പഴയ നിവിൻ, ഒപ്പം കുറച്ചു ഹൊറർ: സർവ്വം മായ ടീസർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാള സിനിമയുടെ ക്രൗഡ്പുള്ളർ എന്ന സ്ഥാനം കരിയറിന്റെ തുടക്കത്തിൽ തന്നെ നേടിയെടുത്ത താരമാണ് നിവിൻ പോളി. 'മലർവാടി ആർട്സ് ക്ലബ്ബ്' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നടൻ, നേരം, ബാംഗ്ലൂർ ഡേയ്സ്, ഓം ശാന്തി ഓശാന, എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി. പ്രേമം എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ, താര പദവിയും നിവിൻ നേടി. എന്നാൽ കുറച്ചു കാലമായി നടന്റെ കരിയറിൽ കാര്യങ്ങൾ അത്ര സുഖകരമല്ല.
മൂത്തൊൻ എന്ന സിനിമയിലൂടെ തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തു വന്ന നിവിൻ പോളിയെ പിന്നീട് കാത്തിരുന്നത് തുടരെ തുടരെയുള്ള പരാജയങ്ങളാണ്. ഒപ്പം പാതി വഴിയിൽ ചില ചിത്രങ്ങൾ മുടങ്ങുകയും ചെയ്തു. എന്നാൽ, എല്ലാത്തിനും ഒടുവിൽ സർവ്വം മായ എന്ന അഖിൽ സത്യൻ ചിത്രത്തിലൂടെ ഒരു മികച്ച തിരിച്ചു വരവിന് ഒരുങ്ങുകയാണ്. നിവിന്റെ പിറന്നാൾ ദിവസത്തിൽ പുറത്തിറങ്ങിയ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

പാച്ചുവും അത്ഭുത വിളക്കും എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ, ഒരു ഹൊറർ കോമെഡിയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 1.17 മിനിറ്റ് നീളമുള്ള സർവ്വം മായ ടീസർ, നിവിൻ അവതരിപ്പിക്കുന്ന നായകനെ പരിചയപ്പെടുത്തുകയാണ്. രാത്രി സമയത്ത് ഒരു വലിയ തറവാട്ടിൽ ഒറ്റയ്ക്കായ നായകൻ, ഏറെ ഭയത്തോടെ തന്റെ മുറിയുടെ കോണുകളും, കട്ടിലിന്റെ അടിയും, കുളിമുറിയും, കണ്ണാടിയും ഒക്കെ പരിശോധിക്കുന്നത് കാണാം. എന്നാൽ പിന്നീട് പഴയ 'പ്രേമം' ജോർജിനെ ഓർമിപ്പിക്കുന്ന ചിരിയുമായി ഒരു പെൺകുട്ടിക്ക് മുന്നിലും, അജു വർഗീസിന്റെ കഥാപാത്രത്തിനൊപ്പവും, അയാളെ കാണാം.

എന്തായാലും, പഴയ ഫോമിലേക്ക് നിവിൻ പൊളി മടങ്ങിയെത്തുന്നു എന്നതിന്റെ സൂചനയായിട്ടാണ് സർവ്വം മായ ടീസറിനെ നടന്റെ ആരാധകർ കാണുന്നത്. പാച്ചുവും അത്ഭുത വിളക്കും സംവിധാനം ചെയ്ത അഖിൽ സത്യൻ എന്ന കഴിവുറ്റ സംവിധായകന് താരത്തിന്റെ കരിയറിലെ കഷ്ടകാലം അവസാനിപ്പിക്കാൻ കഴിയുമെന്നും അവർ കരുതുന്നു. "നിവിൻ പോളിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രമായി സർവ്വം മായ എളുപ്പത്തിൽ വേറിട്ടുനിൽക്കുന്നു, പഴയ പ്രതാപം പൂർണ്ണമായും വീണ്ടെടുത്തതായി തോന്നുന്നു," ഒരു പ്രേക്ഷകൻ എക്സ് പേജിൽ കുറിച്ചു.
മലയാളം ഇൻഡസ്ട്രിയ്ക്ക് കാളിദാസിനെ ഇഷ്ടമല്ലേ? ഈ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ലെന്ന് നടൻ
"വർഷങ്ങൾ കടന്നുപോയി, പക്ഷേ അയാളുടെ ആ പുഞ്ചിരി അതേപടി തുടരുന്നു," മറ്റൊരാൾ എഴുതി. "ഒരു സിമ്പിൾ കട്ട് മാത്രം, ടീസറിൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിവിൻ പോളിക്ക് ഒരു ബ്ലോക്ക്ബസ്റ്റർ ഉറപ്പായി കഴിഞ്ഞു," ഒരു സിനിമ പ്രേമി തന്റെ പ്രതീക്ഷ വെളിപ്പെടുത്തിക്കൊണ്ട് എഴുതി. "പ്രൈം നിവിൻ റീലോഡ് ചെയ്തിരിക്കുകയാണ്. എല്ലാം ഫ്രെയിമും കാണുമ്പോൾ തന്നെ നല്ല ഫ്രഷ്‌നെസ്സ് ഫീൽ ... കൂടെ നിവിൻ്റെ ആ പഴയ ചാം കൂടെ ആവുമ്പോൾ ഇരട്ടിമധുരം... സർവം മായ," ഒരു കടുത്ത ആരാധകന്റെ പോസ്റ്റ് ഇങ്ങനെയാണ്. എന്തായാലും, വരുന്ന ക്രിസ്മസ് കാലത്ത് ദിലീപ് നായകവുന്ന 'ഭ ഭ ബ' (ഭയം ഭക്തി ബഹുമാനം) എന്ന സിനിമയോടൊപ്പം ഏറ്റുമുട്ടാൻ സർവ്വം മായ തീയറ്ററിൽ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.


Click it and Unblock the Notifications











