അല്ലു അർജുൻ മികച്ച നടൻ, ആലിയ ഭട്ടും കൃതി സനോണും നടിമാർ; ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം
69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ട്, കൃതി സനോൺ എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഗാംഗുഭായ് ഗംഗുഭായ് കത്തിയാവഡിയിലെ പ്രകടനത്തിനാണ് ആലിയക്ക് പുരസ്‌കാരം. മിമി എന്ന ചിത്രമാണ് കൃതിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മാധവൻ സംവിധാനം ചെയ്‌ത റൊക്കട്രിയാണ് മികച്ച ഫീച്ചർ സിനിമ. നിഖിൽ മഹാജൻ ആണ് മികച്ച സംവിധായകൻ. ഗോദാവരി എന്ന മറാഠി ചിത്രത്തിലൂടെയാണ് പുരസ്‌കാരം.
ഇത്തവണയും അഭിമാനകരമായ നേട്ടങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്‍കര്‍ഷനി വസിഷ്‍തയ്ക്കും പുരസ്കാരം ലഭിച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം സ്വന്തമാക്കി. റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം ആണ് മികച്ച മലയാള സിനിമ. ഹോമിലെ പ്രകടനത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു.

സർക്കാർ ഉദ്ദം മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 777 ചാർലി മികച്ച കന്നട ചിത്രമായും കടൈസി വിവസായി മികച്ച തമിഴ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആക്ഷൻ ഡയറക്ഷൻ, കൊറിയോഗ്രാഫി, മികച്ച സ്പെഷ്യൽ എഫക്ട്സ് എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങൾ ആർആർആർ സ്വന്തമാക്കി. ആർആർആറിലൂടെ കീരവാണി മികച്ച പശ്ചാത്തല സംഗീതത്തിനും പുഷ്പയിലൂടെ ദേവീശ്രീ പ്രസാദും മികച്ച സംഗീതത്തിനുള്ള പുരസ്കരത്തിനും അർഹരായി.
കാലഭൈരവയാണ് മികച്ച ഗായകൻ. ശ്രേയ ഘോഷാൽ ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരുണ്‍ അശോകിനും സോനു കെ പിക്കും ചവിട്ട് എന്ന ചിത്രത്തിലൂടെ മികച്ച സിങ്ക് സൌണ്ടിനുള്ള പുരസ്കാരം ലഭിച്ചു. മിമിയിലൂടെ പങ്കജ് ത്രിപാഠി സഹനടനായും കശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി സഹനടിയായും മാറി.
ഏക് ഥാ ഗാവ് ആണ് മികച്ച നോൺ ഫീച്ചർ ചിത്രം. ബാലെ ബംഗാര, ബാലെ ബംഗാര, ദ ഹീലിംഗ് ടച്ച്, ഏക് ദുവ എന്നീ സിനിമകൾക്ക് പ്രത്യേക പരാമർശം ലഭിച്ചു. അഥിതി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ട് മികച്ച ആനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
സിർപ്പങ്കളിൻ സിർപ്പങ്കളാണ് മികച്ച വിദ്യാഭ്യാസ ചിത്രം. ആർ എസ് പ്രദീപ് സംവിധാനം ചെയ്ത മുന്നാം വളവ് എന്ന സിനിമയാണ് മികച്ച പരിസ്ഥിതി ചിത്രം. മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമയായി ആവാസവ്യൂഹവും തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി ആൻഡ് കമ്പനിയാണ് മികച്ച കുട്ടികളുടെ ചിത്രം. ഭവിന്‍ റബാരി ആണ് മികച്ച ബാലതാരം.

2021ൽ സെൻസറിങ് പൂർത്തിയാക്കിയ സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്. 23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്. കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ തീരുമാനിച്ചത്.
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ 11 അവാർഡുകളായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളി നേടിയപ്പോൾ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപർണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











