എന്റെ കയ്യില്‍ ഉത്തരങ്ങളില്ല, ഞാന്‍ പവര്‍ ഗ്രൂപ്പിലില്ല, ഒളിച്ചോടിയിട്ടില്ല; മറുപടികളില്ലാതെ മോഹന്‍ലാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. സിനിമാ മേഖല ഒന്നാകെ പ്രതികരിക്കേണ്ട വിഷയമാണിതെന്നും എന്നാല്‍ ശ്രദ്ധ മുഴുവന്‍ അമ്മയിലേക്ക് ഫോക്കസ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്.
''ഞാന്‍ എവിടേയും ഒളിച്ചോടി പോയിട്ടില്ല. കഴിഞ്ഞ 47 വര്‍ഷമായി നിങ്ങളുടെ കൂടെ തന്നെയുള്ള ആളാണ് ഞാന്‍. ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ ഇവിടെയുണ്ടായിരുന്നില്ല. കുറച്ച് നാള്‍ ഗുജറാത്തിലായിരുന്നു, പിന്നെ ബോംബെയിലായിരുന്നു. പിന്നെ ചെന്നൈയിലായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. ബറോസിന്റെ ഫൈനല്‍ മിക്‌സ് നടന്നു കൊണ്ടിരിക്കുകയാണ്. അതെല്ലാം കാരണം മാറി നില്‍ക്കുകയായിരുന്നു. എന്റെ സിനിമയുടെ റിലീസ് മാറ്റി വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സിനിമ എന്നത് ഈ സമൂഹത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. ഞാനതിനെ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. രണ്ട് തവണ അവര്‍ വിളിച്ചതു പ്രകാരം പോവുകയും സംസാരിക്കുകയും ചെയ്തു. ഞാനാരു നടനാണ്, നിര്‍മ്മാതാവാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍, എന്റെ സിനിമയെപ്പറ്റി ഞാന്‍ പറഞ്ഞു. പലപ്പോഴും ചോദിക്കുക മൊത്തം സിനിമയെക്കുറിച്ചായിരുന്നു. അത് എനിക്ക് അറിയാന്‍ സാധിക്കുന്നതല്ല.
അമ്മ എന്ന സംഘടന ഒരു ട്രേഡ് യൂണിയന്‍ അല്ല. അതൊരു കുടുംബം പോലെയാണ്. അവരുടെ വെല്‍ഫെയറിന് മുമ്പ് ആരംഭിച്ചതാണ്. ഒരുപക്ഷെ പുറത്തേക്ക് പോകുമ്പോള്‍ ഏറ്റവും പേരുള്ള സംഘടനയാണ് അമ്മ. ഞങ്ങളുടെ കൂടെയുള്ളവരുടെ നന്മയ്ക്കായി തുടങ്ങിയ സംഘടനയാണ്. ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ സഹായിക്കാന്‍ വേണ്ടി. തുടക്കം മുതലേ ഞാന്‍ കൂടെയുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞാനായിരുന്നു പ്രസിഡന്റ്.
ഇപ്പോള്‍ നടക്കുന്നതിന് ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തം ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് പല മേഖലകളിലുള്ള കാര്യങ്ങളും പറയുന്നുണ്ട്. എന്തിനും ഏതിനും അമ്മയുടെ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതാണ് കണ്ടത്. എല്ലാവര്‍ക്കും തുറന്ന് സംസാരിക്കാനാകാണ്. എല്ലാത്തിനും അമ്മ എന്ന സംഘടനയല്ല മറുപടി പറയേണ്ടത്. ഏറ്റവും കൂടുതല്‍ ചോദ്യ ശരങ്ങള്‍ വരുന്നത് എനിക്കും എന്റെ കൂടെയുള്ളവരിലേക്കുമാണ്. അതിനാല്‍ എല്ലാവരും കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ് മാറി നില്‍ക്കാം എന്നത്.
മലയാളം ഇന്‍ഡസ്ട്രി തന്നെ തകര്‍ന്നു പോകുന്ന കാര്യങ്ങളാണിത്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ദയവ് ചെയ്ത് ഫോക്കസ് ഞങ്ങളിലേക്ക് മാത്രം ആക്കി സിനിമ ഇന്‍ഡസ്ട്രിയെ തകര്‍ക്കരുത്. സര്‍ക്കാരും പൊലീസും തീരുമാനങ്ങളെടുക്കുന്നുണ്ട്. അന്വേഷണം നടത്തുന്നുണ്ട്. അമ്മയില്‍ പലര്‍ക്കും തെറ്റിദ്ധാരണകളും വിയോജിപ്പുമൊക്കെയുണ്ട്. അവര്‍ മുന്നോട്ട് വരട്ടെ. മലയാള സിനിമയെ രക്ഷിക്കണം. ഒരുപാട് സാധ്യതകളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. സര്‍ക്കാരിന്റെ നല്ല തീരുമാനമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.
ഒരു സംഘടനയെ മാത്രം ക്രൂശിക്കരുത്. ഒരുപാട് സംഘടനകളുള്ള വലിയൊരു ഇന്‍ഡസ്ട്രിയാണിത്. കേരളത്തില്‍ നിന്നുള്ള ഒരു വലിയ മൂവ്‌മെന്റ് ആയി ഇത് മാറണം. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. മറ്റുഭാഷകളിലും ഇതുപോലൊരു കമ്മിറ്റി തുടങ്ങണം എന്നാണ് ആഗ്രഹം. ഇതൊരു മൂവ്‌മെന്റായി മാറട്ടെ.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും വേണം അസോസിയേഷന്‍. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പരാതിപ്പെടാന്‍ സാധിക്കണം. അമ്മയുടെ പ്രസിഡന്റായിട്ടല്ല സംസാരിക്കുന്നത്. ഈ വ്യവസായം തകര്‍ന്നു പോകരുത്. മലയാള സിനിമ രാജ്യാന്തര ശ്രദ്ധ നേടുന്ന സമയമാണിത്.'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. പിന്നാലെയാണ് താരം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറായാണ് വന്നിരിക്കുന്നത്. പക്ഷെ എന്റെ കയ്യില്‍ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് കാര്യങ്ങള്‍ നില്‍ക്കുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. കോടതിയിലിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ആളല്ല. അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇനിയും ഇതുപോലുള്ള കാര്യങ്ങള്‍ സംഭവികാതിരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ക്ക് ഞങ്ങളേ അറിയില്ല. പെട്ടെന്നൊരു ദിവസം ഞങ്ങള്‍ നിങ്ങള്‍ക്ക് അന്യരായോ?എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
മലയാള സിനിമയിലെ ശുദ്ധീകരണത്തിന് എല്ലാ വിധി സഹകരണവും ഉണ്ടാകും. ഞാന്‍ പവര്‍ ഗ്രൂപ്പില്‍ പെട്ട ആളല്ല. അങ്ങനൊന്ന് ഉണ്ടോ എന്നെനിക്ക് അറിയില്ല. ഞാന്‍ ആദ്യമായിട്ടാണ് അങ്ങനൊന്ന് കേള്‍ക്കുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.


Click it and Unblock the Notifications