രജിനികാന്തും കമൽ ഹാസനും ഒന്നിക്കുമ്പോൾ ഒപ്പം ലോകേഷ് ഇല്ല; ചിത്രമൊരുക്കാൻ ഈ ഹിറ്റ് സംവിധായകൻ?
തമിഴ് സിനിമയുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ, ലെജൻഡറി താരങ്ങളായ രജിനികാന്തും കമൽ ഹാസനും ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ഒന്നിക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ നടന്ന ഒരു അവാർഡ് നിശയിൽ വച്ച്, ഇരുവരുടെയും മക്കളായ സൗന്ദര്യ രജിനികാന്തും, ശ്രുതി ഹാസനും, ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കമൽ ഹാസൻ തന്റെ ഹോം ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന് വേണ്ടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ രജിനികാന്ത് നായകനാവും എന്നാണ് ഇരുവരും ഉറപ്പിച്ചു പറഞ്ഞത്.
എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ച്, സൂപ്പർസ്റ്റാർ ചിത്രം നിർമ്മിക്കുക മാത്രമല്ല, ഒപ്പം അതിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ കൂടി തയ്യാറെടുക്കുകയാണ് ഉലകനായകൻ. നേരത്തെ വന്ന വാർത്തകളിൽ, ചിത്രം സംവിധാനം ചെയ്യുക വിക്രം സംവിധായകൻ ലോകേഷ് കനഗരാജ് ആകും എന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച്, ലോകേഷ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായേക്കില്ല. അതിന് കാരണം, സംവിധായകനും സൂപ്പർസ്റ്റാറും ഒന്നിച്ച കൂലി എന്ന ചിത്രത്തിന്റെ പരാജയമാണെന്നാണ് വിവരം.

ഏറ്റവും പുതിയ സൂചനകൾ അനുസരിച്ച്, കൈതി 2 സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ലോകേഷ്, കമൽ ഹാസനും രജിനികാന്തും ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധാന ചുമതല സ്വയം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് വിവരം. പകരം, ഉടനെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരുന്ന ചിത്രം ഒരുക്കുക ജയിലർ സംവിധായകൻ നെൽസൺ ദിലീപ്കുമാർ ആവുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കേൾക്കുന്നത് സത്യമാണെങ്കിൽ, ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലർ, പുറത്തിറങ്ങാനിരിക്കുന്ന ജയിലർ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാറും നെൽസണും ഒന്നിക്കുന്ന മൂന്നാമത്തെ പ്രൊജക്റ്റ് ആയിരിക്കും ഇനിയും പേരിടാത്ത മൾട്ടിസ്റ്റാർ ചിത്രം.

എന്തായാലും, തമിഴ് സിനിമ പ്രേക്ഷകർ ഈ റിപ്പോർട്ട് പുറത്തെത്തിയതോടെ ആകെ സന്തോഷത്തിലാണ്. കൂലി എന്ന സിനിമയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ലോകേഷ് കനഗരാജ് രജിനികാന്ത് - കമൽ ഹാസൻ ചിത്രം സംവിധാനം ചെയ്യുന്നതിൽ സൂപ്പർസ്റ്റാറിന്റെ ഫാൻസിന് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തിറങ്ങുന്ന റിപോർട്ടുകൾ ശരിയാണെങ്കിൽ, ലോകേഷ് മുന്നോട്ട് വച്ച ആശയങ്ങളൊന്നും രജിനിയ്ക്ക് ഇഷ്ടമാവാതെ വന്നതോടെയാണ് സംവിധായകൻ ഈ ഭാരിച്ച ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറി, പകരം കൈതി 2 എന്ന കാർത്തി ചിത്രത്തിൽ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചത്.
ഇതിനിടെ, ജയിലർ 2ന്റെ സെറ്റിൽ വച്ച് സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു വ്യത്യസ്തമായ ആശയം രജനികാന്തിനെ പറഞ്ഞു കേൾപ്പിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായതോടെ കമൽ ഹാസനിലേക്കും എത്തി. ഇരുവരും ഈ കഥ തിരഞ്ഞെടുത്തതോടെ, ബ്രഹ്മാണ്ഡ പ്രൊജക്റ്റ് സംവിധാനം ചെയ്യാൻ നെൽസണ് നറുക്കു വീഴുകയായിരുന്നു. ജയിലർ 2ന്റെ ഷൂട്ടിങ് കഴിഞ്ഞയുടനെ തന്നെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചിരിക്കുകയാണ്. 2026 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ടീം പ്ലാൻ ചെയ്യുന്നത്.
സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ അനുസരിച്ച്, ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ തന്നെ ആയിരിക്കും. തമിഴ് ഇൻഡസ്ട്രിക്ക് പുറമെ, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങളും ഇനിയും പേരിടത്ത ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.


Click it and Unblock the Notifications











