'ഞാനും നൂറിനും തമ്മില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല'; ചുറ്റുമുള്ളവര്‍ കുത്തിവച്ച വെറുപ്പ്: പ്രിയ വാര്യർ
ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് താരമായി മാറിയ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലില്‍ വീണത് മലയാളികള്‍ മാത്രമല്ല. കേരളവും ഇന്ത്യയും കടന്ന് ലോകം മുഴുവന്‍ അന്ന് പ്രിയ വൈറലായി മാറി. ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കോമ്പോഴേക്കും ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമായി പ്രിയ മാറി. ലോകോത്തര ബ്രാന്റുകള്‍ പ്രിയയെ തേടിയെത്തി.
അഡാല്‍ ലവില്‍ പ്രിയയ്‌ക്കൊപ്പം അഭിനയിച്ച നടിയാണ് നൂറിന്‍ ഷെരീഫ്. ഇരുവരും നായികമാരായി എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. അതേസമയം സിനിമയുടെ റിലീസിന് പിന്നാലെ പ്രിയയും നൂറിനും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകളും പുറത്ത് വന്നു. പ്രിയയ്ക്കുണ്ടായ അപ്രതീക്ഷിതമായ പ്രശസ്തിയും അതുമൂലം തിരക്കഥയില്‍ മാറ്റം വരുത്തേണ്ടി വന്നതുമെല്ലാമാണ് പിണക്കത്തിന് കാരണമായി വ്യാഖ്യാനിക്കപ്പെട്ടത്.

പ്രിയയും നൂറിനും പല അഭിമുഖങ്ങളിലും തങ്ങള്‍ സുഹൃത്തുക്കളല്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഈയ്യടുത്ത് നൂറും പ്രിയയും ഒരുമിച്ചുള്ളൊരു വീഡിയോ വൈറലായി. ഇപ്പോഴിതാ താനും നൂറിനും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും അതിന് പിന്നിലെ കാരണക്കാരെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പ്രിയ വാര്യര്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വാര്യര്‍ മനസ് തുറന്നത്.
''രണ്ട് പേര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണം 99 ശതമാനം സമയത്തും ചുറ്റുമുള്ള ആളുകള്‍ ഫീഡ് ചെയ്യുന്ന വെറുപ്പ് ആണ് എന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിപരമായി പറയുകയാണെങ്കില്‍, അന്നാണെങ്കിലും ഞാനും നൂറിനും തമ്മില്‍ വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചുറ്റുമുള്ളവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. അതല്ലാതെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളൊന്നുമില്ല.'' എന്നാണ് പ്രിയ വാര്യര്‍ പറഞ്ഞത്.
മീഡിയയില്‍ ആളുകള്‍ നല്‍കുന്ന അഭിമുഖങ്ങളും, നരേറ്റീവുകളുമൊക്കെയാണ് നമ്മള്‍ കാണുന്നത്. നേരിട്ടുള്ള സംസാരം നടക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ട് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മനസിലായി. ഇതെന്തിനാണ് ഇത്രയും വര്‍ഷം ഇങ്ങനൊരു നരേറ്റീവ് എന്ന് ഞങ്ങള്‍ ചിന്തിച്ചു. അങ്ങനെ സ്വാഭാവികമായി അത് അങ്ങ് പരിഹരിക്കപ്പെട്ടുവെന്നും പ്രിയ പറയുന്നുണ്ട്.
അതേസമയം, തനിക്ക് ഇന്‍ഡസ്ട്രിയില്‍ അധികം സുഹൃത്തുകളില്ലെന്നും പ്രിയ പറയുന്നുണ്ട്. എന്റെ ക്ലോസ് സര്‍ക്കിള്‍ സ്‌കൂളിലും കോളേജിലുമെല്ലാം കൂടെ പഠിച്ചവരാണ്. ഇന്‍ഡസ്ട്രിയില്‍ നിന്നും ഒന്നു രണ്ടു പേരുണ്ടെന്നും താരം പറയുന്നുണ്ട്.

തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലാണ് പ്രിയയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. ചിത്രത്തിലെ പ്രിയയുടെ തൊട്ട് തൊട്ട് പേസും സുല്‍ത്താന പാട്ടിലെ പ്രകടനം വൈറലായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമ്രന്‍ ചെയ്ത പാട്ടിന് പ്രിയ വീണ്ടും ചുവടുവെക്കുകയായിരുന്നു. പ്രിയയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ നെഗറ്റീവ് കഥാപാത്രമായാണ് പ്രിയ എത്തിയത്. ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രിയ പിന്നീട് തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലുമെല്ലാം അഭിനയിച്ചു. 4 ഇയേഴ്‌സ്, ഇഷ്ഖ്, യാരിയാന്‍ 2, മന്ദാകിനി, നിലവുക്ക് എന്‍ മേല്‍ എന്നടി കോപം തുടങ്ങിയ സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രങ്ങളായ ത്രീ മങ്കീസ്, ലവ് ഹാക്കേഴ്‌സ് എന്നിവയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമകള്‍. അഭിനയത്തിന് പുറമെ പാട്ടിലും പ്രിയ മികവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്കിലും പാടിയിട്ടുണ്ട്.


Click it and Unblock the Notifications