിച്ചത്. എന്നാല്‍ തീർത്തും അപ്രതീക്ഷിതമായി ബീന ആർ ചന്ദ്രന്‍ ഉർവ്വശിയ്ക്കൊപ്പം പുരസ്കാര നേട്ടത്തിലേക്ക് എത്തുകയായിരുന്നു.
160 സിനിമകളായിരുന്നു ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗം സിനിമകളും റിലീസ് ചെയ്തിട്ടില്ല. മോഹന്‍ലാല്‍ ചിത്രം നേര്, സുരേഷ് ഗോപി-ബിജു മേനോന്‍ സിനിമ ഗരുഡന്‍ തുടങ്ങിയ സിനിമകളും മത്സര രംഗത്തുണ്ടായിരുന്നു. ഫാലിമി, പൂക്കാലം, ശേഷം മൈക്കില്‍ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠോരം ഈ അണ്ഡകടാഹം, നെയ്മര്‍, ഒറ്റ് തുടങ്ങിയ സിനിമകളും പരിഗണിക്കപ്പെട്ടിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടിക
മികച്ച സിനിമ: കാതല്‍. സംവിധാനം ജിയോ ബേബി.
മികച്ച നടന്‍: പൃഥ്വിരാജ്, സിനിമ ആടുജീവിതം.
മികച്ച നടി: ഉര്‍വ്വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്)
മികച്ച രണ്ടാമത്തെ സിനിമ: ഇരട്ട
ജനപ്രീയ സിനിമ: ആടുജീവിതം
മികച്ച സംവിധായകന്‍: ബ്ലെസി, സിനിമ ആടു ജീവിതം
മികച്ച സ്വഭാവ നടന്‍: വിജയരാഘവന്‍, സിനിമ പൂക്കാലം
മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രന്‍
ജൂറിയുടെ പ്രത്യേക പരാമര്‍ശം: കെആര്‍ ഗോകുല്‍ (അഭിനയം, ആടുജീവിതം), ഗഗനചാരി (സിനിമ), കൃഷ്ണന്‍ (നടന്‍, ജൈവം), സുധി കോഴിക്കോട് (അഭിനയം, കാതല്‍), ശാലിനി ഉഷാ ദേവി (സ്ത്രീ/ട്രാന്‍സ് ജെന്റര്‍)/
മികച്ച ബാല താരം: തെന്നല്‍ അഭിലാഷ് (പെണ്‍), അവ്യുക്ത് മേനോന്‍ (ആണ്‍)
മികച്ച ഛായാഗ്രാഹകന്‍: സുനില്‍ കെ.എസ്. സിനിമ ആടുജീവിതം
എഡിറ്റിംഗ്: സംഗീത് പ്രതാപ്, സിനിമ ലിറ്റില്‍ മിസ് റാവുത്തർ.
മികച്ച തിരക്കഥാകൃത്ത്: രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട.

മികച്ച ചലച്ചിത്ര ഗ്രന്ഥം: മഴവില്‍ കണ്ണിലൂടെ മലയാള സിനിമ, രചന കിഷോര്‍ കുമാര്‍.
മികച്ച ചലച്ചിത്ര ലേഖനം: ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ. ഡോക്ടര്‍ രാജേഷ് എം ആര്‍.
മികച്ച കുട്ടികളുടെ ചിത്രം: നല്ല എന്‍ട്രികളില്ല.
പുതുമുഖ സംവിധായകന്‍: ഫാസില്‍ റസാഖ്, ചിത്രം തടവ്.
മികച്ച നൃത്തസംവിധാനം. ജിഷ്ണു. സിനിമ സുലൈഖ മന്‍സില്‍.
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. സുമംഖല. സിനിമ, ജനനം 1947 പ്രണയം തുടരുന്നു. റോഷന്‍ മാത്യു. സിനിമ ഉള്ളൊഴുക്ക്, വാലാട്ടി.
മികച്ച വസ്ത്രാലങ്കാരം: ഫെിന ജബ്ബാര്‍. സിനിമ ഓ ബേബി
മേക്കപ്പ് ആര്‍ട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി, ആടുജീവിതം.
മികച്ച പിന്നണി ഗായിക: ആന്‍ ആമി. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ തിങ്കള്‍ പൂവില്‍ എന്ന ഗാനത്തിന്
മികച്ച ഗായകന്‍: വിദ്യാധരന്‍ മാസ്റ്റര്‍
മികച്ച സംഗീത സംവിധായകന്‍: ജസ്റ്റിന്‍ വര്‍ഗ്ഗീസ്
മികച്ച അവലംബിത തിരക്കഥ: ബ്ലെസി ആടുജീവിതം.
കഥാകൃത്ത്: ആദര്‍ശ് സുകുമാരന്‍, സിനിമ കാതല്‍.
ബാലതാരം: തെന്നല്‍ അഭിലാഷ്, ശേഷം മൈക്കില്‍ ഫാത്തിമ. ആണ്‍- അവീര്‍ത്ത് മേനോന്‍, പാച്ചുവും അത്ഭുതവിളക്കും.
ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ ചിത്രം: ആടുജീവിതം


Click it and Unblock the Notifications











