കടലില്‍ വീണ തെരുവ് നായയെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തി പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. പകരംവെക്കാനില്ലാത്ത താരവും പ്രതിഭയും. മലയാളികള്‍ക്ക് മോഹന്‍ലാല്‍ വെറുമൊരു നടനല്ല, ഒരു വികാരമാണ്. ആ പേര് പരാമര്‍ശിക്കാതെ ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തില്‍ കടന്നു പോകുന്നില്ല. താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. അങ്ങനെയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാന്‍ പ്രണവിന് സാധിച്ചിരുന്നു.
മറ്റ് താരപുത്രന്മാരില്‍ നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ ലളിത ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ ചാര്‍ലി ദുല്‍ഖര്‍ സല്‍മാന്‍ ആണെങ്കില്‍ ഓഫ് സ്‌ക്രീനിലെ ചാര്‍ലി പ്രണവ് മോഹന്‍ലാല്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ യാത്രകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ പ്രണവിന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തുന്ന പ്രണവിന്റെ വീഡിയോയാണ് വൈറലാകുന്നത്. നടക്കടലില്‍ പെട്ടുപോയ നായയെ നീന്തിച്ചെന്ന് രക്ഷിച്ച് കരയിലെത്തിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ചെന്നൈയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ട് മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായി മാറുന്നത്. ആദ്യം പ്രണവ് നീന്തി കരയിലേക്ക് വരുന്നതാണ് കാണുന്നത്. പിന്നീടാണ് താരത്തിന്റെ കയ്യിലൊരു നായയുള്ളത് തിരിച്ചറിയുന്നത്.
കരയിലെത്തിയ ശേഷം നായക്കുട്ടിയെ സുരക്ഷിതമായി നിലത്തിറക്കിയ ശേഷം അവിടെ നിന്നും നടന്നു പോകുന്ന പ്രണവിനേയും വീഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന്റെ മട്ടുപ്പാവില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താരത്തിന്റെ മനുഷ്യത്വവും ധീരതയുമെല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താര പുത്രന് ആരാധകര്‍ കയ്യടിക്കുകയാണ്.

നേരത്തെ പ്രണവിന്റെ ഹിമാലയന്‍ യാത്രയുടേയും വീഡിയോ വൈറലായിരുന്നു. താരത്തെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയൊരു ആരാധകന്‍ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറുന്നത്. സഹോദരി മായയും പ്രണവിനൊപ്പം യാത്രയിലുണ്ടായിരുന്നു. മുമ്പും സമാനമായ രീതിയില്‍ ആരാധകര്‍ പകര്‍ത്തിയ പ്രണവിന്റെ യാത്രകളുടെ വീഡിയോകള്‍ വൈറലായി മാറിയിട്ടുണ്ട്. താര ജാഡകളില്ലാതെ താരം ഒരു മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ മകനായ പ്രണവ് സിനിമയിലെത്തുന്നത് ബാലതാരമായാണ്. ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിരുന്നു. പിന്നീട് ജീത്തു ജോസഫിന്റെ സംവിധാന സഹായായി സിനിമയിലേക്ക് തിരികെ എത്തിയ പ്രണവ് ആദിയിലൂടെയാണ് നായകനായി അരങ്ങേറുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 21-ാം നൂറ്റാണ്ടായിരുന്നു രണ്ടാമത്തെ ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവിന്റെ പുതിയ ചിത്രം. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ചിത്രത്തിന്റെ റിലീസ് വൈകുകകയാണ്. ചിത്രത്തില്‍ നിന്നുമുള്ള പ്രണവും കല്യാണിയും അഭിനയിച്ച ഗാന രംഗം നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. തീയേറ്ററുകള്‍ തുറന്നാല്‍ മാത്രമേ ചിത്രം റിലീസ് ചെയ്യുകയുള്ളൂവെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രണവിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ താരപുത്രനില്‍ സിനിമാലോകത്തിനും ഏറെ പ്രതീക്ഷകളുണ്ട്.


Click it and Unblock the Notifications