ഓം പ്രകാശിനെ അറിയില്ല, കണ്ടിട്ടില്ല! പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍; പ്രതികരിച്ച് പ്രയാഗ മാര്‍ട്ടിന്‍
ലഹരിക്കേസ് വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ഗുണ്ടാ നേതാവായ ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നാണ് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നത്. ഹോട്ടലിലെത്തിയത് സുഹൃത്തുക്കളുടെ കൂടെയാണ് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഗുണ്ടാ നേതാവ് ഓം പ്രകാശിനേയും സുഹൃത്തിനേയും ലഹരിക്കേസില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കാണാനായി താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി കണ്ടെത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍.

ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. ഓം പ്രകാശവുമായി പരിചയമില്ല. ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ കൂടെ. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നുമാണ് പ്രയാഗ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നത്. ''കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോള്‍ എടുത്ത ഓര്‍മ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേള്‍ക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയയുടെതായിട്ടുള്ള കഥകള്‍ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാന്‍ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല.'' എന്നാണ് പ്രയാഗ പറയുന്നത്.
തന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാന്‍ ആണ് താന്‍ ഹോട്ടലില്‍ പോയതെന്നാണ് പ്രയാഗ പറയുന്നത്. രാവിലെ അഞ്ച് മണിയായി താന്‍ ഹോട്ടലിലെത്തുമ്പോള്‍. രാവിലെ എട്ടരയ്ക്കുള്ള ട്രെയ്‌നില്‍ തനിക്ക് കോഴിക്കോട് പോകേണ്ടതുണ്ടായിരുന്നു. അതിനാല്‍ താന്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. തനിക്കൊപ്പം ആ മുറിയില്‍ നാലഞ്ചു വയസുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്നും പ്രയാഗ പറയുന്നുണ്ട്.രണ്ടു മണിക്കൂര്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ച ശേഷം ഏഴ് മണിയോടെ താന്‍ പോയെന്നും താരം പറയുന്നു.

ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ലെന്നും വാര്‍ത്തകളിലൂടെയാണ് താന്‍ ഇങ്ങനൊരു സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും പ്രയാഗ പറയുന്നു. ഓം പ്രകാശിനെ ചോദിച്ച് വിളിച്ചവരില്‍ നിന്നാണ് താന്‍ അങ്ങനൊരു പേര് കേള്‍ക്കുന്നത്. തുടര്‍ന്ന് ഗൂഗിളിലും മറ്റും സര്‍ച്ച് ചെയ്താണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും താരം പറയുന്നു. അതേസമയം പൊലീസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ പോകുമെന്നും താരം വ്യക്തമാക്കി. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അതിനാല്‍ തിരുത്തേണ്ടത് തന്റെ കടമയാണെന്നും താരം പറഞ്ഞു.
സുഹൃത്തുക്കളുടെ കൂടെയാണ് താന്‍ ഹോട്ടലില്‍ പോയത്. അവര്‍ കാണായ പോയവരുടെ പശ്ചാത്തലവും നാടും ഒന്നും ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും പ്രയാഗ പറയുന്നു. ഓം പ്രകാശിനോട് താന്‍ ഹലോ പോലും പറഞ്ഞിട്ടില്ലെന്നും അങ്ങനൊരാളെ കണ്ടിട്ടില്ലെന്നും പ്രയാഗ പറയുന്നു.


Click it and Unblock the Notifications











