പീഡന പരാതി അസത്യം, പിന്നിലുള്ളവരെ വെളിച്ചത്തു കൊണ്ടു വരും; പ്രതികരണവുമായി നിവിന്‍ പോളി
തനിക്കെതിരായ പീഡന പരാതിയില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. പരാതി വ്യാജമാണെന്നാണ് നിവിന്‍ പോളിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വാര്‍ത്ത വ്യാജമാണെന്നും വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടു വരുമെന്നും നിവിന്‍ പോളി പറയുന്നുണ്ട്.
''ഞാന്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചതായുള്ള വ്യാജ വാര്‍ത്ത കാണുകയുണ്ടായി. അത് തീര്‍ത്തും അസത്യമാണെന്ന് തിരിച്ചറിയുക. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെ പോകാനും ഞാനൊരുക്കമാണ്. ഉത്തരവാദികളായവരെ വെളിച്ചത്തു കൊണ്ടു വരാന്‍ വേണ്ടതെല്ലാം ചെയ്യും. നിങ്ങളുടെ കരുതലിന് നന്ദി. ബാക്കി കാര്യങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ കൈകാര്യം ചെയ്യുന്നതായിരിക്കും'' എന്നാണ് നിവിന്‍ പോളി സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നത്.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതിയിലാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം മൂന്നുങ്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും ദുബായിലെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ പ്രകാരം ആറ് പ്രതികള്‍ കേസിലുണ്ട്. ആറാമത്തെ പ്രതിയാണ് നിവിന്‍ പോളി. നിര്‍മ്മാതാവ് എകെ സുനില്‍ ആണ് രണ്ടാം പ്രതി. ശ്രേയയാണ് ഒന്നാം പ്രതി. കുട്ടന്‍, ബഷീര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള തുറന്നു പറച്ചിലുകളുടേയും പരാതികളുടേയും തുടര്‍ച്ചയാണ് നിവിന്‍ പോളിക്കെതിരായ പരാതിയും. നേരത്തെ ജയസൂര്യ, ബാബുരാജ്, സിദ്ദിഖ്, മുകേഷ് എന്നീ നടന്‍മാര്‍ക്കെതിരെയും കരായ രഞ്ജിത്ത്, വികെ പ്രകാശ്, ഹരിഹരന്‍ തുടങ്ങിയ സംവിധായകര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. രഞ്ജിത്തിനും വികെ പ്രകാശിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പരാതിയുടെ പശ്ചാത്തലത്തില്‍, വിദേശത്തുള്ള നടന്‍ ജയസൂര്യ അവിടെ തന്നെ തുടരുകയാണ്. അതേസമയം ആരോപണത്തിന് പിന്നാലെ സിദ്ധീഖ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, സുധീഷ് തുടങ്ങിയവര്‍ക്കെതിരേയും പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രേത്യക അന്വേഷണ സംഘമാണ് പരാതികള്‍ അന്വേഷിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളും മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. മുന്‍നിര താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. 2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു സർക്കാർ ഹേമ കമ്മിറ്റിയെ നിയമിക്കുന്നതും. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് സധെെര്യം തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി മുന്നോട്ട് വരികയും പരാതികള്‍ നല്‍കുകയു ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലുണ്ടായ ദുരനുഭവം പങ്കിട്ട് തമിഴ് നടിമാരായ രാധിക ശരത്കുമാർ, ചാർമിള തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തതിനാല്‍ തനിക്ക് 28 സിനിമകള്‍ നഷ്ടമായെന്നാണ് ചാർമിള പറഞ്ഞത്. സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്റ് ചോദിച്ചുവെന്നും ചാർമിള വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications