കാത്തിരിപ്പിന് വിരാമം; ഓസ്കാറും സ്വന്തമാക്കി 'നാട്ടു നാട്ടു', ഇന്ത്യക്ക് അഭിമാന നിമിഷം
95-ാമത് ഓസ്‌കാർ പുരസ്‌കാര വേദിയിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കി. നേരത്തെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു.
സംഗീത സംവിധായകൻ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റു വാങ്ങി. ചന്ദ്രബോസിന്റെ വരികൾ ആലപിച്ചത് രാഹുൽ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുമാണ്. റിഹാന, ലേഡി ഗാഗ തുടങ്ങിയ പാശ്ചാത്യ സംഗീതത്തിലെ ഇതിഹാസ താരങ്ങളെ പിന്തള്ളിയാണ് ആർആർആർ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനത്തിന് ആഗോള തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം ഗാനം തരംഗമായി മാറിയിരുന്നു.
ചിത്രം ഓടിടിയിൽ എത്തിയതോടെയാണ് ഗാനത്തിന് പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ആരാധകർ ഉണ്ടായത്. വിദേശ രാജ്യങ്ങളിൽ പോലും നാട്ടു നാട്ടു വലിയ തരംഗമായിരുന്നു. ഓസ്‌കാർ പുരസ്‌കാര വേദിയിൽ സംസാരിക്കവെ ചിത്രത്തിന്റെ സംവിധായകൻ രാജമൗലിക്കും ഇന്ത്യയിലെ മുഴുവൻ ജങ്ങൾക്കുമായി കീരവാണി സ്വന്തമായി രചിച്ച ഒരു ഗാനവും ആലപിച്ചു.
ഓസ്കർ വേദിയിലേക്ക് ഇന്ത്യൻ വേഷത്തിലാണ് ആർ ആർ ആർ സംഘമെത്തിയത്. സംവിധായകൻ എസ് എസ് രാജമൗലി, ജൂനിയർ എൻ ടി ആർ, രാം ചരൺ, കാല ഭൈരവ, രാഹുൽ സിപ്ലിഗഞ്ച് കൊറിയോഗ്രാഫർ പ്രേം രക്ഷിത് എന്നിവരാണ് ഓസ്കാർ പുരസ്‌കാര ചടങ്ങിന് എത്തിയത്.

അതേസമയം, മലയാളികൾക്കും പ്രിയങ്കരനാണ് സംഗീത സംവിധായകൻ കീരവാണി. മലയാള സിനിമയും കീരവാണി മാജിക് അനുഭവിച്ചിട്ടുള്ളതാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് പ്രണയ ചിത്രമായ ദേവരാഗം എന്ന സിനിമയിലെ ശിശിരകാല മേഘ മിഥുനമെന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ എം എം കീരവാണിയാണ്.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജമൗലിക്കും കീരവാണിക്കും ആർആർആറിന്റെ അണിയറ പ്രവർത്തകർക്കും ആശംസ പ്രവാഹമാണ്. ഇത്തവണത്തെ ഓസ്കറിലെ ഇന്ത്യയുടെ രണ്ടാമത്തെ പുരക്‌സാര നേട്ടമാണിത്. നേരത്തെ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) എന്ന വിഭാഗത്തിൽ എലിഫന്റ് വിസ്പറേഴ്‌സിന് പുരസ്‌കാരം ലഭിച്ചിരിന്നു.


Click it and Unblock the Notifications