ഇടവേള അവസാനിപ്പിച്ച് മമ്മൂട്ടി എത്തുന്നു; വൈറലായി ആന്റോ ജോസഫിന്റെ പോസ്റ്റ്
മലയാള സിനിമയും, അതിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും അടുത്തിടെയായി ഏറെ മിസ്സ് ചെയ്യുന്നൊരു വ്യക്തിയാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമയിൽ സജീവമായി നിൽക്കുന്ന മെഗാസ്റ്റാർ, ആദ്യമായാണ് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഒരു നീണ്ട ഇടവേളയെടുക്കുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ അടുത്ത വൃത്തങ്ങൾ പങ്കു വയ്ക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ഏഴ് മാസങ്ങളായി പൊതു പരിപാടികളും, എന്തിന് സോഷ്യൽ മീഡിയയിൽ പോലും പ്രത്യക്ഷപ്പെടാതിരുന്ന മമ്മൂട്ടി തിരികെയെത്താൻ കാത്തിരിക്കുകയാണ് ആരാധകർ.
എന്തായാലും ഒരു വലിയ കാത്തിരിപ്പിന് ശേഷം ലെജൻഡറി താരം സിനിമയിലേക്ക് മടങ്ങി വരികയാണ്. അടുത്തിടെ, പ്രമുഖ സിനിമ നിർമ്മാതാവും, മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ ആന്റോ ജോസഫാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഈ ശുഭ വാർത്ത പങ്കു വച്ചത്. മെഗാസ്റ്റാർ ഇടവേള അവസാനിപ്പിച്ച് ഒക്ടോബർ ഒന്നാം തിയതി സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വൈറലാവുകയാണ്.

പ്രിയപ്പെട്ട മമ്മൂക്ക മടങ്ങി വരികയാണെന്നും, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ ഒന്നു മുതൽ അദ്ദേഹം വീണ്ടും തുടങ്ങുമെന്നും, ആന്റോ ജോസഫ് വെളിപ്പെടുത്തി. "ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും," അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഒപ്പം പ്രാർത്ഥനകളുമായി ഈ ഇടവേളയിൽ കൂടെ നിന്നവരോടുള്ള നന്ദിയും മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് രേഖപ്പെടുത്തി.
മമ്മൂട്ടിയുടെ മടങ്ങി വരവ് കാത്തിരുന്ന സിനിമ പ്രേമികൾ ഇപ്പോൾ ആന്റോ ജോസഫിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ, ചികിത്സയ്ക്കായി ഈ വർഷം ആദ്യം മുതൽ ചെന്നൈയിൽ താമസിച്ചിരുന്ന മെഗാസ്റ്റാർ, കൊച്ചിയിൽ എത്തുമെന്നാണ് അറിഞ്ഞിരുന്നത്. എന്നാൽ, ആന്റോ ജോസഫിന്റെ പോസ്റ്റിൽ നിന്നും, കേരളത്തിലേക്ക് മമ്മുക്കയെത്താൻ ഇനിയും കാത്തിരിക്കണം എന്നാണ് മനസ്സിലാവുന്നത്. റിപോർട്ടുകൾ അനുസരിച്ച്, ചെന്നൈയിൽ നിന്നും നേരെ ഹൈദരാബാദ് ഉള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകാനാണ് അദ്ധേഹത്തിന്റെ തീരുമാനം. ഒക്ടോബർ ഒന്നാം തിയതി മുതൽ സജീവമായി മമ്മൂട്ടി ലൊക്കേഷനിൽ ഉണ്ടാകും.

അടുത്തിടെ മലയാളം വാർത്ത ചാനലായ ന്യൂസ് 24നോട് സംസാരിച്ച സംവിധായകൻ മഹേഷ് നാരായണൻ, മമ്മൂട്ടി തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ടീം എന്ന് വെളിപ്പെടുത്തി. ഹൈദരാബാദിലെ ഷെഡ്യൂൾ തീർത്തു കഴിഞ്ഞാൽ, ഒരു ചെറിയ ഇടവേളയെടുത്തതിന് ശേഷം, യു.കെയിലെ ഭാഗങ്ങൾ ചിത്രീകരിക്കാനാണ് ടീം പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, പാട്രിയോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ആദ്യ ടീസറും റിലീസിന് ഒരുങ്ങുകയാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. റിപോർട്ടുകൾ ശെരിയാണെങ്കിൽ, ഒക്ടോബർ 2ന്, ഗാന്ധി ജയന്തി ദിവസമാണ് ആദ്യ അപ്ഡേറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. സുഷിൻ ശ്യാമാണ് പാട്രിയോട്ടിന്റെ സംഗീതം ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ബോളിവുഡ് സിനിമാട്ടോഗ്രാഫർ മാനുഷ് നന്ദനാണ് ഛായാഗ്രഹം കൈകാര്യം ചെയ്യുന്നത്. 2026 ആദ്യ പകുതിയിൽ ചിത്രം തീയറ്ററിൽ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications











