'ടൈലര്‍ മണി വൈബ്'; വിന്‍സി പറഞ്ഞത് സ്‌റ്റോറിയിട്ട ഷൈന്‍; ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത് എന്തിന്?
കഴിഞ്ഞ ദിവസമാണ് നടി വിന്‍സി അലോഷ്യസ് നടത്തിയ തുറന്ന് പറച്ചില്‍ വാര്‍ത്തയാകുന്നത്. ഒരു സിനനിമയുടെ സെറ്റില്‍ വച്ച് പ്രധാന നടന്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടുവെന്നും ആ നടന്‍ തന്നോട് മോശമായി പെരുമാറിയെന്നുമാണ് വിന്‍സി ആരോപിച്ചത്. ഇപ്പോഴിതാ ആ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വ്യക്തമായിരിക്കുകയാണ്. വിന്‍സി തന്നെയാണ് നടന്റെ പേര് വെളിപ്പെടുത്തി അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കിയത്.
ഇതിനിടെ ഷൈന്‍ ടോം ചാക്കോയെ കൂടുതല്‍ ചോദ്യ മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒരു വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാവുകയാണ്. ഇന്ന് പുലര്‍ച്ചെ ഡാന്‍സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്ന ഷൈന്‍ ടോം ചാക്കോയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഹോട്ടലിലെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന് അറിഞ്ഞ് പരിശോധനയ്‌ക്കെത്തിയതായിരുന്നു ഡാന്‍സാഫ് സംഘം.

ഈ സമയമാണ് മൂന്നാം നിലയിലെ മുറിയില്‍ നിന്നും ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു ചര്‍ച്ച കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. സംഭവങ്ങള്‍ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആണ് ചര്‍ച്ചയാകുന്നത്. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഷൈന്‍ സ്റ്റോറിയായി പങ്കിട്ടത്.
''ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവമുണ്ടായി. അയാള്‍ സെറ്റിലിരുന്ന് വെള്ളപ്പൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല. നിലപാട് വ്യക്തമാക്കി വിന്‍സി അലോഷ്യസ്' എന്ന, നടിയുടെ ഫോട്ടോയടക്കമുള്ള ന്യൂസ് കാര്‍ഡ് ആണ് ഷൈന്‍ സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
''ടൈലര്‍ മണി വൈബ്‌സ്, ഇയാള്‍ വേറൊരു ഡൈമെന്‍ഷനിലാണ് ജീവിക്കുന്നത്, വല്ല ഹോമിയോ മരുന്നും ആകും, ഷൈന്‍ ഷൈനിനെതിരെ തന്നെ'' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. വിന്‍സി ആരോപണം ഉന്നയിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന കാര്യം പുറത്ത് വന്നിട്ടും ഷൈന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പിന്‍വലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഷൈനിനെതിരെ തുടരെ തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നടന്റെ സ്റ്റോറിയും ചര്‍ച്ചയാവുകയാണ്.
നേരത്തെ, സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ ലഹരി ഉപയോഗിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നുമാണ് വിന്‍സി ആരോപിച്ചത്. ആദ്യം വിന്‍സി നടന്റെ പേര് പറയാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ നടി അമ്മയ്ക്കും ഫിലിം ചേംബറിനും നടന്റെ പേര് സഹിതം തന്നെ പരാതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന കാര്യം പുറത്തായത്. സംഭവത്തില്‍ വിന്‍സിയില്‍ നിന്നും എക്‌സൈസ് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലഹരി ഉപയോഗിച്ച് നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും വളരെ മോശമായ രീതിയില്‍ പെരുമാറിയെന്നാണ് വിന്‍സി പറഞ്ഞത്. തന്റെ ഡ്രസിന്റെ ഷോള്‍ഡറിന് പ്രശ്‌നം വന്ന് ശരിയാക്കാന്‍ പോയപ്പോള്‍ നടന്‍ അടുത്തു വന്ന് ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കി താരം എന്ന് പറഞ്ഞുവെന്നാണ് വിന്‍സി ആരോപിച്ചത്. എല്ലാവരുടേയും മുന്നില്‍ വച്ച് തന്നെയാണ് നടന്‍ മോശമായി പെരുമാറിയത്. മറ്റൊരുദിവസം ഡാന്‍സ് പ്രാക്ടീസിനിടെ നടന്‍ വെള്ളപ്പൊടി തുപ്പുന്നത് കണ്ടുവെന്നും വിന്‍സി പറഞ്ഞിരുന്നു.
അതേസമയം ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവം നടനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഡാന്‍സാഫ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. ഷൈന്‍ ടോം ചാക്കോയും മറ്റ് രണ്ട് പേരും ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടി. എന്നാല്‍ മുറിയില്‍ നടന്ന പരിശോധനയല്‍ ലഹരി വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


Click it and Unblock the Notifications