»   » അവസാനം മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നു

അവസാനം മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
വിവാഹത്തോടെ വെള്ളിത്തിരയുടെ സൗഭാഗ്യങ്ങളോട് വിടപറഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മഞ്ജു വാര്യര്‍ തിരിച്ചുവരുന്നു. എന്നാല്‍ സിനിമയിലേക്കല്ലെന്ന് മാത്രം. എന്നാല്‍ കാലില്‍ വീണ്ടും ചിലങ്കയണിയാനും പൊതുവേദിയില്‍ നൃത്തമാടാനും മഞ്ജു തീരുമാനിച്ചത് സിനിമയിലേക്കെത്തുന്നതിന്റെ സൂചനകളാണെന്ന പ്രതീതി പരന്നു കഴിഞ്ഞു.

ഒക്ടോബര്‍ 24ന്, വിദ്യാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നൃത്ത മണ്ഡപത്തില്‍ കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തിയാണ് മഞ്ജു വീണ്ടും നൃത്തവേദിയില്‍ സജീവമാകുന്നത്. മുമ്പ് ഭരതനാട്യമായിരുന്നു ഈ തൃശൂര്‍ക്കാരിയുടെ ഇഷ്ട ഇനമെങ്കില്‍, കുച്ചിപ്പുടി കൂടി പഠിക്കാനും അതിന്റെ അരങ്ങേറ്റം ഗുരുവായൂരില്‍ നടത്താനും തീരുമാനിക്കുകയാണുണ്ടായത്.

മഞ്ജു ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ താനതിനെ പൂര്‍ണ മനസോടെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് കഴിഞ്ഞദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ദിലീപ് വെളിപ്പെടുത്തിയിരുന്നു. കുറഞ്ഞൊരു കാലം കൊണ്ട് മലയാളത്തിന്റെ അഭിമാനമായ നടിയെ വിവാഹം ചെയ്തതോടെ അവരെ സിനിമയ്ക്ക് നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനങ്ങളോടു പ്രതികരിച്ചായിരുന്നു ദിലീപിന്റെ വെളിപ്പെടുത്തല്‍. അരങ്ങേറ്റം ഗുരുവായൂരില്‍ വിദ്യാരംഭ ദിനത്തില്‍ നടത്താന്‍ തീരുമാനമായത് കഴിഞ്ഞദിവസമാണ്.

1998 ഒക്ടോബറിലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. പിന്നീട് സിനിമയോട് വിടപറഞ്ഞുവെന്ന് മാത്രമല്ല വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടുമില്ല. രണ്ടു വട്ടം കലാതിലകമായ മഞ്ജു നൃത്തത്തിലെങ്കിലും ശ്രദ്ധിക്കണം എന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇത്രകാലവും നിര്‍ബന്ധിച്ചിരുന്നു.

ഒരു മണിക്കൂര്‍ കുച്ചിപ്പുടിയാണ് അവതരിപ്പിക്കുക. ഗീതാ പത്മകുമാറാണ് കുച്ചിപ്പുഡിയുടെ പര്യായമായ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ് മഞ്ജുവിന്റെ നൃത്തം രൂപകല്പന ചെയ്തിരിക്കുന്നത്.

ഏറ്റവും തിരക്കുള്ള നടിയായിരിക്കുമ്പോഴാണ് പ്രഥമസിനിമയിലെ നായകനായ ദിലീപിന്റെ ജീവിതത്തിലെ നായികയായി മഞ്ജു സ്വകാര്യജീവിതത്തിലേക്ക് മടങ്ങിയത്. മഞ്ജുവിന്റെ വിവാഹജീവിതം മലയാളസിനിമയ്ക്കു സമ്മാനിച്ചത് വലിയ നഷ്ടം തന്നെയായിരുന്നു.

ശോഭയ്ക്കും ശോഭനയ്ക്കും ശേഷം മലയാളസിനിമയുടെ സൗഭാഗ്യമായി മാറിയ മഞ്ജുവിന്റെ അഭിനയമികവിന് കൂട്ടിരിക്കാന്‍ കഥാപാത്രങ്ങള്‍ ഏറെയുണ്ട്. സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തി എന്താണ് എന്ന് അടയാളപ്പെടുത്തിയ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നവയാണ്. കന്മദം, ആറാംതമ്പുരാന്‍, പത്രം, തൂവല്‍കൊട്ടാരം, പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങി ഓരോ സിനിമയും മഞ്ജുവിന്റെ കീരീടത്തിലെ തൂവലുകളാണ്.

സല്ലാപത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജു കുറഞ്ഞകാലം കൊണ്ടാണ് മലയാളത്തിന്റെ അഭിമാനമായിമാറിയത്. പലതവണ പ്രതീക്ഷകള്‍ ഉണര്‍ത്തികൊണ്ട് മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് കേട്ടെങ്കിലും അതുണ്ടായില്ല, ഇനി ഒട്ടും പ്രതീക്ഷിക്കാനും വയ്യ. എന്നാല്‍ കൈവിട്ടുതുടങ്ങിയ നൃത്തത്തെ തിരിച്ചു പിടിക്കാനുള്ള ഈ കലാകാരിയുടെ ശ്രമങ്ങള്‍ പുതിയ പ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നുണ്ട്.

English summary
First the good news. Come Vidyarambham day, which is considered auspicious to start anything new, and Manju Warrier will return to the limelight with a Kuchipudi performance at the Nritha Manadapam at Guruvayoor Sreekrishna Temple. And the bad bit? She doesn’t have any plans yet to return to the silver screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam