ഇത് മാസ്സ് അല്ല, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ത്രില്ലർ: പാട്രിയറ്റ് ടീസർ പ്രതീക്ഷ കാക്കുന്നുവോ?
മലയാള സിനിമ പ്രേക്ഷകർ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ - മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം. കഴിഞ്ഞ വർഷം ചിത്രീകരണം തുടങ്ങിയ ചിത്രം, മെഗാസ്റ്റാർ അസുഖം കാരണം ഒരു നീണ്ട ഇടവേളയെടുത്തതോടെ വൈകിയിരുന്നു. എന്നാൽ, മമ്മൂട്ടി സെറ്റിലേക്ക് മടങ്ങിയെത്തിയതോടെ ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റിലും, ആദ്യ ടീസറും ടീം പുറത്തു വിട്ടിരിക്കുകയാണ്. മുൻപ് റിപ്പോർട്ട് ചെയ്തത് പോലെ, വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിന് 'പാട്രിയറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ഏതാണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ, മഹേഷ് നാരായണൻ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ, മമ്മൂട്ടി നായകനായും, മോഹൻലാൽ ഒരു പ്രധാന വേഷത്തിലും എത്തുന്ന ചിത്രത്തിന്റെ ടീസർ, സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടുന്നത്. സിനിമാപ്രേമികൾ ടീസർ ഏറ്റെടുക്കുമ്പോൾ, എല്ലാ സിനിമയിലും മാസ്സ് രംഗങ്ങൾ വേണമെന്ന് നിർബന്ധമുള്ള പ്രേക്ഷകർ നിരാശരാവുകയാണ്.

"പാട്രിയറ്റ് ടീസർ അത്ര മികച്ചതല്ല, അത്ര മികച്ചൊരു ഹൈപ്പ് റൈസ് അല്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യം പോലും ചിത്രത്തെ ഉയർത്തിയില്ല, സുഷിന്റെ സംഗീതവും ദുർബലമായി തോന്നുന്നു. എന്നിരുന്നാലും, ആക്ഷൻ സീക്വൻസുകൾ മികച്ചതായി തോന്നുന്നു," നിരാശനായ ഒരു പ്രേക്ഷകൻ എക്സ് പേജിൽ കുറിച്ചു. "പാട്രിയറ്റ് ടീസറിന് എല്ലാത്തിനും കഴിയുമായിരുന്നു. അതായത്, അവർക്ക് ഒരു മാസ് കട്ടിന് പോകാമായിരുന്നു, അത് കൂടുതൽ മികച്ചതും സ്റ്റൈലിഷുമായ ഒരു സ്കോർ ഉൾപ്പെടുത്താമായിരുന്നു, അത് വലിയ ഹൈപ്പ് സൃഷ്ടിക്കുമായിരുന്നു," മറ്റൊരാൾ എഴുതി.
മമ്മൂട്ടിക്കും മോഹന്ലാലിനുമായി ഒരു 'നരസിംഹം' സ്റ്റൈൽ മാസ്സ് പടമെടുക്കാൻ മഹേഷ് നാരായണൻ മുതിരുന്നില്ല എന്ന് പാട്രിയറ്റ് ടീസർ ഉറപ്പു തരുന്നു. മറിച്ച്, വളരെ സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങളും, കാച്ചി കുരുക്കിയ ഡയലോഗുകളുമുള്ള ഒരു സ്പൈ ത്രില്ലർ ചിത്രവുമായിട്ടാണ് പ്രശസ്ത സംവിധായകൻ ഇത്തവണ എത്തുന്നതെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ, അമിത വാഗ്ദാനങ്ങൾ നൽകി ഹൈപ്പ് കൂട്ടാൻ അദ്ദേഹവും ടീമും മെനക്കെട്ടിട്ടില്ല എന്ന് വേണം കരുതാൻ. മമ്മൂട്ടി രഹസ്യ സ്വഭാവമുള്ള ഒരു സ്പൈ ഏജന്റായും, മോഹൻലാൽ കേണൽ റഹിം നായിക് എന്ന സീനിയർ സൈനിക ഉദ്യോഗസ്ഥനുമായിട്ടാണ് പാട്രിയറ്റിൽ എത്തുന്നത്.

താര പദവികൾ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, വെള്ളിത്തിരയിൽ വീണ്ടും ഒന്നിച്ചെത്തുന്ന മമ്മൂട്ടിയും മോഹൻലാലും, നടന്മാർ എന്ന നിലയിൽ കൂടി തിളങ്ങുന്ന സിനിമയാവും ഇതെന്ന് 'പാട്രിയറ്റ്' ടീസർ ഉറപ്പ് തരുന്നുണ്ട്. എന്നാൽ, ട്വന്റി 20 എന്ന സിനിമയിലൊക്കെ കണ്ടത് പോലെയുള്ള ഒരു 'അഴിഞ്ഞാട്ടം' ഇത്തവണ ഇരുവരിൽ നിന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, തുടങ്ങി ടീസറിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങളുടെ പ്രകടനങ്ങളും ഉറപ്പിക്കുന്നത്, ഇത് ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണെന്ന് തന്നെയാണ്.
സുഷിൻ ശ്യാം ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന പക്ഷക്കാരാണ് കൂടുതൽ പ്രേക്ഷകരും. പക്ഷെ, മഹേഷ് നാരായണനെയും അദ്ധേഹത്തിന്റെ സിനിമകളെയും ഏറെ പരിചയമുള്ള മലയാളി പ്രേക്ഷകരിലെ ഒരു വലിയ വിഭാഗം ഏറെ ആവേശത്തിലാണ്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാട്രിയറ്റ്, അടുത്ത വർഷം ആദ്യ പകുതിയോടെ തീയറ്ററിൽ എത്തിയേക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications