ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ട്; ഇവരുടെ സിനിമകൾ കണ്ടിട്ടാണ് ഇന്റസ്ട്രിയിലേക്ക് വരുന്നത്: പാർവതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനു ശേഷം വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പല താരങ്ങളും അവർ നേരിട്ട പ്രശ്നങ്ങൾ തുറന്നു പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ പല അഭിനേത്രികളും തങ്ങൾ നേരിട്ടതെല്ലാം വെളിപ്പെടുത്തി. ഓരോ ദിവസവും പുതിയ ആളുകളാണ് രംഗത്ത് എത്തുന്നത്. ഒപ്പം പല പ്രമുഖരുടെയും പേരുകള്‍ വെളിപ്പെടുത്തുന്നു. ഒരിക്കലും ലിസ്റ്റിൽ ഉണ്ടാവില്ലെന്ന് ഉറപ്പുള്ളവരുടെ പോലും പേരുകൾ പുറത്തായിരിക്കുന്നു.
ഈ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഡബ്യൂ.സി.സി അംഗം കൂടിയായ പാർവതി തിരുവോത്തിന്റെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളും ഇപ്പോൾ ട്രെന്റ്ഡിംഗിലാണ്. തങ്കലാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടി രമ്യയുടെ പോഡ്കാസ്റ്റ് വീഡിയോയില്‍ പാര്‍വ്വതി തിരുവോത്ത് സംസാരിച്ച ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ഈ സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ് പാർവതി ഈ അഭിമുഖത്തിലൂടെ പറഞ്ഞത്.

"സിനിമാ മേഖലയിൽ ലൈംഗിക താത്പര്യത്തോടെ പെരുമാറുന്ന ആളുകൾ ഉണ്ട്. തുടക്ക കാലത്ത് താനും അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് പാർവതി പറയുന്നു. പതിനേഴ് - പതിനെട്ട് വയസ്സില്‍ ഇന്റസ്ട്രിയിലേക്ക് വന്നപ്പോള്‍ നേരിട്ടത് അത്ര സുഖകരമായ അനുഭവങ്ങള്‍ അല്ലായിരുന്നു. ശരീരം നോക്കി, ഇത്രയേയുള്ളൂ, പാഡ് വച്ചിട്ട് വാ എന്നൊക്കെ അമ്മയുടെ മുന്നിലിരുന്ന് പറഞ്ഞവരുണ്ട്. പാഡ് ഉപയോഗിച്ചാല്‍ ഇപ്പോഴൊരു പെണ്ണായി എന്നാണ് ഇവർ പറയുന്നത്. പാര്‍വ്വതി പറഞ്ഞു.
ഒരു 16- 17 വയസുള്ള പെൺകുട്ടിക്ക് താങ്ങാവുന്നതിലും വലിയ വേദനകളായിരുന്നു ഇത്തരം സംസാരങ്ങളിലൂടെ ഞാൻ നേരിട്ടത്. ഇതെല്ലാം തമാശയാണെന്ന് അവർ തന്നെ പറയും. എന്നാൽ നമുക്ക് അതെല്ലാം ഇഷ്ടമാവുന്നുണ്ടോ, ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് ആരും ചിന്തിക്കില്ല. ഈ പറഞ്ഞ താരങ്ങളുടെയെല്ലാം സിനിമ കണ്ടാണ് നമ്മള്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. പക്ഷെ അടുത്ത് സംസാരിക്കുമ്പോഴും വർക്ക് ചെയ്യുമ്പോഴുമാണ് ഇതെല്ലാം മനസിലാവുന്നത്. ആ സമയത്ത് ഓർത്തത് സിനിമ ഇല്ലെങ്കിലും വേറെ എന്തെങ്കിലും ജോലി ചെയ്തിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്നായിരുന്നു.
ആദ്യത്തെ 5 വർഷം മാനസികമായി വല്ലാതെ തളർന്നിരുന്നു. സിനിമ വിട്ട് പുറത്ത് പോകാമെന്ന ചിന്തകൾ വന്നിരുന്നു. പക്ഷേ ഇപ്പോൾ 18 വർഷമായി സിനിമയിൽ എത്തിയിട്ട്. ഇനി ഒരിക്കലും ഇവിടം വിട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ 70കളിലും 80കളിലും എനിക്ക് സിനിമയിൽ സജീവമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം."

ഇപ്പോൾ പഴയപോലെയല്ല. ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട്. പലരും പ്രതികരിക്കുന്നുണ്ട്. പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ സാധിക്കുന്നു. നമ്മുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാൻ മുന്നോട്ട് വരുന്നുണ്ട്. സിനിമ എന്നത് ആർക്കും സ്വന്തമല്ല. എല്ലാവർക്കും ഒരുപോലെ ഇവിടെ അവകാശമുണ്ട്. ഒരു കൂട്ടം ആളുകൾക്കുള്ള പവർ ആല്ല സിനിമ.
"സിനിമ സെറ്റില്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വേണം എന്നത് നിയമമാണ്. അല്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നത് നിയമപരമായി തെറ്റാണ്. എന്റെ സെറ്റില്‍ അത്തരം കാര്യങ്ങൾ ഉണ്ടെന്ന് ഞാന്‍ ഉറപ്പ് വരുത്താറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് അവസരങ്ങള്‍ കുറയുമായിരിക്കും. അല്ലെങ്കിലും അവസരങ്ങൾ പൊതുവേ കുറവാണ്." പാർവതി പറയുന്നു. പൊതുവേ പാർവതിയുടെ ഫിലിമോഗ്രാഫി പരിശോധിച്ചാൽ മനസിലാകും ഒരു ഘട്ടത്തിൽ നിന്ന് പിന്നീട് സിനിമാ അവസരങ്ങൾ താരത്തിന് കുറഞ്ഞിട്ടുണ്ടെന്ന്.


Click it and Unblock the Notifications