ഭൂരിഭാഗം പേരും ചൂഷണത്തിനിരയാവുന്നുണ്ട്; സിനിമാ മേഖലക്ക് ഘടനാപരമായ ഒരു പാറ്റേൺ ഇല്ല: നടി ജോളി
മലയാളം സിനിമാ മേഖലയെ അടിമുടി വിറപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട് ദിവസങ്ങളായിട്ടും ഇപ്പോഴും ആരോപണങ്ങൾ ഉന്നയിച്ച് പലരും മുന്നോട്ട് വരുന്നുണ്ട്. എന്നാൽ സർക്കാർ ഇപ്പോഴും പ്രതികളുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ തയ്യാറാവുന്നില്ല. വിവരങ്ങൾ പുറത്ത് വന്നാൽ പ്രമുഖരായ പലരുടേയും സൂര്യകിരീടം വീണുടയും. സർക്കാരിന് മുകളിൽ വിവിധ തലങ്ങളിൽ നിന്ന് സമ്മർദ്ദം വരുന്നതിനാലാവാം ഈ മൗനം. നടി ജോളി ചിറയത്ത് ഫിൽമിബീറ്റ് മലയാളം ചാനലിലൂടെ ഈ വിഷയത്തെ കുറിച്ച് തുറന്നടിക്കുന്നു.
"ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നവർക്ക് ആവശ്യമായ ആത്മവിശ്വാസം കൊടുക്കുന്ന വിധത്തിലാണ് ഒരു സ്റ്റേറ്റ് പെരുമാറേണ്ടത്. ഈ വ്യക്തികളുടെ പേരു വിവരങ്ങൾ പുറത്ത് വരാതിരിക്കുന്നതിൽ സർക്കാരിന് പല തരത്തിലുള്ള ന്യായീകരണങ്ങളുണ്ട്. ഇരകളുടെ പേരുകൾ പറയാതെ തന്നെ പ്രതികളുടെ പേരുകൾ പൊതു സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടുന്നതിൽ എന്താണ് തെറ്റ്. ഗവൺമെന്റ് ബോഡിയോടാണ് സ്ത്രീകൾ പരാതി പറഞ്ഞത്. അവരുടെ ആത്മവിശ്വാസത്തെ ബഹുമാനിച്ചായിരിക്കണം സർക്കാർ ഇതിനൊരു നടപടി എടുക്കേണ്ടത്.

മാധ്യമങ്ങളുടേയും ഡബ്ലൂ.സി.സി യുടേയും നിരന്തരമായ സമരത്തിലൂടെ സെൻസർ ചെയ്തതിനു ശേഷമാണ് ഗവൺമെന്റ് റിപ്പോർട്ട് പുറത്ത് വിട്ടത്. സ്വാഭാവികമായും ഗവൺമെന്റ് ആർക്കൊപ്പമാണെന്ന് ആളുകൾ ചിന്തിക്കും. ഒരു ആരോപണം വരുമ്പോൾ അത്തരം ആളുകളെ എന്നെന്നേക്കുമായി സമൂഹത്തിൽ നിന്നും ബഹിഷ്കരിക്കുക എന്നതല്ല സ്വീകരിക്കേണ്ടത്. ഏതൊരു സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണെങ്കിലും ആ കുറ്റം തെളിയുന്നതു വരെ അവരെ താത്കാലികമായി മാറ്റി നിർത്തുക എന്നതാണ് പ്രധാനം." നടി ജോളി ചിറയത്ത് പറയുന്നു.
നടൻ മുകേഷ് ആരോപണവിധേയനായിട്ടും ഇപ്പോഴും എം.എൽ.എ സ്ഥാനത്ത് തന്നെ തുടരുന്നുണ്ട്. സർക്കാർ പോലും ആ വ്യക്തിക്കൊപ്പമാണ് നിൽക്കുന്നത്. ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായിട്ടും സ്ത്രീകളെയാണ് ആളുകൾ മോശം പറയുന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷം തുറന്നു പറച്ചിലുകൾ നടത്തുന്നു. എന്നാൽ ഈ തുറന്നു പറച്ചിലുകളിലൂടെ സമൂഹം തെറ്റിദ്ധരിക്കുന്നത് സിനിമാ മേഖലയിലെ എല്ലാ സ്ത്രീകളും ഇങ്ങനെയാണ് എന്നാണ്. അതിനെ കുറിച്ച് ജോളി പറയുന്നത് ഇങ്ങനെ.
"ഈ പ്രശ്നങ്ങളിൽ ആരൊക്കെ വന്നു എന്നതല്ല. ഇത്തരം പ്രശ്നങ്ങളും ഇവിടെ നടക്കുന്നുണ്ട് എന്നതാണ് പ്രധാനം. ചിലർക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാവരും അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നില്ല. നമ്മുടെ ഇന്റസ്ട്രിയിൽ സ്ത്രീകൾ ഭീകരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ കുറച്ചു പേർക്ക് സാധിച്ചു. അത് അഭിനന്ദനാർഹമാണ്.

ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ഒരു മുതലാളിയുടെ കീഴിൽ ജോലി ചെയ്യുന്ന പോലെയല്ല സിനിമയിൽ പ്രവർക്കുന്നത്. ഓരോ സെറ്റിലും ഓരോ നിർമ്മാതാക്കളാവും, ഓരോ ടീമും ആയിരിക്കും. അതിനാൽ തന്നെ എല്ലായിടത്തും ഒരേ അനുഭവം ലഭിക്കില്ല. അതുകൊണ്ടാണ് സ്ത്രീകളെ എന്നും ലൈംഗികമായി ആക്രമിക്കുന്നതും, ലൈംഗിക ചുവയുള്ള നോട്ടങ്ങളും സെക്സ് ജോക്കുകളും പറയുന്നത്. ഇതെല്ലാം എല്ലാ കാലത്തും നടക്കുന്നത്. ഇത്തരത്തിൽ ആരൊക്കെ സംസാരിച്ചാലും അതെല്ലാം തുറന്നു പറയേണ്ടത് തന്നെയാണ്."
സിനിമാ മേഖലക്ക് ഘടനാപരമായ ഒരു പാറ്റേൺ ഇല്ല. ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഈ ഇന്റസ്ട്രിയിൽ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമാണ് സന്തോഷത്തോടെ അവരുടെ ജോലി ചെയ്യാൻ സാധിക്കുന്നത്. ബാക്കിയുള്ള ഭൂരിഭാഗം ആളുകളും ചൂഷണത്തിനിരയാവുന്നുണ്ട്. ജോളി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications