'എന്നെ അറസ്റ്റ് ചെയ്തിട്ടില്ല'; ലഹരിപ്പാര്‍ട്ടി നടത്തിയെന്ന ആരോപണം; സുചിത്രക്കെതിരെ റിമ പരാതി നല്‍കി
തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ച് നടി റിമ കല്ലിങ്കല്‍. റിമയുടെ വീട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്നും റിമയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമുള്ള സുചിത്രയും പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായി മാറിയിരുന്നു. ഈ സംഭവത്തിലാണ് സുചിത്രയ്‌ക്കെതിരെ റിമ മാനനഷ്ടത്തിന് പരാതി നല്‍കിയിരിക്കുന്നത്. സുചിത്രയുടെ ആരോപണത്തില്‍ പറയുന്നത് പോലെ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിമ കല്ലിങ്കല്‍ വ്യക്തമാക്കുകയും ചെയ്തു.
റിമയുടെ കൊച്ചിയിലെ വീട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്നും പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാറുണ്ടെന്നുമായിരുന്നു സുചിത്ര പറഞ്ഞത്. നിരോധിത മയക്കുമരുന്നുകള്‍ പാര്‍ട്ടിയില്‍ ഉപയോഗിക്കാറുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു റിമയുടെ പ്രതികരണം. റിമയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വര്‍ഷങ്ങളായി ഡബ്ല്യുസിസിയ്ക്കും അതിന്റെ ലക്ഷ്യത്തിനുമൊപ്പം നിങ്ങള്‍ കൂടെ നിന്നിട്ടുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ ഈ എഴുത്തിന് കാരണം.
കഴിഞ്ഞ രണ്ട് ദിവസമായി, തമിഴ് ഗായിക സുചിത്ര ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നല്‍കിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 30 മിനുറ്റുള്ള ആ അഭിമുഖത്തില്‍ അവര്‍ 2017 ലെ ലൈംഗിക അതിക്രമത്തിലെ അതിജീവിതയുടെ പേര് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇതുപോലൊന്ന് സംഭവിക്കുമെന്ന് അവര്‍ക്ക് അറിയുമായിരുന്നു എന്നും പറയുന്നുണ്ട്.
ഫഹദിനെ പോലുള്ള നടന്മാരുടെ കരിയര്‍ തീര്‍ക്കാന്‍ വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായുമായി ചേര്‍ത്ത് തയ്യാറാക്കിയ ഗൂഢാലോചനയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്നും പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന് നമുക്കറിയാം. മറിച്ചെന്തും നിര്‍ദ്ദേശിക്കുന്നവരെ നമ്മള്‍ ചോദ്യം ചെയ്യണം.
അവരുടെ ആരോപണങ്ങള്‍ ഒന്നും മുഖ്യധാര മാധ്യമങ്ങളില്‍ ഇടം നേടിയില്ലെങ്കിലും, എന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് ഏതോ മാധ്യമത്തില്‍ അവര്‍ വായിച്ചുവെന്ന് പറയുന്നത് വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍ അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ഞാന്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടുമായി, ഒരുമിച്ച് മുന്നോട്ട് നീങ്ങാം. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി എന്നാണ് റിമ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളും മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. മുന്‍നിര താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. 2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയമിക്കുന്നതും. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് സധൈര്യം തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി മുന്നോട്ട് വരികയും പരാതികള്‍ നല്‍കുകയു ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications