For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുട്ടില്‍ ഒരു സേതുവുണ്ടായിരുന്നു, ഒരു കൊച്ചുതെമ്മാടിയുണ്ടായിരുന്നു; അങ്ങനെയാണ് അയാള്‍ ലാലേട്ടനാകുന്നത്!

  |

  മോഹന്‍ലാല്‍ എന്ന നടന വിസ്മയ്ത്തിന് ഇന്ന് 61-ാം പിറന്നാള്‍. ആരാധകരും സിനിമാലോകവും പ്രിയതാരത്തിന് ആശംസകള്‍ നേരുകയാണ്. മനസിലിന്നും മായാതെ നില്‍ക്കുന്ന ലാലേട്ടന്റെ ഓരോ കഥാപാത്രങ്ങളെയും കുറിച്ചും ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയും മനസ് തുറക്കുകയാണ്. ഇതിനിടെ ഷാഫി പൂവത്തിങ്കല്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

  ഹാഫ് സാരിയില്‍ ഹോട്ടായി പ്രിയങ്ക ജവാല്‍ക്കര്‍; ചിത്രങ്ങള്‍ കാണാം

  മോഹന്‍ലാല്‍ എങ്ങനെ മലയാളികള്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടവനായെന്നാണ് ഷാഫി പറയുന്നത്. ഒരു ശരാശരി മലയാളിയ്ക്ക് മോഹന്‍ലാലില്‍ അവനവനെ തന്നെ കാണാനുള്ള കാരണങ്ങളുമാണ് ഷാഫി കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  എഴുപതുകളിലെ ഗള്‍ഫ് ബൂമിന് ശേഷം ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്‍ തന്റെ ജോലിയെയും കൂലിയെയും കുടുംബത്തെയും വീടിനെയുമെല്ലാം ചുറ്റിപറ്റിയുള്ള സ്വപ്നങ്ങള്‍ നെയ്തത് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിവസരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.
  അങ്ങനെയിരിക്കെയാണ് എണ്‍പതുകളുടെ ആരംഭത്തില്‍ ഇറാന്‍ -ഇറാഖ് യുദ്ധം ആരംഭിക്കുന്നത്.പതിറ്റാണ്ടിന്റെ പകുതിയോടെ ആ യുദ്ധം ശക്തി പ്രാപിച്ചു.

  അവശ്യസാധനങ്ങളുടെയടക്കം സകലതിന്റെയും വില കുത്തനെ ഉയര്‍ന്നു.നിരവധി മലയാളി ചെറുപ്പക്കാര്‍ക്ക് ഗള്‍ഫിലെ ജോലി നഷ്ടമായി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു.ഗള്‍ഫ്, മലയാളിക്ക് അപ്രാപ്യമായൊരു സ്വപ്ന ഭൂമികയായി.പട്ടിണിയും തൊഴിലില്ലായ്മയും മലയാളി യുവത്വത്തിന് ജീവിതമൊരു കീറാമുട്ടിയാക്കി തീര്‍ത്തു.
  ജോലിയിലും കൂലിയുമില്ലാതെ ,വൈറ്റ് കോളര്‍ ജോലിയോ ഗള്‍ഫോ എന്ന ദ്വന്ദത്തിലേക്ക് മാത്രം തൊഴില്‍ താത്പര്യങ്ങളെ ചുരുക്കി ഒരു തൊഴിലുമില്ലാതെ ജീവിതം തള്ളി നീക്കുന്ന ചെറുപ്പക്കാരെ കണ്ട് രക്ഷിതാക്കള്‍ വീര്‍പ്പ് മുട്ടി.

  പ്രതീക്ഷകളുടെ സകല വെളിച്ചവും കെട്ട ആ ഇരുണ്ട കാലത്ത് ഇടക്ക് വല്ലപ്പോഴും ഒരിത്തിരി ആശ്വാസത്തിനായി മലയാളി സിനിമാ കൊട്ടകയുടെ ഇരുട്ടിലേക്ക് കയറി.
  അവിടം തൊട്ട് മലയാളി, മോഹന്‍ലാലില്‍ വല്ലാത്തൊരു തന്മയീഭാവം ദര്‍ശിച്ചു തുടങ്ങുകയായിരുന്നു.
  ഇരുട്ടില്‍ ഒരു സേതുവുണ്ടായിരുന്നു.
  ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ സേതു.
  സേതുവിന് ജോലിയില്ല. സേതു വയററിഞ്ഞൊന്ന് ഉണ്ടിട്ട്,ചുറ്റുപാടും മറന്നൊന്നുറങ്ങിയിട്ട് ദിവസമൊട്ടു കഴിഞ്ഞു. ഒടുവില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണവും കിടക്കാനൊരിടവും കിട്ടുമ്പോള്‍ രണ്ടും ആവോളം ആസ്വദിച്ചറിഞ്ഞ് സേതു അനുഭവിക്കുന്നുണ്ട്.

  പട്ടിണിയുടെയും അലച്ചിലിന്റെയുമപ്പുറത്ത് വീണുകിട്ടിയൊരാശ്വാസത്തെ സേതു സ്‌ക്രീനില്‍ അനുഭവിച്ചറിയുമ്പോള്‍ അവിടെ നടനില്‍ സംഭവിക്കുന്നത് അഭിനയമല്ല, അനുഭവമാണ്. കാണി ആ അനുഭവവുമായാണ് താദാത്മ്യം പ്രാപിക്കുന്നത്.
  അങ്ങനെയാണ് മോഹന്‍ലാല്‍ മലയാളി സത്തയുടെ അടര്‍ത്തിമാറ്റാനാകാത്തൊരു പങ്കാകുന്നത്.
  മലയാളിയുടെ അനുഭവിച്ചറിഞ്ഞ അനുഭൂതിയും അനുഭവവുമാകുന്നത്. നാടോടിക്കാറ്റില്‍ ,മടുത്തു ബാലേട്ടാ എന്ന് പറഞ്ഞു തേങ്ങുന്ന ദാസന്റെ കണ്ണിലും ശരീരഭാഷയിലാകയും പിന്നീട്ട കാലത്തിന്റെ അലല്ലിന്റെ സകല തീക്ഷ്ണതയും ഒന്നാകെ വന്ന് നിറഞ്ഞ് നില്‍ക്കുന്നത് കാണാം.


  ദാരിദ്ര്യത്തിന്റെ ദീനത മാത്രമായിരുന്നില്ല അക്കാലത്തെ ലാലില്‍ കണ്ടത്, ദാരിദ്ര്യത്തോട് പിടിച്ചു നില്‍ക്കാന്‍ ചെറിയ കൊള്ളരുതായ്മകള്‍ ഒപ്പിക്കാന്‍ മടിയില്ലാത്ത, ബാല്യസഹജമായ നിഷ്‌കളങ്കതയുടെ ചൂര് ചോര്‍ന്ന് പോയിട്ടില്ലാത്ത ഒരു കൊച്ച് വികൃതിയും മോഹന്‍ലാലിലുണ്ടായിരുന്നു.
  ഒരു കൊച്ചു തെമ്മാടി. ആ കൊച്ചു തെമ്മാടിയാണ് റെസ്റ്റോറന്റില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ശേഷം കാമുകി വെയിറ്റര്‍ക്ക് നല്‍കുന്ന ടിപ്പെടുത്ത് പോക്കറ്റിലിടുന്നത്.
  ആ കൊച്ചു തെമ്മാടിയാണ് ഫാല്‍ക്കണ്‍ പ്രൊഡക്ടിസിന്റെ വാള്‍പേപ്പറുമായി വീടുകളിലേക്ക് ഇടിച്ചു കയറി ചുമരുകള്‍ വൃത്തികേടാക്കുന്നത്.

  പിടിച്ചു നില്‍ക്കാനുള്ള പെടാപാടാണ്.
  ആ കൊച്ചു തെമ്മാടിത്തരം പിടിക്കപ്പെടുമ്പോള്‍ അയാളുടെ കണ്ണിലും മുഖത്തും ഒരു ചിരിയുണ്ട്.
  അതിന്റെ പ്രതലത്തില്‍ കുസൃതിത്തരം പിടിക്കപ്പെട്ട കൊച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയുണ്ട്.
  ആഴത്തില്‍ ഗതികെട്ടൊരു ജീവിതത്തിന്റെ സകല വേദനകളും കെട്ടി കിടക്കുന്നതും കാണാം.
  മിഥുനത്തിലും കിലുക്കത്തിലും സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലുമെല്ലാം പരാധീനതകളില്‍ നിന്നും കെട്ടിയുയര്‍ത്തിയ ദീനതയുടയും കൊച്ചു തെമ്മാടിത്തത്തിന്റെയും സമ്മിശ്ര ഭാവം ചേര്‍ന്ന ലാലിനെ കാണാനാകും.

  ഒരു മദ്ധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മോഹന്‍ലാലിന്, ദാരിദ്ര്യത്തെയും പട്ടിണിയെയുമെല്ലാം ഇത്രയും സ്വാഭാവികതയോടെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞതിനെ തെല്ലരൊതിശയത്തോടെ വിസ്മയം എന്നല്ലാതെ മറ്റെന്ത് വിളിക്കണം എന്നറിയില്ല.
  ഈ സിനിമകളെയൊക്കെ പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് വിമര്‍ശിക്കുന്ന, മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിമര്‍ശകന് പോലും പട്ടിണിപുറത്ത് കൊച്ച് കുസൃതിത്തരം കൊണ്ട് വിലസിയ മോഹന്‍ലാല്‍ ഭാവങ്ങളെ ഉള്ളാലെയെങ്കിലും ആസ്വദിക്കാതിരിക്കാന്‍ കഴിയില്ല. തീര്‍ച്ച.

  ആ ലാല്‍ കഥാപാത്രങ്ങള്‍ക്കൊക്കെ ലാലിന്റെ ശരീര പ്രകൃതി കൂടി ഒപ്പിച്ചാകാം അക്കാലത്തെ എഴുത്തുകാര്‍ സവര്‍ണ്ണ പശ്ചാത്തലം നല്‍കി പോന്നിരുന്നു.
  എങ്കിലും ആ സിനിമകളിലെ സങ്കീര്‍ണമായ ജീവിതാനുഭവങ്ങള്‍ സമരസപ്പെട്ടത് ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരുടെ പട്ടിണിയോടും തൊഴിലില്ലായ്മയോടും കൂടിയായിരുന്നു.
  അങ്ങനെയാണ് മോഹന്‍ലാല്‍ വര്‍ഗ വര്‍ണ വ്യത്യാസങ്ങളില്ലാതെ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാകുന്നത്.

  ഒരു ശരാശരി മലയാളിക്ക് മോഹന്‍ലാല്‍ എന്ന് കേട്ടാല്‍ മനസ്സിലേക്ക് ഓടിയെത്തുന്ന രൂപം അത് കൊണ്ട് തന്നെ എണ്‍പത് തൊണ്ണൂറുകളിലെ മോഹന്‍ലാലിന്റെ രൂപമാകണം.മണ്ണെണ്ണ കുപ്പിയുമായി കുസൃതി ചിരിയോടി ഉമ്മറത്ത് നില്‍ക്കുന്ന ആ അയലോക്കത്തെ ചെക്കനാകണം.
  ആ കൊച്ചു തെമ്മാടിയാകണം
  അയാള്‍ മലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയിരിക്കുന്നത് ആ രൂപത്തിലാണ്.
  അന്നയാള്‍ മലയാളികളുടെ മനസ്സിലേക്ക് അടിച്ചു കയറ്റിയ ഫുള്‍ടേങ്ക് ഇന്ധനമാണ് ഇന്നും അയാളുടെ വിജയങ്ങളുടെ ഊര്‍ജ്ജം.

  Mohanlal Birthday Special Mashup

  ബിഗ് ബ്രദറിന് ശേഷവും പ്രിയപ്പെട്ട ലാലേട്ടന്റെ പുതിയ രൂപത്തിന് ഒട്ടും മുഷിപ്പില്ലാതെ കാത്തിരിക്കാന്‍ മലയാളി പ്രേക്ഷകനുള്ള ഊര്‍ജവും. വിരോധാഭാസമാണെങ്കിലും പറയട്ടെ,
  യുദ്ധങ്ങള്‍ കൊണ്ട് അധികവും തിന്മകള്‍ മാത്രം ഉണ്ടായ ചരിത്രമേ ഉള്ളുവെങ്കിലും , നമുക്ക് അനുഭവിക്കാന്‍ കൊച്ചുതെമ്മാടിയായ ഒരു മോഹന്‍ലാലിനെ ലഭിച്ചുവെന്ന ഒരു അപവാദവുമുണ്ടെന്ന് വെറുതെ പറയാം.
  അഭ്രപാളിയിലെ കുസൃതിത്തരങ്ങള്‍ക്ക് നന്ദി മോഹന്‍ലാല്‍.

  Read more about: mohanlal
  English summary
  Shafi Poovathingal Writes About How Mohanlal Became Lalettan Of All Keralites On His Birthday, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X