ലൂസിഫറിന് മൂന്നാം ഭാഗം വരും, പ്രണവിന് ചെറിയ വേഷം എന്ന് പൃഥ്വിരാജ്: ആശങ്കയിൽ ആരാധകർ
ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിലൂടെ, 2019ലാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാന രംഗത്തേക്ക് ചുവടു വച്ചത്. അതിന് ശേഷം ബ്രോ ഡാഡി, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളും മലയാളത്തിന്റെ ബഹുമുഖ പ്രതിഭ സംവിധാനം ചെയ്തു. ബോക്സ് ഓഫീസിൽ ലൂസിഫറിനേക്കാൾ വലിയ വിജയമാക്കാൻ എമ്പുരാന് കഴിഞ്ഞെങ്കിലും, പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒപ്പം, പ്രതീക്ഷിക്കാതെ ചില അനാവശ്യ വിവാദങ്ങളും ചിത്രത്തെ വാർത്തകളിൽ നിറച്ചു.
എമ്പുരാൻ റിലീസിന് ശേഷം കടുത്ത സോഷ്യൽ മീഡിയ ആക്രമണം നേരിട്ട പൃഥ്വിരാജ് സുകുമാരൻ, ലൂസിഫറിന്റെ മൂന്നാം ഭാഗം ഉപേക്ഷിച്ചേക്കുമെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, എല്ലാ പ്രവചനങ്ങളെയും തകിടം മറിച്ചു കൊണ്ട്, L 3 - അസ്രായേൽ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗം ഉറപ്പായും പുറത്തു വരുമെന്ന് അടുത്തിടെ സംവിധായകൻ സ്ഥിരീകരിച്ചു. പക്ഷെ, പ്രണവ് മോഹൻലാലിന് എല്ലാവരും പ്രതീക്ഷിച്ചതു പോലെ ഒരു മുഴുനീള വേഷമായിരിക്കില്ല എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. എന്തായാലും, പോലെ, മോഹൻലാൽ ചിത്രത്തെക്കുറിച്ച് ഇപ്പോഴും ആശങ്കയിലാണ് ആരാധകർ.

ചാക്കോച്ചനെയാണ് ഇഷ്ടമെന്ന് കാവ്യ, ഇനി ഒപ്പം അഭിനയിക്കില്ലെന്ന് ദിലീപ്: ലാൽ ജോസ് ഓർക്കുന്നു
ഇപ്പോൾ സോഷ്യൽ മീഡിയയിൽ മലയാള സിനിമ പ്രേക്ഷകർ, പ്രത്യേകിച്ച് മോഹൻലാൽ ആരാധകർ ചർച്ച ചെയ്യുന്നത്, ലൂസിഫർ പരമ്പരയിലെ അവസാന ചിത്രത്തിന്റെ ഭാവിയാണ്. ഇപ്പോഴത്തെ നിലയിൽ, എസ്.എസ്. രാജമൗലി ചിത്രം അടക്കമുള്ള ഒരുപാട് വലിയ പ്രോജക്ടുകളുടെ ഭാഗമായ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, 2027 വരെ വലിയ തിരക്കിലാവും താൻ എന്ന് സൂചിപ്പിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചു തീർക്കാനുണ്ട് താരത്തിന്. ഒപ്പം, L 3 അസ്രായേൽ തുടങ്ങുന്നതിന് മുൻപ്, മറ്റൊരു സിനിമ സംവിധാനം ചെയ്യാനും പൃഥ്വിരാജിന് പദ്ധതിയുണ്ട്. ആ നിലയ്ക്ക്, ലൂസിഫർ മൂന്നാം ഭാഗം തുടങ്ങാൻ കുറഞ്ഞത് 2027 അവസാനമെങ്കിലും ആവും.
ആ നിലയ്ക്ക് നോക്കിയാൽ, സിനിമ പുറത്തിറങ്ങുമ്പോഴേക്ക് നായകൻ മോഹൻലാലിന് അറുപത്തിയെട്ട് വയസ്സാകും പ്രായം. അദ്ധേഹത്തിന്റെ യൗവന കാലം സ്‌ക്രീനിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിനാവട്ടെ, മുപ്പത്തിയെട്ടും. ആ നിലയ്ക്ക്, L 3 അസ്രായേൽ തുടങ്ങാൻ പൃഥ്വിരാജ് വൈകും തോറും, ആ സിനിമ സംഭവിക്കാനുള്ള സാധ്യതയ്ക്കും മങ്ങലേൽക്കും എന്നാണ് ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രേക്ഷകർ കരുതുന്നത്. ഒപ്പം, യുവാവായ സ്റ്റീഫൻ നെടുമ്പള്ളിയായി സ്‌ക്രീനിലെത്തുന്ന പ്രണവ്, ആ വേഷം ചെയ്യാനുള്ള പ്രായം പിന്നിട്ടു പോകുമെന്നും ഇവർ പറയുന്നു.

ഇതിന് പുറമെ, പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന യുവാവായ സ്റ്റീഫന്റെ കഥ സ്‌ക്രീനിൽ കാണാൻ കാത്തിരുന്നവർക്ക്, നടൻ ചെറിയൊരു വേഷമാണ് ചെയ്യുന്നതെന്ന പൃഥ്വിരാജ് സുകുമാരന്റെ സ്ഥിരീകരണം നിരാശയായിരിക്കുകയാണ്. എന്നാൽ, ഇത് പ്രതീക്ഷിച്ചത് തന്നെയാണെന്നും, ചുരുക്കിയാണെങ്കിലും സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ സ്‌ക്രീനിൽ കണ്ടാൽ മതിയെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. എമ്പുരാൻ ചെയ്തത് പോലെ, മോഹൻലാൽ ഖുറേഷി അബ്രാം ആയി ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്ന അവസ്ഥ ആവർത്തിക്കരുതെന്ന് മാത്രമേ പ്രേക്ഷകർ ആഗ്രഹിക്കുന്നുള്ളു.
എന്തായാലും, പൃഥ്വിരാജ് സുകുമാരൻ എന്ന നടനും സംവിധായകനും, ഇനി വരാനിരിക്കുന്നത് വളരെ രസകമായ പ്രൊജെക്ടുകളാണ്. ടൈസൺ എന്ന ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യാൻ ആലോചിക്കുന്ന പൃഥ്വിരാജ്, ഇനി നായകനായി അടുത്തതായി സ്‌ക്രീനിൽ എത്തുന്നത്, വിലായത്ത് ബുദ്ധ എന്ന ജയൻ നമ്പ്യാർ ചിത്രത്തിലാണ്. ഇതിന് പുറമെ നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി, വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ് ട്രോഫി, വൈശാഖിന്റെ ഖലീഫ തുടങ്ങിയ ചിത്രങ്ങലാണ് മലയാളത്തിലായി നടന് വേണ്ടി ഒരുങ്ങുന്നത്. തെലുങ്കിൽ എസ്.എസ്. രാജമൗലി ചിത്രവും, സലാർ രണ്ടാം ഭാഗവുമാണ് പൃഥ്വിരാജിന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications