'അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍'; പാര്‍വതി ആരെന്ന് ഷമ്മി തിലകന്‍!
താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഭവത്തില്‍ താരസംഘടനയ്‌ക്കെതിരെ നടി പാര്‍വതി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ നടിമാരായ രചന നാരായണന്‍കുട്ടിയും ഹണി റോസും വിശദീകരണവുമായി എത്തിയിരുന്നു. എന്നാല്‍ തന്‌റെ വിശദീകരണ പോസ്റ്റിന് ലഭിച്ചൊരു കമന്റിനുള്ള രചനയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആരാണ് പാര്‍വതി എന്ന രചനയുടെ ചോദ്യമാണ് വിവാദമായത്.
രചനയുടെ ചോദ്യത്തിന് സോഷ്യല്‍ മീഡിയ തന്നെ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ താരങ്ങളായ ഹരീഷ് പേരടി, രേവതി സമ്പത്ത് തുടങ്ങിയവരും മറുപടിയുമായെത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു താരം കൂടി പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മുമ്പും അമ്മയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി തന്നെ തുറന്നടിച്ചിട്ടുള്ള നടന്‍ ഷമ്മി തിലകനാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷമ്മിയുടെ പ്രതികരണം.

ചോദ്യം ആരാണ് പാര്‍വതി? അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ എന്നായിരുന്നു ഷമ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാര്‍വതിയുടെ ചിത്രവും ഷമ്മി പങ്കുവച്ചിട്ടുണ്ട്. ഷമ്മി തിലകന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ ലഭിക്കുന്നുണ്ട്. ഷമ്മി ഹീറോയാണെന്ന് വീണ്ടും തെളിയിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. അതേസമയം വിവാദങ്ങളോട് പാര്‍വതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നേരത്തെ നടന്‍ ഹരീഷ് പേരടിയും ആരാണ് പാര്‍വതി എന്ന് പറഞ്ഞിരുന്നു. ''ആരാണ് പാര്‍വതി? ധൈര്യമാണ് പാര്‍വതി. സമരമാണ് പാര്‍വതി. ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതി. തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വതി'' ഹരീഷ് പേരടി കുറിക്കുന്നു. അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട് തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വതിയെന്നും അദ്ദേഹം പറയുന്നു. ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വതിയെന്നും പാര്‍വതി അടിമുടി രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നടി രേവതി സമ്പത്തും പ്രതികരണവുമായി എത്തിയിരുന്നു. 'രചന നാരായണന്‍കുട്ടിയുടെ 'ആരാണ് പാര്‍വതി 'എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന 'നാടക'സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാര്‍വതി, അതായത് രചന അടങ്ങുന്ന ആ സംഘടനയില്‍ പലര്‍ക്കും ഇല്ലാത്ത ഒന്ന് എന്നായിരുന്നു രേവതിയുടെ പ്രതികരണം.
Recommended Video

ആസ്ഥാനമന്ദിര ഉദ്ഘാടന വേദിയില്‍ അമ്മയുടെ എക്‌സിക്യൂട്ടിവ് അംഗങ്ങളായ നടിമാര്‍ക്ക് ഇരിപ്പിടം ലഭിക്കാത്തതാണ് വിവാദത്തിന് കാരണമായത്. ഹണി റോസും രചന നാരായണന്‍കുട്ടിയുമാണ് എക്‌സ്‌ക്യൂട്ടീവ് കമ്മറ്റിയിലെ വനിതകള്‍. തങ്ങളെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഇരുവരും രംഗത്ത് എത്തിയിരുന്നു. നടന്മാര്‍ക്ക് ഒപ്പം ഇരിക്കുന്ന ചിത്രവും രചന പങ്കുവച്ചിരുന്നു. ഇതിന് ലഭിച്ചൊരു കമന്റിന് നല്‍കിയ മറുപടിയാണ് രചനയുടെ ആരാണ് ഈ പാര്‍വതി എന്ന വിവാദമായ ചോദ്യം.


Click it and Unblock the Notifications











