തുടങ്ങിയതും അവസാനിപ്പിക്കുന്നതും കമൽ ഹാസനൊപ്പം; ഞെട്ടിക്കുന്ന തീരുമാനവുമായി രജനികാന്ത്?
രജിനികാന്തും കമൽ ഹാസനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്ന വാർത്ത പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്റ്റാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജയിലർ സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യാൻ സാധ്യതയുള്ള പ്രോജെക്ടിൽ, രജിനികാന്ത് നായകനാവും. കമൽ ഹാസനാവട്ടെ, ഈ ചിത്രം പ്രൊഡ്യൂസ് ചെയ്യുകയും, ഒപ്പം അതിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാനും തയ്യാറെടുക്കുകയാണ്.
എന്നാൽ, ഈ അങ്ങേയറ്റം ആവേശജനകമായ വർത്തയ്‌ക്കൊപ്പം സൂപ്പർസ്റ്റാറിന്റെ ആരാധകരെ കാത്ത് അത്ര സുഖകരമല്ലാത്ത ഒരു വാർത്ത കൂടി എത്തിയേക്കുമെന്നാണ് സൂചന. കേൾക്കുന്ന ഗോസിപ്പുകൾ സത്യമാണെങ്കിൽ, കമൽ ഹാസനൊപ്പം വീണ്ടും ഒന്നിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോടു കൂടി, സിനിമാ രംഗത്തോട് വിട പറയാൻ ഒരുങ്ങുകയാണ് രജനികാന്ത്. അധികം വൈകാതെ ലെജൻഡറി താരം തന്റെ റിട്ടയർമെന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്കവാറും, പടയപ്പ താരത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ദിവസം ആവും ഈ രണ്ട് പ്രഖ്യാപനങ്ങളും സംഭവിക്കുക.

രജിനികാന്തും കമൽ ഹാസനും ഒന്നിക്കുമ്പോൾ ഒപ്പം ലോകേഷ് ഇല്ല; ചിത്രമൊരുക്കാൻ ഈ ഹിറ്റ് സംവിധായകൻ?
അങ്ങനെയാണെങ്കിൽ, 1975ൽ പുറത്തിറങ്ങിയ അപൂർവ്വ രാഗങ്ങൾ എന്ന തന്റെ തന്റെ ആദ്യ സിനിമയിൽ രജിനികാന്ത് അഭിനയിച്ചത് കമൽ ഹാസന് ഒപ്പമാണ്. അന്ന് ചിത്രത്തിലെ നായകനായി ലെജൻഡറി നടൻ എത്തിയപ്പോൾ, പിൽക്കാലത്ത് സൂപ്പർസ്റ്റാർ പട്ടം നേടിയ സ്റ്റൈലൻ പയ്യൻ അഭിനയിച്ചത് പാണ്ഡ്യൻ എന്ന നെഗറ്റീവ് റോളിലാണ്. ഇന്ന്, അമ്പത് വര്ഷം പിന്നിട്ട സിനിമാ ജീവിതം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ രജിനി ഒരുങ്ങുമ്പോൾ, അദ്ദേഹം ഒരിക്കൽ കൂടി തിരഞ്ഞെടുക്കുക അടുത്ത സുഹൃത്ത് കൂടിയായ കമലിന് ഒപ്പമുള്ള ഒരു പ്രൊജക്റ്റാണ് എന്നാണ് സൂചന. എന്നാൽ ഈ റിപ്പോർട്ടുകളൊന്നും ഇത് വരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഈ വാർത്ത പുറത്തു വന്നതോടെ, രജനികാന്ത് ആരാധകർ റെഡിറ്റിലും, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ വിഷയം ചർച്ച ചെയ്യുകയാണ്. "സത്യമാണെങ്കിൽ, കമലിനൊപ്പം യാത്ര ആരംഭിച്ച് കമലിനൊപ്പം യാത്ര പൂർത്തിയാക്കിയിരിക്കും. ഒരു വലിയ സിനിമയുടെ ചിത്രീകരണത്തോടെ അദ്ദേഹം വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നു," ഒരു പ്രേക്ഷകൻ എഴുതി. "അദ്ദേഹം ഒന്ന് വിശ്രമിക്കട്ടെ... നെൽസൺ ഈ പ്രോജക്ടിന് അനുയോജ്യൻ... ആണ്ടവർ, തലൈവർ കോംബോ എന്നിവയുള്ള ഡാർക്ക് കോമഡി സിനിമയ്ക്കായി കാത്തിരിക്കും," മറ്റൊരാൾ കുറിച്ചു.
"ശരി, ആ മനുഷ്യൻ വിശ്രമിക്കട്ടെ. നമ്മുടെ സംവിധായകർക്ക് എന്തായാലും അയാളെ അധികം ബുദ്ധിമുട്ടിക്കാതെ ഒരു നല്ല മാസ് സിനിമ സംവിധാനം ചെയ്യാൻ കഴിയില്ല. ഫൈറ്റ് സീനുകൾ ഇല്ലാതെ ഒരു മാസ് സിനിമ എടുക്കാൻ കഴിയുമെന്ന് അവർക്ക് അറിയില്ല. ഉദാഹരണത്തിന്, കൂലി ഇന്റർവെൽ സീൻ. ഷോബിന്റെ കഥാപാത്രത്തിന്റെ ശവസംസ്കാര രംഗത്ത് മഴയുടെ പ്രഭാവം ചേർത്തത് എന്തിനാണ്? 75 വയസ്സുള്ള സൂപ്പർസ്റ്റാറിനെ തണുത്ത വെള്ളത്തിനടിയിൽ നിർത്തിയതല്ലാതെ മറ്റെന്താണ് അത് ഉപകരിച്ചത്," മറ്റൊരാൾ റെഡിറ്റിൽ എഴുതി.
അധികമൊന്നും ഈ പ്രോജെക്ടിനെ കുറിച്ച് അറിയില്ലെങ്കിലും, അനിരുദ്ധ് രവിചന്ദർ തന്നെയാവും സംഗീത സംവിധായകൻ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കമൽ ഹാസന്റെ ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും, റെഡ് ജയന്റ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന പ്രോജെക്ടിൽ, രജനികാന്തിനും കമലിനും ഒപ്പം തമിഴ്, മലയാളം, ബോളിവുഡ് ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രമുഖർ കൂടി ഉണ്ടാവുമെന്നാണ് സൂചന.


Click it and Unblock the Notifications











