96ന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുമോ! ആരാധകന് സാമന്തയുടെ മറുപടി ഇങ്ങനെ
വിജയ് സേതുപതിയുടെതായി തിയ്യേറ്റററുകളില്‍ മികച്ച സ്വീകരണം ലഭിച്ച ചിത്രമാണ് 96. തൃഷയും സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മക്കള്‍ സെല്‍വനെ നായകനാക്കി ചായാഗ്രാഹകനായ സി പ്രേംകുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.
ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തരുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം തമിഴില്‍ വിജയമായ 96 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സേതുപതിയും തൃഷയും മികവുറ്റതാക്കിയ വേഷങ്ങള്‍ തെലുങ്കില്‍ നാനിയും സാമന്തയുമാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്.. 96മായി ബന്ധപ്പെട്ട് ആരാധകന്‍ ചോദിച്ച ചോദ്യത്തിന് സാമന്ത നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. 96 തെലുങ്കില്‍ റിമേക്ക് ചെയ്യുന്നുവെന്നതും തൃഷയുടെ വേഷം നിങ്ങള്‍ ചെയ്യുന്നുവെന്നതും സത്യമാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ചിത്രം ഒരിക്കലും റീമേക്ക് ചെയ്യാന്‍ പാടില്ല എന്നായിരുന്നു സാമന്ത നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം 96 കണ്ട സാമന്ത ചിത്രത്തിലെ പ്രകടനത്തിന് തൃഷയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് തൃഷ നടത്തിയതെന്നായിരുന്നു സാമന്ത ട്വീറ്റ് ചെയ്തത്.


Click it and Unblock the Notifications