രണ്ടാഴ്ച മുന്നേ പുതിയ ഷോയുടെ കാര്യവും പറഞ്ഞ് പോയതാ!, കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസവും പറഞ്ഞു; വേദനയോടെ സുഹൃത്ത്
മലയാളികളുടെ പ്രിയ താരം സുബി സുരേഷിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിൽ നിന്ന് പലരും ഇതുവരെ മുക്തരായിട്ടില്ല. നടിയായും അവതാരകയായും നർത്തകിയായുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്. സുബിയെ അടുത്തറിയുന്ന എല്ലാവരെയും സങ്കടത്തിലാഴ്ത്തുന്നതാണ് ഈ വേർപാട്.
എന്നും ചിരിച്ച മുഖത്തോടെ കണ്ടിട്ടുള്ള സുബിക്ക് പെട്ടെന്ന് എന്തുപറ്റി എന്ന ഞെട്ടലായിരുന്നു എല്ലാവർക്കുമുള്ളിൽ. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കരൾ രോഗം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു സുബി. ഇന്നലെ രോഗം വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ താരം ഇന്ന് രാവിലെ വിട പറയുകയായിരുന്നു. കരൾ മാറ്റിവെക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു.

മിമിക്രി രംഗത്തേക്ക് കടന്നു വന്ന ആദ്യകാല വനിതാ താരങ്ങളിൽ ഒരാളാണ് സുബി. സുബിക്ക് പകരക്കാരിയായി മറ്റൊരാൾ ഉണ്ടാവുമോ എന്നത് സംശയമാണ്. പതിനഞ്ച് വയസ്മുതൽ സുബി സുരേഷ് കലാരഗത്ത് സജീവമാണ് നടി. സുബിയുടെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടിട്ടുള്ളവരാണ് പ്രേക്ഷകർ. വർഷങ്ങളായി ഈ മേഖലയിൽ ഉള്ളത് കൊണ്ട് തന്നെ നിരവധി സുഹൃത്തുക്കൾ താരത്തിന് ഉണ്ടായിരുന്നു.
കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നൊക്കെ നിരവധി പേരാണ് സുബിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. അതിനിടെ സുബിയുടെ വിയോഗത്തെ കുറിച്ച് സുഹൃത്തിന്റെ പ്രതികരണവും ശ്രദ്ധനേടുകയാണ്. രണ്ടാഴ്ച മുൻപ് കാണുമ്പോഴും ഊർജസ്വലയായി വിശേഷങ്ങൾ പറഞ്ഞ് പോയ ആളാണെന്ന് പറയുകയാണ് വർഷങ്ങളായി സൗഹൃദമുള്ള സുഹൃത്ത്. വൺ ഇന്ത്യയോട് ആയിരുന്നു പ്രതികരണം അവരുടെ വാക്കുകളിലേക്ക്.
'ചേച്ചി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. രണ്ടു ദിവസം മുൻപ് പോലും ഞാൻ മെസേജ് ചെയ്തപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞതാണ്. വെന്റിലേറ്ററിലാണ് ഐസിയുവിൽ ആണെങ്കിലും തിരിച്ചുവരുമെന്ന് തന്നെയാണ് പറഞ്ഞിരുന്നത്. പിന്നീട് ഇന്ന് രാവിലെ ഒരുപാട് കോളുകൾ ഒക്കെ വന്ന് കണ്ടപ്പോൾ തിരിച്ചു വിളിച്ചപ്പോഴാണ് സുബി ചേച്ചി പോയെന്ന് വാർത്ത കേട്ടല്ലോ എന്ന് പറയുന്നത്,'
'ഒരിക്കലുമില്ല രണ്ടു ദിവസം മുൻപ് കൂടി ഞാൻ മെസ്സേജ് അയച്ചതാണ് എന്ന് പറഞ്ഞു. പിന്നീട് ആൻഡ്രിയയെ വിളിച്ചപ്പോഴാണ് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് സുബി ചേച്ചി പോയെന്ന് പറയുന്നത്. അത് കേട്ട് പിന്നെ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. അതും കേട്ട് കൊണ്ട് ഞാൻ വേഗം ഓടി ഇങ്ങോട്ട് വരുകയായിരുന്നു. അപ്പോഴാണ് ചേച്ചിയെ നാളെയെ കൊണ്ട് വരുകയുള്ളു എന്ന് പറയുന്നത്,'
'ചേച്ചിക്ക് സുഖമില്ലായിരുന്നു. ഒരു മാസത്തോളമായി ആശുപതിയിൽ തന്നെ ആയിരുന്നു. ഹോസ്പിറ്റലിൽ പോകുന്നതിന് മുന്നേ എന്നെ കണ്ടപ്പോൾ നമ്മൾ അടുത്ത് തന്നെ അടുത്ത കുട്ടിപ്പട്ടാളം ചെയ്യുന്നുണ്ട്. അതിന് ഡ്രസൊക്കെ ചെയ്യാണം എന്ന് പറഞ്ഞതാണ്. ഞാനാണ് ചേച്ചിക്ക് ഡ്രസൊക്കെ ചെയ്ത് കൊടുക്കാറുള്ളത്. അങ്ങനെ സംസാരിച്ചു പിരിഞ്ഞതാണ്. രണ്ടാഴ്ച്ച കഴിഞ്ഞ് ഇപ്പോൾ കേൾക്കുന്നത് ചേച്ചി പോയെന്നാണ്,'

'2002 മുതൽ ഉള്ള പരിചയമാണ് ഞങ്ങൾ തമ്മിൽ. അപ്പോഴാണ് ഞാൻ എറണാകുളം വന്ന് സെറ്റിലാവുന്നത്. അന്ന് മുതൽ ഡാൻസിനൊക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. പല സ്റ്റേഴ്സിനൊപ്പവും ഡാൻസ് ചെയ്തിട്ടുണ്ട്. പിന്നീട് ചേച്ചി താരമായി മാറി. ഞാൻ ഫാഷൻ രംഗത്തേക്കും മാറി. കൊറോണയ്ക്ക് ശേഷം തുടർച്ചയായി അസുഖങ്ങൾ ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു. ചേച്ചിയെ കുഞ്ഞിലേ മുതൽ ഞാൻ കാണുന്നതാണ്,' എന്നും സുഹൃത്ത് പറഞ്ഞു.
അതേസമയം, നാളെയാണ് സുബിയുടെ സംസ്‌കാരം. രാവിലെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ 10 മണി മുതല്‍ 2 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 3.00 മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തിൽ സംസ്കരിക്കും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് താരങ്ങളെയും സുഹൃത്തുക്കളുടെയും ഒഴുക്കാണ്. നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്.


Click it and Unblock the Notifications