'അമ്മ'യിൽ അഴിച്ചു പണി; മോഹൻലാൽ രാജി വെച്ചു; എക്സിക്യൂട്ടിവ് കമ്മിറ്റിയും പിരിച്ചു വിട്ടു
'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. ഏറെ ഞെട്ടലേറിയ വാർത്തയാണ് പുറത്ത് വരുന്നത്. സംഘടനയിലെ പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വന്നത്. പല പ്രമുഖരുടേയും പേരുകൾ പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള മോഹൻലാലിന്റെ രാജി പുറത്ത് വരുന്നത്. എക്സിക്യൂട്ടിവ് കമ്മിറ്റിയും ഇതോടെ പിരിച്ചു വിട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് അമ്മ സംഘടനക്കെതിരെ കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. സോഷ്യൽ മീഡിയകളിലൂടെ ട്രോളുകളിലൂടെയും കമന്റുകളിലൂടെയും ഈ താരങ്ങൾക്കെതിരെ ജനങ്ങൾ സംസാരിക്കുന്നുണ്ട്. "'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എടുക്കുന്നത്. മാത്രമല്ല രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.

'അമ്മ' ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും'." രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.
അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നത്. മലയാള ചലചിത്ര മേഖലയിലെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായാണ് റിപ്പോർട്ട് പുറത്ത് വന്നത്. പ്രതീക്ഷിക്കാത്ത താരങ്ങൾക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ ഉയർന്നപ്പോൾ പ്രേക്ഷകരെല്ലാം അത്ഭുതപ്പെട്ടു. ആ അത്ഭുതത്തിന്റെ മറ്റൊരു സത്യസന്ധമായ മാറ്റമാണ് താരസംഘടനയിലെ കൂട്ടരാജി.

ഇത്ര നാളായിട്ടും ഈ വിഷയത്തിൽ താര സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിൽക്കുന്ന മോഹൻലാൽ യാതൊരു അഭിപ്രായങ്ങളും പറഞ്ഞിരുന്നില്ല. ഇന്നത്തെ പത്ര സമ്മേളത്തിൽ എല്ലാ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. മോഹൻലാലിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു ഇന്നത്തെ പത്ര സമ്മേളനം. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു.
പരിഹരിക്കപ്പെടാത്ത പഴയ ആരോപണങ്ങൾ പോലും ഈ സാഹചര്യത്തിൽ ഉയർന്നു വന്നു. ലൈംഗികാരോപണത്തെ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടർന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേൽക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നു. ഇത്തരത്തിൽ ഓരോ സ്ഥാനത്തേക്ക് എത്തുന്നവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. പല തരത്തിലുള്ള സമ്മർദ്ദങ്ങൾ സംഘടനയിൽ ഉയർന്നു കൊണ്ടേയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂട്ട രാജി.


Click it and Unblock the Notifications